ഫിലഡൽഫിയ: ഇന്ത്യൻ ശാസ്ത്രീയ കലാരംഗത്തെ സമർപ്പിതമായ പ്രവർത്തനങ്ങൾക്കും കലാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി പ്രശസ്ത നർത്തകിയും അധ്യാപികയും ശിവ മുരളി കലാക്ഷേത്രയുടെ സ്ഥാപകയും ഡയറക്ടറുമായ ഗുരു അഞ്ജലി മുരളീധരന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ ഡിസ്റ്റിങ്ക്വിഷ്ഡ് ആർട്ടിസ്റ്റ് അവാർഡ് സമ്മാനിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനിബന്ധിച്ചു നടന്ന പുരസ്കാരദാന ചടങ്ങിൽ കേരള നിയമസഭാ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്, ഗുരു അഞ്ജലി മുരളീധരന് പുരസ്കാരം സമ്മാനിച്ചു. ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലികാല, ജനറൽ സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്ന് സ്വർണമെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഗുരു അഞ്ജലി മുരളീധരൻ കഴിഞ്ഞ 33 വർഷമായി ഭരതനാട്യം, മോഹിനിയാട്ടം, കർണാടക സംഗീതം എന്നീ കലാരൂപങ്ങളുടെ പഠനം, അധ്യാപനം, അവതരണം, കലാ പ്രചാരണം എന്നിവയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
നൃത്ത-സംഗീത രംഗത്തെ പ്രവർത്തനങ്ങൾക്ക് പുറമെ മലയാള ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിലും ഗുരു അഞ്ജലി ശ്രദ്ധേയമായ സാന്നിധ്യമാണ്. ‘ലൗഡ് സ്പീക്കർ’, ‘കാമൽ സഫാരി’ തുടങ്ങിയ മലയാള ചിത്രങ്ങളിലും ‘യുവ്’ ആൽബത്തിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
പെൻസിൽവാനിയയിലെ എക്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവ മുരളി കലാക്ഷേത്രയിലൂടെ 250-ലധികം വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ശാസ്ത്രീയ കലകളിൽ പരിശീലനം നൽകിവരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കർണാടക സംഗീതം തുടങ്ങിയ കലാരൂപങ്ങളിൽ പുതുതലമുറയെ പരിശീലിപ്പിക്കുന്നതിലൂടെ ഇന്ത്യൻ കലാപാരമ്പര്യം അമേരിക്കൻ മണ്ണിൽ സജീവമായി നിലനിർത്തുന്നതിൽ ഗുരു അഞ്ജലിയുടെ പങ്ക് ശ്രദ്ധേയമാണ്.
നൃത്തവും സംഗീതവും വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന ശിവ മുരളി കലാക്ഷേത്ര, ഇന്ത്യൻ ശാസ്ത്രീയ കലകളെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി മാറിയിട്ടുണ്ട്. പ്രവാസി സമൂഹത്തിലെ കുട്ടികളിലും യുവാക്കളിലും ഇന്ത്യൻ കലകളോടുള്ള താൽപര്യം വളർത്തുന്നതിനും കലാപാരമ്പര്യത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും ഗുരു അഞ്ജലി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.
അമേരിക്കയിലെ പ്രവാസി സമൂഹത്തിൽ ഇന്ത്യൻ ശാസ്ത്രീയ കലകളുടെ വളർച്ചയ്ക്കും പ്രചാരണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇന്ത്യൻ കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ കലാകാരന്മാർക്കും അധ്യാപകർക്കുമുള്ള നിർണായക പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായി ഡിസ്റ്റിങ്ക്വിഷ്ഡ് ആർട്ടിസ്റ്റ് അവാർഡ് നൽകി ഗുരു അഞ്ജലി മുരളീധരനെ ആദരിച്ചതെന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
പ്രവാസി സമൂഹത്തിൽ കലാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും ഗുരു അഞ്ജലിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പുരസ്കാരം സ്വീകരിച്ച ഗുരു അഞ്ജലി മുരളീധരനെ പ്രവാസി മലയാളി സമൂഹത്തിലെ പ്രമുഖരും കലാ-സാംസ്കാരിക രംഗത്തെ പ്രവർത്തകരും അഭിനന്ദിച്ചു. ഇന്ത്യൻ ശാസ്ത്രീയ കലകളെ അടുത്ത തലമുറയിലേക്ക് പകർന്നുനൽകുന്നതിനും കലയും സംസ്കാരവും സംരക്ഷിക്കുന്നതിനും ഗുരു അഞ്ജലി നടത്തുന്ന ദീർഘകാല പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം ഏറെ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.



