PRAVASI

'ജാനകി രക്ഷിക്കപ്പെട്ടു'

Blog Image

പൊടിയന്‍ പുലയന്‍റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകുമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം.
തുണയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്കു വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷനു പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടു വെച്ചത്.
'എടാ പൊടിയാ-നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണുവേണം. ഇവിടെ എന്‍റെ പെണ്‍കൊച്ച് ജാനകി വെറുതേ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍ കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിങ്ങാണ്ടാ പൊറുതി. നിന്‍റെ പൊടികൊച്ചിനു മുലകൊടുക്കുവാന്‍ ഒരാളു- വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടുപോ'.
നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു നന്നേ പിടിച്ചു. അങ്ങനെ അയാളേക്കാള്‍ പത്തിരുപതു വയസു പ്രായക്കുറവുള്ള ജാനകി അയാള്‍ക്കും പൊടിക്കുഞ്ഞിനും ഒരു തുണയായി, ഇണയായി കൂടെക്കൂട്ടി.
ഒരു ചെറിയ ചെറ്റക്കുടിലിലായിരുന്നു അവരുടെ താമസം. ചെറ്റക്കുടിലില്‍ താമസിക്കുന്നവരെ 'ചെറ്റകള്‍' എന്നു വിളിക്കുന്ന ഒരു 'സംസ്കാരം' അന്നു തുടങ്ങിയിട്ടില്ലായിരുന്നു.


