ഫിലഡൽഫിയ: ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24 നു വൈകിട്ട് 6.30 നടന്ന സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തര അമേരിക്കയിൽ നിന്നും ഐ.പി.സി., എൻ.ആർ.ഐ. പ്രതിനിധികളും സന്നിഹിതരായിരുന്നു. ഈ പ്രഥമ സമ്മേളനത്തിൽ തന്നെ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി.
ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കൺവീനർ ഡോ. ജോർജ് മാത്യു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ സ്വാഗതം ചെയ്തു. ഗായക സംഘത്തിന്റെ അനുഗൃഹീതമായ സംഗീത ശുശ്രൂഷകൾ അവിസ്മരണീയമായിരുന്നു.
ഡോ. വൽസൻ ഏബ്രഹാം, റവ. നൂറുദ്ദീൻ മുള്ള എന്നിവർ മുഖ്യ പ്രഭാഷണം ചെയ്തു. ഐ.പി.സി. ജനറൽ സെക്രട്ടറി റവ. ഡോ. ബേബി വറുഗീസ്, ഗ്ലോബൽ ട്രഷറർ ഏബ്രഹാം വറുഗീസ് തുടങ്ങിയ നാഷണൽ ഭാരവാഹികളും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.
ശനിയാഴ്ച രാവിലെ മുതൽ വിവിധ മീറ്റിംഗുകൾ തുടരും. രാവിലെ 11 മുതൽ നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ബിമൽ ജോൺ, ജോയ് തുമ്പമൺ, റവ. ഡോ. ക്രിസ് ജാക്‌സൺ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു യുവജന മീറ്റിംഗുകൾ, സഹോദരിമാരുടെ സമ്മേളനങ്ങൾ, വൈകിട്ട് 6.30 നു പൊതു സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന സഭായോഗത്തിൽ കർത്തൃമേശയും ഉണ്ടായിരിക്കും.




