ഞാൻ അന്നാമ്മ, എന്നോട് സ്നേഹമുള്ളവരൊക്കെ അന്നമ്മച്ചീന്നാ വിളിക്കുന്നേ. എന്റെ പൈലിച്ചായനെന്നെ അന്നക്കൊച്ചേന്നാ വിളിക്കുന്നേ കേട്ടോ. അപ്പനപ്പൂപ്പന്മാർക്കൊക്കെ ഇഷ്ടം പോലെ സൊത്താണ്ടായിരുന്നത് കൊണ്ട് നല്ല സ്ത്രീധനം തന്നാ എന്നെ കെട്ടിച്ചത്. പിന്നെ പൈലിച്ചായനും നല്ല അധ്വാനിയായിരുന്നേ. അതു കൊണ്ട് പണത്തിനും
പണ്ടത്തിനുമൊന്നും ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഒൻപത് മക്കളുണ്ട്. ആറ് ആൺ പിള്ളേരും, മൂന്നു പെൺമക്കളും. അവരൊക്കെ വല്യ നെലേലാ കേട്ടോ.ഒരെണ്ണത്തിനും പൈലിച്ചായന്റെ സ്വഭാവമില്ലന്നേ. പിന്നെ ത്യേസ്യാ കൊച്ചും മരിയാ കൊച്ചും മഠത്തിലാ കേട്ടോ.
എങ്ങനെ പറയാതിരിക്കും, എല്ലാർടെം വിചാരം ഇപ്പോ മാനത്തൂന്ന് പൊട്ടിവീണതാണെന്നാ, പിന്നെ പൈസേടെ ഹുങ്കും. എന്റെ പൈലിച്ചായൻ പാവമാ. എല്ലാവർക്കും എന്നാ സ്നേഹോം ബഹുമാനോം ആയിരുന്നെന്നറിയാവോ?
ഒട്ടും വിചാരിക്കാത്ത സമയത്തല്ലേ, അതിയാനെന്നെ ഇട്ടേച്ച് പോയേ. ഹാർട്ട് അറ്റാക്കായിരുന്നു. ഓ, എനിക്കതൊന്നും ഓർക്കാൻ മേല. പൈലിച്ചായനില്ലാതെ ഒന്നു ശ്വാസം എടുക്കാൻ പോലും എന്നെക്കൊണ്ട് പറ്റത്തില്ലായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞതാണെ. അതേ പിന്നെ ഒരാത്മാവും രണ്ട് ശരീരോമായി കഴിഞ്ഞവരാ ഞങ്ങൾ. അമ്പത് വർഷം അങ്ങനെ ജീവിച്ചിട്ട് ഇനി എന്നെക്കൊണ്ട് പറ്റ്വോ അവിടൊറ്റക്ക് കഴിയാൻ.
പൈലിച്ചായൻ ഉള്ളതു വരെ എല്ലാം അതിയാന്റെ ഒരു നിയന്ത്രണത്തിലായിരുന്നേ. അതിയാനങ്ങു പോയി കഴിഞ്ഞ്, രണ്ടാഴ്ച കഴിഞ്ഞു കാണും, മക്കൾക്കെല്ലാം തിരിച്ചു പോണം, എല്ലാർക്കും ഭയങ്കര തിരക്കല്ലേ.
അതുമല്ല എല്ലാവർക്കും കൂടി പറയാൻ ഒരു ആവശ്വോം.
സൊത്തു ഭാഗം വക്കണം പോലും!
"അപ്പനെ കുഴീലോട്ട് കിടത്താൻ നോക്കിയിരിക്കുവായിരുന്നോടാ എല്ലാരും, സൊത്തു ഭാഗംവപ്പിക്കാൻ?"
ദേഷ്യമാണോ, സങ്കടമാണോന്നറിയത്തില്ല. എനിക്കങ്ങ് പൊട്ടിക്കരയാനാ തോന്നിയേ. പിന്നെയോർത്തു, ഇനി ഇതിന്റെ പേരും പറഞ്ഞ് സ്വന്തം മക്കള് തമ്മി തല്ലുന്നത് കാണണ്ടല്ലോന്ന്.
" അതുപിന്നെ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താ അപ്പനങ്ങു പോയേ, ഇനി അമ്മച്ചിക്കും കൂടി വല്ലോം പറ്റി പോയാപ്പിന്നെ, എല്ലാ മക്കൾടെം സ്വഭാവം അമ്മച്ചിക്ക് നല്ല പോലറിയാവുന്നതല്ലെ?"