വലിയ 'പ്രൈവസി' ഒന്നുമില്ലെങ്കില്‍ത്തന്നെയും, ചെറ്റക്കുടിലുകള്‍ സന്താനോല്പാദനത്തിന് ഒരിക്കലും ഒരു തടസ്സമായിരുന്നില്ല. ഒരു കൂരക്കീഴില്‍ തട്ടിയും മുട്ടിയും കഴിഞ്ഞ അവരുടെ ദാമ്പത്യവല്ലരിയില്‍ മൂന്നു കുസുമങ്ങള്‍ കൂടി വിരിഞ്ഞു.
ആ ഒരു കാലഘട്ടത്തിന്‍റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍ മൂന്നാം ക്ലാസ്സില്‍ വെച്ചു തന്നെ സുകുമാരന്‍ പഠനം നിര്‍ത്തി. എന്നാല്‍, ഒരേ ക്ലാസില്‍ തന്നെ രണ്ടും  മൂന്നും വര്‍ഷം പഠിക്കേണ്ടി വന്നതിനാല്‍ മലയാള അക്ഷരമാലയൊക്കെ സുകുമാരനു ഹൃദിസ്ഥമായിരുന്നു.
പൊടിയന്‍ പുലയന്‍റെ പെങ്ങളൂട്ടി തങ്കയുടെ മകള്‍ തങ്കമണി വകയില്‍ സുകുമാരന്‍റെ മുറപ്പെണ്ണാണ്. സുകുമാരന്‍ തന്‍റെ മനസ്സില്‍ തങ്കമണിക്കുവേണ്ടി സ്വപ്നം കൊണ്ടൊരു തങ്കക്കൊട്ടാരം തീര്‍ത്തിരുന്നു. എന്നാല്‍, പത്താം ക്ലാസ്സില്‍ തോറ്റെങ്കിലും പാടത്തു പണിയെടുക്കുവാന്‍ പോകാത്ത പരിഷ്കാരിയായ തങ്കമണി പത്തനംതിട്ട 'പയനിയറില്‍' ട്യൂട്ടോറിയല്‍ കോളജില്‍ തന്‍റെ പഠനം തുടര്‍ന്നു.
തങ്കമണിയുടെ തിളങ്ങുന്ന സ്വപ്നങ്ങളിലെ, നിഴലുകളില്‍പോലും സുകുമാരന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
സുകുമാരന്‍റെ വേദനിക്കുന്ന മനസ്സിനുള്ളില്‍ ഒരു കവി ഹൃദയമുണ്ടായിരുന്നു. തങ്കമണിയുടെ മുഖത്ത് ആസിഡ് ഒഴിക്കുവാനോ, കരിക്കിന്‍ വെള്ളത്തില്‍ എലിവിഷം ചേര്‍ത്ത് അപായപ്പെടുത്തുവാനോ ഉള്ള ആധുനിക കാമുക പ്രതികാര വിദ്യകളൊന്നും ആ ശുദ്ധമനസ്സില്‍ ഇടം തേടിയില്ല.
പകരം തന്‍റെ മനസ്സിന്‍റെ വിങ്ങലുകള്‍ അയാള്‍ കവിതകളിലൂടെ കടലാസ്സില്‍ പകര്‍ത്തി.
'ആട്ടിടയനും കോളേജ് കുമാരിയും' എന്ന പേരില്‍ ഒരു കവിത എഴുതി; അതില്‍ തെറ്റു വല്ലതുമുണ്ടെങ്കില്‍ തിരുത്തികൊടുക്കണമെന്നു പറഞ്ഞു എന്നെയേല്‍പ്പിച്ചു. ഞാനൊരു പണ്ഡിതനാണെന്നു ആ പാവം തെറ്റിദ്ധരിച്ചു കാണും. അന്നും ഇന്നും കവിതയുമായി എനിക്കൊരു ബന്ധവുമില്ല'.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരെ ചൊവ്വേ അങ്ങു പറഞ്ഞാല്‍പ്പോരേ എന്ന പിന്തിരിപ്പന്‍ ചിന്താഗതിക്കാരനാണു ഞാന്‍. എന്തിനു കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അവിടെയുമിവിടെയും അടുക്കിവെച്ച് വായനക്കാരെ ബുദ്ധിമുട്ടിക്കണം?
നേഴ്സിംഗ് പഠനത്തിനായി തങ്കമണി ബോംബെക്കു പോയെന്നും അവിടെവെച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നുമുള്ള ഒരു വാര്‍ത്ത പില്‍ക്കാലത്ത് കേട്ടിരുന്നു.
ഒരു അവധിക്കാലത്ത് ഞാന്‍ നാട്ടിലുള്ളപ്പോള്‍ ജാനകി എന്നെ കാണാന്‍ വന്നിരുന്നു.
"എന്തുണ്ട് ജാനകി വിശേഷം?"
'ഒന്നുമില്ല കുഞ്ഞേ! വന്നിട്ടുണ്ടെന്ന് മൂലേക്കോണിലെ ജോയിച്ചായന്‍ പറഞ്ഞു. എന്നാല്‍ ഒന്നു കണ്ടേച്ചു പോകാമെന്നു കരുതി.
"കൈയിലെന്താ ഒരു പുസ്തമിരിക്കുന്നത്?"
"ഓ-അതോ-വേദപുസ്തകമാണ്. ഞാനീയിടെ രക്ഷിക്കപ്പെട്ടപ്പോള്‍ തേവുപാറേ മറിയക്കുട്ടിയമ്മാമ്മ തന്നതാണ്- ഇത് എപ്പോഴും കൈയില്‍ കൊണ്ടു നടക്കണമെന്നു പറഞ്ഞു".
ജാനകി എന്‍റെ മുന്നില്‍ തറയിലിരുന്നു.
"എങ്ങനെയാണു ജാനകീ രക്ഷിക്കപ്പെട്ടത്?"
"എന്‍റെ പൊന്നു കുഞ്ഞേ!" പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാനൊരു വെള്ളിയാഴ്ചദിവസം മൈലപ്രാ പഞ്ചായത്തു പടിക്കല്‍വരെ പോകാന്‍ ഇറങ്ങിയതാണ്. മണിയാറ്റു പടിക്കല്‍ ഒരു പാലമരം നില്‍പ്പുണ്ടല്ലോ. ആ മരച്ചുവട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് എന്‍റെ കണ്ണിന്‍റെ കാഴ്ച പോയി. പെട്ടെന്ന് ഇടിമുഴങ്ങുന്നതുപോലെ ഒരു ശബ്ദം. ഞാനാകെ പേടിച്ചു പോയി. അന്നു തുടങ്ങിയതാ ഈ വിറയല്‍.
