എൻ്റെ പുതിയ പുസ്‌തകമായ 'ജോസ് കെ.മാണി പാലായുടെ പാലകൻ' ഹരിതം ബുക്സിലൂടെ വായനക്കാരുടെ പക്കലേക്ക് എത്തിയിരിക്കുന്നു.
കേരളം രാഷ്ട്രീയബോധമുള്ള ജനങ്ങളുടെ നാടായതുകൊണ്ട് ഒരു രാഷ്ട്രീയനേതാവിനെക്കുറിച്ച് എഴുതുന്നത് എപ്പോഴും വെല്ലുവിളിയാണ്. എങ്കിലും ഈ രാഷ്ട്രീയസാഹചര്യത്തിൽ ജീവിക്കുന്ന ഒരാളെന്ന നിലയിലും, ദിശാബോധവും ദൂരദർശിത്വവുമുള്ള ജോസ് കെ മാണി എന്ന രാഷ്ട്രീയാചാര്യൻ്റെ മണ്ഡലത്തിൽ താമസിക്കുന്നയാളെന്ന നിലയിലും പാലായിലെയും കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെയും
വികസനപ്രവർത്തനങ്ങൾ ഓരോന്നും ഞാൻ കണ്ടറിഞ്ഞതാണ്. അക്കാര്യങ്ങൾ സത്യസന്ധമായി എൻ്റെ വായനക്കാരോട് പങ്കുവക്കണം എന്ന് തോന്നി. ഒരാളെ മനസ്സിലാക്കുക എന്നാൽ അവരുടെ ജീവിതകഥ വായിക്കുക മാത്രമല്ല, അവരെ രൂപപ്പെടുത്തിയ സമൂഹത്തെയും കാലഘട്ടത്തെയും അറിയുക എന്നതുകൂടിയാണ്.
ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ, ദൂരദർശിത്വവും ദാർശനിക ചിന്താസരണിയുമുള്ള നയതന്ത്രജ്ഞനാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസ-സാങ്കേതിക മേഖലകളുടെ സമഗ്ര ഉന്നമനത്തിനും വഴിതെളിച്ച അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം, വികസനകേന്ദ്രീതമായ ലക്ഷ്യങ്ങളാൽ നിർവ്വചിക്കപ്പെടുന്ന രാഷ്ട്രീയ യാത്രയെ അടയാളപ്പെടുത്തുന്നു.
ആശയങ്ങളും നിലപാടുകളും ചാഞ്ചാടുന്ന രാഷ്ട്രീയ പോർക്കളത്തിൽ, അധികാരത്തി നായുള്ള ഏറ്റുമുട്ടലിൽ സത്യത്തിനും നീതിക്കും പകരം അപവാദങ്ങളും അസത്യങ്ങളും ആയുധങ്ങളാക്കി മാറ്റുമ്പോൾ. എന്നെ കൂടുതൽ ആകർഷിച്ചത് ശ്രീ. ജോസ് കെ മാണിയുടെ പക്വതയാർന്ന പെരുമാറ്റമായിരുന്നു. രാഷ്ട്രിയത്തെ വൈരാഗ്യത്തിൻ്റെ വേദിയാക്കി മാറ്റാതെ എതിർപാർട്ടിക്കാരെ ആശയവ്യത്യാസമുള്ള സഹപ്രവർത്തകരായി കണ്ട് മാന്യമായും സമത്വബോധത്തോടെയും പ്രതികരിക്കാൻ കഴിയുന്നത് നല്ല വ്യക്തിത്വത്തിന്റെയും സംസ്കാര ത്തിന്റെയും പ്രതീകമാണ്. മാന്യതയുള്ള രാഷ്ട്രീയ സംസ്‌കാരം എന്നും ജനാധിപത്യത്തിന്റെ ശക്തിയാണ്. മനുഷ്യരോടുള്ള കരുതലിൽ തെളിവുകളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ രിതിയെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.
പാലായുടെ മാണിക്യമായിരുന്ന കെ.എം മാണി സാറിൻ്റെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ്(എം) അമരക്കാരനായി പാർട്ടിയെ നയിക്കുന്ന ശ്രീ. ജോസ് കെ മാണിയുടെ ജീവിതവും കൂടുതൽ പ്രവർത്തനങ്ങളും പാലാക്കാർക്ക് വേണ്ടി ആയിരുന്നു. അദ്ദേഹം എന്നും പാലായെ പരിപാലിക്കുന്നവനാണ്. അതിൻ്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഈ പുസ്‌തകത്തിലുണ്ട്.
ഇത് വായിക്കുന്നവർക്ക് ജോസ് കെ മാണി എന്ന സ്നേഹധനനായ വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്രയെയും കേരള കോൺഗ്രസ് (എം) സമകാലീന ചരിത്രവും മനസ്സിലാക്കാൻ സാധിക്കും. ചരിത്രം എഴുതപ്പെടുന്നത് സംഭവങ്ങളിലൂടെ മാത്രമല്ല, അതിനെ രൂപപ്പെടുത്തുന്ന മനുഷ്യരുടെ തീരുമാനങ്ങളിലൂടെയുമാണ്. ഒരു ജനപ്രതിനിധിയുടെ
രാഷ്ട്രീയ-സാമൂഹ്യസാംസ്കാരിക പ്രവർത്തനങ്ങളുടെ ഏടുകളിൽ നിന്ന് ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയ വികസനവികാസം പൊതുജനത്തിന് അറിയാൻ സാധിക്കട്ടെ എന്ന പ്രത്യാശയോടെ ഈ പുസ്‌തകം ഹൃദയപൂർവ്വം നിങ്ങൾക്കായി സമർപ്പിക്കുന്നു.
സിജിത അനിൽ