ഹാ, ഇതും കൂടി കേട്ട് കഴിഞ്ഞപ്പോ എനിക്ക് തൃപ്തിയായി. ഞങ്ങടെ മൂത്ത മകൻ മാത്യൂസിന്റെ അഭിപ്രായമാ ഇപ്പോൾ കേട്ടത്. ഇനിയിപ്പോ ഭാഗം വെക്കലുനീട്ടിവയ്ക്കണ്ട. അതിനുള്ള കാര്യങ്ങളെല്ലാം നോക്കിക്കൊളാൻ മക്കളോട് ഞാൻ പറഞ്ഞു. എല്ലാം എന്നാ പെട്ടെന്നാ നടന്നേന്നറിയാവോ? മക്കൾക്ക് സൊത്തിന്റെ കാര്യത്തിൽ ഇത്ര ശുശ്ക്കാന്തിയുണ്ടെന്ന് എന്റെ അന്തോണീസ് പുണ്യാളനാണേ സത്യം, അന്നാ എനിക്ക് മനസിലായത്.

അപ്പോ, അടുത്ത പ്രശ്നം പൊങ്ങി വന്നു. അമ്മച്ചിയെ ആരു നോക്കും? ആ കാര്യത്തിലും എല്ലാർക്കും ഒരൊറ്റ അഭിപ്രായം, എല്ലാർക്കും തിരക്കാണ്, അതു കൊണ്ട് അമ്മച്ചിയെ ഓൾഡ് ഏജ് ഹോമിലാക്കാം. നഗരത്തിൽ പണക്കാരുടെ അപ്പന്മാരും അമ്മമാരും മാത്രം താമസിക്കുന്ന ഏതോ മുന്തിയ ഒരിടമുണ്ടെന്ന്. എന്നെ അവിടെക്കൊണ്ടാക്കാമെന്ന്. ഇതിൻ്റെ പിറകിൽ ത്യേസ്യാ കൊച്ചിൻ്റെയും മറിയ കൊച്ചിൻ്റെയും കൈ കടത്തലുണ്ടെന്ന് എനിക്ക് നല്ല സംശയമുണ്ട്.സത്യം പറയാമല്ലോ എൻ്റെ പൈലിച്ചായൻ വെച്ച ഈ വീട്ടിൽ തന്നെ കിടന്നു ചാവണം എന്നാരുന്നേ എനിക്കും. അതുകൊണ്ട് അവിടം വിട്ട് പോവുന്ന കാര്യം എന്നെക്കോണ്ടോർക്കാൻ പോലും പറ്റുകേലാരുന്നു.
പൈലിച്ചായൻ പോയില്ലേ, ഇനി ഞാനാ വീട്ടിൽ നിന്നിട്ടെന്നാത്തിനാ ?
പിന്നെ, തോന്നി ഞാൻ ആർക്കും ഒരു ബാധ്യതയാവരുതെന്ന്. പിറ്റേന്ന് തന്നെ പോകാമെന്നു തീരുമാനിച്ചു. അന്നു വൈകിട്ട് പൈലിച്ചായന്റെ ഫോട്ടോയും കെട്ടിപ്പിടിച്ച് ഞാൻ കുറെ കരഞ്ഞു. ഇനി ഈ മണ്ണിലോട്ടൊരു തിരിച്ചു വരവുണ്ടായിരിക്കില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എൻ്റെയും പൈലി ച്ചായൻ്റെയും വിയർപ്പിൻമേലുള്ള എൻ്റെ അവസാന ഉറക്കം ആണിന്ന്. എപ്പോഴാണാവോ ഉറങ്ങിയത്,അറിയില്ല. നേരം വെളുക്കുന്നേനു മുന്നേ തന്നെ ഞാൻ അന്നെണീറ്റായിരുന്നു കേട്ടോ. കണ്ണുത്തുറന്നു നോക്കുമ്പോ, ദാണ്ടേ പൈലിച്ചായൻ നിക്കുന്നു. ശ്ശോ, ഇതെന്നതാ സ്വപ്നമാണോ അതോ നേരാണോന്നറിയാതെ ഞാൻ പകച്ചു നിക്കുവായിരുന്നു.
"എടീ, അന്നക്കൊച്ചേ നീയിങ്ങനെ കുന്തം വിഴുങ്ങിയപ്പോലെ നിൽക്കാതെ ,വാ നമുക്ക് പോവാം. അവിടെ നീയില്ലാതെ ഒരു രസോമില്ലെടീ, വാ നമുക്കങ്ങു പോയേക്കാം."
"എന്റെ പൈലിച്ചായാ, നിങ്ങൾക്കിപ്പോഴേലും ഇതു തോന്നിയല്ലോ, ഞാൻ ഇവിടെങ്ങനാ ജീവിക്കുന്നേന്ന് നിങ്ങളൊന്നോർത്തോ മനുഷ്യാ?"
