അമേരിക്കയില്‍ അഭയം അനുവദിക്കുന്നതിന് നിസ്സാരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രസിഡണ്ട് ജോ ബൈഡന്‍ ഒപ്പുവെച്ചു. ജൂണ്‍ 4-ന് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രസിഡണ്ട് ബൈഡന്‍റെ പ്രഖ്യാപനം.
ചിക്കാഗോ: അമേരിക്കയില്‍ അഭയം അനുവദിക്കുന്നതിന് നിസ്സാരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രസിഡണ്ട് ജോ ബൈഡന്‍ ഒപ്പുവെച്ചു. ജൂണ്‍ 4-ന് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രസിഡണ്ട് ബൈഡന്‍റെ പ്രഖ്യാപനം. ഏതാണ്ട് രണ്ട് വര്‍ഷമായി അമേരിക്കന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും സജീവ ചര്‍ച്ചയായതും പ്രസിഡണ്ട് ജോ ബൈഡനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയതുമാണ് അമേരിക്കയുടെ തെക്കന്‍ ബോര്‍ഡര്‍ വഴിയുള്ള കുടിയേറ്റപ്രവാഹം. കുടിയേറ്റ വിഷയത്തില്‍ രാഷ്ട്രീയ സമവായം കണ്ടെത്താനുള്ള ശ്രമങ്ങള്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരം ഒരുവിഭാഗം റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിഫലമാക്കിയതാണ് ഓര്‍ഡിനന്‍സ് വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പ്രസിഡണ്ട് ബൈഡനെ നിര്‍ബന്ധിതനാക്കിയത്. ഓര്‍ഡിനന്‍സ് ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുകയും ചെയ്തു.
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം അമേരിക്കയില്‍ അഭയം തേടുന്നവരുടെ എണ്ണം പ്രതിദിനം 2500 എത്തിയാല്‍ പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നല്ല. ഈ സംഖ്യ പ്രതിദിനം ശരാശരി 1500-ല്‍ താഴുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും. പുതിയ നിയമപ്രകാരം അനധികൃതമായി അമേരിക്കയില്‍ എത്തുന്നവരെ, അവര്‍ സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവന് അപായമില്ലാത്തപക്ഷം ഉടന്‍തന്നെ മടക്കി അയയ്ക്കും. ഇത്തരം അനധികൃത കുടിയേറ്റക്കാരെ അഞ്ച് വര്‍ഷത്തേക്ക് അമേരിക്കയില്‍ പുനഃപ്രവേശനത്തില്‍ നിന്ന് വിലക്കുകയും നിയമനടപടികള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്യാം. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമായ വേനല്‍ മാസങ്ങളില്‍ മെക്സിക്കോ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതില്‍ ബോര്‍ഡര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇമ്മിഗ്രേഷന്‍ അധികൃതര്‍ക്കും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. വെനിസ്വേല, ക്യൂബ, ഹെയ്ത്ത്, നിക്കരാഗ്വ എന്നിവിടങ്ങളില്‍ നിന്നാണ് ഏറെയും അഭയാര്‍ത്ഥികള്‍ അമേരിക്കയില്‍ എത്തുന്നത്.
പ്രസിഡണ്ട് ബൈഡന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ 212 (എഫ്) പ്രകാരം ദേശീയ താല്പര്യത്തിന് ഹാനികരമായ സാഹചര്യത്തില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പ്രസിഡണ്ടിന് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്. ഇതേ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും കുടിയേറ്റ നിയന്ത്രണങ്ങളില്‍ നിരോധനവും ഏര്‍പ്പെടുത്തിയത്. പ്രസിഡണ്ട് ജോ ബൈഡന്‍റെ ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുടിയേറ്റ അവകാശ സംഘടനകളും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അധികൃതരും പ്രഖ്യാപിച്ചു.
ജോസ് കല്ലിടുക്കില്‍