'ജാനകീ, നീ പഞ്ചായത്തു പടിക്കല്‍ പോകണ്ടാ. ആ വളവിനു തേവുപാറ മറിയക്കുട്ടിയുടെ വീട്ടില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്. നീ അവിടെ കയറണം. ബാക്കികാര്യം മറിയക്കുട്ടി സഹോദരി പറയും'.
പെട്ടെന്ന് എനിക്കു കാഴ്ച തിര്യെ കിട്ടി. ആരോ എന്നെ പിടിച്ചു വലിച്ചു തേവുപാറ എത്തിച്ചു. അവിടെ കുറേ സഹോദരിമാര്‍ പാട്ടു പാടി പ്രാര്‍ത്ഥിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ഞാന്‍ രക്ഷിക്കപ്പെടണമെന്നു പറഞ്ഞു. മറിയക്കുട്ടിയമ്മാമ്മ പറഞ്ഞതൊക്കെ ഞാന്‍ ഏറ്റുപറഞ്ഞു. കര്‍ത്താവ് നിന്‍റെ പാപമെല്ലാം ക്ഷമിച്ചുവെന്നും ഇനി നീ സ്വര്‍ഗ്ഗരാജ്യത്തിനു അവകാശിയാണെന്നും പറഞ്ഞു. എന്നിട്ടു തന്നതാണ് ഈ വേദപുസ്തകം.."
"ജാനകി എന്തു പാപമാണു ചെയ്തത്?" ചില പുരോഹിതന്മാര്‍ കുമ്പസ്സാരത്തിനിടയില്‍ കിഴിഞ്ഞു ചോദിക്കുന്നതു പോലെ ഞാന്‍ ചോദിച്ചു.
"അതു പിന്നെ നമ്മളെല്ലാം പാപികളായിട്ടാണു ജനിച്ചതെന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്."
"ജാനകി വേദപുസ്തകം വായിക്കാറുണ്ടോ?"
എന്‍റെ കുഞ്ഞേ!  എനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല. പിന്നെ ഞാന്‍ എങ്ങിനെ വായിക്കുവാനാണ്. 
"ആട്ടെ! സ്വര്‍ഗ്ഗത്തില്‍ പോയതുകൊണ്ട് എന്താണു ഗുണം?" എന്നിലെ സാത്താന്‍ പത്തിവിടര്‍ത്തി.
'അവിടെ നമ്മള്‍ക്ക് എപ്പോഴും ആനന്ദമാണ്. ദൈവത്തിന്‍റെ മുന്നില്‍ സര്‍വ സമയവും കൈകൊട്ടി പാട്ടുപാടിക്കൊണ്ടിരിക്കാം. പിന്നീട് നമ്മള്‍ ഒരിക്കലും മരിക്കില്ല. നിത്യജീവന്‍ പ്രാപിക്കും."
"അപ്പോള്‍ അവിടെ തീനും, കുടിയും, ഊണും, ഉറക്കവുമൊന്നുമില്ലേ?"
"അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്."
ഇതുപോലെ ചില മറിയക്കുട്ടിയമ്മാമ്മമാര്‍ എല്ലാ സഭയിലുമുണ്ട്. പള്ളിയില്‍ പോകും. എന്നാല്‍ പള്ളീലച്ചന്‍റെ പ്രാര്‍ത്ഥന അത്ര പോരാ എന്നു തോന്നലുകൊണ്ടാവാം ഇവര്‍ കുറച്ചു പെണ്ണുങ്ങള്‍ ചേര്‍ന്ന് അച്ചനറിയാതെ ഒരു ഗ്രൂപ്പുണ്ടാക്കും. 'പ്രേയര്‍ ലൈന്‍' എന്നൊരു ഫോണ്‍ കൂട്ടായ്മയുണ്ട.് സ്വന്തം മക്കളുടെ കുറ്റങ്ങളും കുറവുകളും ഈ ഗ്രൂപ്പില്‍കൂടി വിളിച്ചു പറയും. എന്നിട്ട് വഴിതെറ്റിപ്പോയ ആ കുഞ്ഞാടുകള്‍ക്കായി എല്ലാവരും കൂടി നെഞ്ചത്തടിച്ചു നിലവിളിച്ചു പ്രാര്‍ത്ഥിക്കും. അങ്ങനെ സ്വന്തം പിള്ളാരെ സമൂഹത്തില്‍ നാറ്റിക്കും.
'നിന്‍റെ ദൈവമായ കര്‍ത്താവിന്‍റ നാമം വൃഥാ ഉപയോഗിക്കരുത്'. എന്ന തിരുവചനം പെട്ടെന്ന് ഓര്‍മ്മ വന്നതുകൊണ്ട് ഞാന്‍ പിന്നീട് ജാനകിയോടു മറ്റു ചോദ്യങ്ങളൊന്നും ചോദിച്ചില്ല.
'എന്നാല്‍ ഞാനിറങ്ങുവാ കുഞ്ഞേ! ഇനി എന്നെങ്കിലും കണ്ടാലായി.' ജാനകി എഴുന്നേറ്റു. ഞാന്‍ കൊടുത്ത ചെറിയ സംഭാവന രണ്ടു കണ്ണിലും മുട്ടിച്ചിട്ട് മടിയില്‍ തിരുകി.
"കുഞ്ഞിനെ ഭഗവാന്‍ അനുഗ്രഹിക്കും....." 
"ദേവീ.... എന്നു നീട്ടി വിളിച്ചുകൊണ്ട് ജാനകി യാത്രയായി. കഴിഞ്ഞ ആഴ്ച അവര്‍ മരിച്ചുപോയി എന്ന വാര്‍ത്ത കേട്ടു."
'പട്ടിണിയും, വിശപ്പും, ദാഹവുമൊന്നുമില്ലാത്ത ഒരു സ്വര്‍ഗ്ഗത്തില്‍ അവര്‍ ദൈവത്തിന്‍റെ മുന്നില്‍ നാടന്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുകയായിരിക്കും.'
'കുറി വരച്ചാലും - കുരിശുവരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും
കാണുന്നതും കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന്... ദൈവം ഒന്ന്...'
എല്ലാവര്‍ക്കും ഈസ്റ്റര്‍ വിഷു ആശംസകള്‍.!

രാജു മൈലപ്രാ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.