ന്യൂഡൽഹി: സീറ്റ് വിഭജനത്തിൽ കെ സുധാകരന്റെ കടുംപിടുത്തത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി. കണ്ണൂരിൽ സുധാകരൻ മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടന്ന നാടകീയമായ നീക്കങ്ങളാണ് ഹൈക്കമാൻഡിനെ മുൻ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചത്. പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കുമെന്ന കടുത്ത നിലപാട് സുധാകരൻ സ്വീകരിച്ചതിന് പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ട് ഹൈക്കമാൻഡിന് മേൽ സമ്മർദം ചെലുത്തി തീരുമാനം മാറ്റുകയായിരുന്നു.
രാവിലെ എട്ടു മണിയോടെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് സാഹചര്യം വഷളായത്. തുടക്കത്തിൽ ഇതൊരു വെറും സമ്മർദ തന്ത്രം മാത്രമായി ഹൈക്കമാൻഡ് കണക്കിലെടുത്തിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.
പ്രശ്നപരിഹാരത്തിനായി സുധാകരൻ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ സി വേണുഗോപാൽ എന്നിവരുമായി ടെലഫോണിൽ ബന്ധപ്പെട്ടു. കണ്ണൂരിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കെ സി വേണുഗോപാലിനോട് ആരാഞ്ഞ സുധാകരന്, സ്ക്രീനിങ് കമ്മിറ്റി എടുത്ത തീരുമാനം അനുകൂലമല്ലെന്ന സൂചനയാണ് ലഭിച്ചത്. ഉടൻ തന്നെ "ശരി, നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഓക്കേ ഗുഡ് ബൈ" എന്ന് പറഞ്ഞ് സുധാകരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

