പ്രളയബാധിതർക്ക് പൂർണ്ണ പിന്തുണയുമായി സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെയാണ് പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹമായ ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സഹായം സംബന്ധിച്ച കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യുമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തമേഖലയ്ക്കുള്ള ഫണ്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. നിലവിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമല്ല ഇതെന്നും വ്യക്തമാക്കി അദ്ദേഹം വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

