PRAVASI

അതിതീവ്ര മഴയിൽ കെഎസ്ഇബിക്ക് വൻ നാശനഷ്ടം; തകർന്നത് ആയിരക്കണക്കിന് പോസ്റ്റുകൾ, പൂർണ്ണമായും വെള്ളത്തിലായി 233 ട്രാൻസ്ഫോർമറുകൾ

Blog Image

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിൽ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച് 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 4 മണിവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 2,892 ട്രാൻസ്‌ഫോർമറുകളുടെ പ്രവർത്തനത്തെ മഴ ബാധിച്ചു. ഇതിൽ 233 ട്രാൻസ്‌ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇതിൽ 63,676 ഉപഭോക്താക്കൾക്ക് ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകാനുണ്ട്.

349 ഹൈ ടെൻഷൻ പോസ്റ്റുകളും 2,599 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 248 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 7,212 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കളെയാണ് വൈദ്യുതി തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വെള്ളം പൂർണ്ണമായും ഇറങ്ങിയതിനു ശേഷം മാത്രമേ സുരക്ഷ ഉറപ്പുവരുത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കൂ. വൈദ്യുതി പുനഃസ്ഥാപനം കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സർക്കിൾ തലങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. തകരാറുകൾ പരിഹരിക്കാൻ ഊർജ്ജിത ശ്രമം നടന്നുവരികയാണെന്നും, നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾ പരമാവധി സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.