" ഹാ, അതെല്ലാം മനസ്സിലായെന്റന്നകൊച്ചേ, അതുകൊണ്ടല്ലേ ഞാൻ ഇങ്ങു പൊന്നേ?"
" ഇപ്പോ ആശ്വാസമായി പൈലിച്ചായാ, വാ നമുക്കു പോയേക്കാം."
അങ്ങനെ ജീവിതത്തിൽ ഒരുമിച്ചായിരുന്ന ഞങ്ങൾ മരണത്തിനു ശേഷവും ഒന്നിച്ചു .
അന്നു രാവിലെ ഓൾഡ് ഏജ് ഹോമിൽ കൊണ്ടാക്കാനായിട്ട് ,അവരന്നെ വന്നു നോക്കുമ്പോൾ അനക്കമില്ല. ഇളയ മകൻ ജോണി ഡോക്ടറാ. അവൻ നോക്കീട്ട് പറഞ്ഞു, സൈലൻറ് ഹാർട്ട് അറ്റാക്കായിരുന്നെന്ന്. ങാ, എന്നാണെലും ഒരു ഏജ് ഹോമിലും പോവാതെ എന്റെ പൈലിച്ചായൻ എന്നെ രക്ഷിച്ചൂന്ന് പറഞ്ഞാ മതിയല്ലോ?
ഇതിപ്പോ,ഞങ്ങളിങ്ങു പോന്നിട്ട് ഒരു വർഷം കഴിഞ്ഞേ. അപ്പന്റെം അമ്മച്ചീടെം ആണ്ട് ഒരുമിച്ച് ഗംഭീരമായിട്ട് ആഘോഷിക്കുവാ അവിടെ. മക്കളും മരുമക്കളും പേരക്കുട്ടികളും ബന്ധുക്കളും എന്നുവേണ്ട ഒരു മാതിരിപ്പെട്ട എല്ലാവരും വന്നിട്ടുണ്ട്. ഏറ്റവും രസം എന്നാന്നറിയാവോ? എല്ലാരും ഒരുപോലത്തെ ഉടുപ്പൊക്കെയിട്ട്, എന്തോ കല്യാണത്തിനൊരുങ്ങി നിൽക്കുന്നപ്പോലുണ്ട്.
"പൈലിച്ചായാ, നോക്കിക്കേ നമ്മുടെ റീനേടെ ഇളയ കൊച്ചിനെ. അവനിപ്പോ രണ്ട് വയസ്സൊണ്ട്. കൊച്ചിനെ ഒന്ന് കൊണ്ട് കാണിക്കാൻ അവളോട് പറഞ്ഞപ്പോ, അവൾ പറഞ്ഞതോർക്കുന്നുണ്ടോ? അവടിച്ചായനു തിരക്കാണ് പോലും. പൈലിച്ചായനിങ്ങോട്ട് നോക്കിക്കേ, അവനിച്ചായന്റെ ഒരു ഛായ ഉണ്ട്. അല്ലായോ?"
"ഞാനെല്ലാം കാണുന്നുണ്ടെന്റെ അന്ന കൊച്ചേ."
ആഘോഷങ്ങളെല്ലാം തകൃതിയാങ്ങനെ നടക്കുന്നുണ്ട്.
ശ്ശെടാ, ഇതൊന്നുമല്ല പിള്ളേരേ ഞാൻ പറയാൻ വന്നത്.
" അതേ ജീവിച്ചിരിക്കുമ്പോഴേ നമുക്കെല്ലാർക്കും സ്നേഹം കൊടുക്കാനും വാങ്ങാനുമൊക്കെ കഴിയത്തൊള്ളു. അല്ലാതെ വർഷാവർഷം ഇങ്ങനെ ആണ്ടും സംക്രാന്തിയുമൊക്കെ നടത്തീട്ട് എന്നാ കിട്ടാനാ? ആരെ കാണിക്കാനാ? അതു കൊണ്ട് ബന്ധങ്ങൾക്കെപ്പോഴും വില നൽകണം മക്കളെ. ആരാ, എപ്പോഴാ,എങ്ങനാ അങ്ങ് പോവുന്നേന്ന് ആർക്കറിയാം?"
"പൈലിച്ചായോ, പിള്ളേർക്ക് കാര്യങ്ങളൊക്കെ മനസിലായിക്കാണും. ഇനിയിപ്പോ ഇവിടെ നിക്കേണ്ട കാര്യമില്ലല്ലോ, വാ പോയേക്കാം."

ബബിത തുരുത്തേൽ

