PRAVASI

കഥപോലെ ഓർമ്മകൾ

Blog Image

കരുവന്നൂർ വലിയ പാലവും കടന്നു ബംഗ്ളാവ് എന്ന് പേരുള്ള സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി RB യുടെ വീടേതാണെന്നു ചോദിച്ചാൽ ആരും RB അബ്ദുൾ അസീസ്‌ക്കാടെ വീട് കാണിച്ചു തരും .  പണ്ടത്തെ പേർഷ്യക്കാരന്റെ വീടിന്റെ പ്രൗഢി ഇന്നത്തെ RB യുടെ വീടിനില്ല. എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്ന വീട്, മെയിൻ റോഡിൽ നിന്നും ഇരുവശവും കൈവരിയുള്ള  ramp  ലൂടെ കാർ ഓടിച്ചു വീടിന്റെ വിശാലമായ കവേര്ഡ് കാർപോർച്ചിൽ കാറിറങ്ങി അതിഥികൾ വീട്ടിലേക്കു കയറി പോകുന്ന പേർഷ്യക്കാരന്റെ  ആ പഴയ വീടിന്റെ സുഖസൗകര്യങ്ങളൊന്നും കരുവനൂരിലെ വീടിനില്ല എന്നത് സത്യം തന്നെ . എന്റെ ഗ്രാമത്തിൽ ആദ്യമായി കാർ വാങ്ങിയ ആൾ , വീട് വൈദ്യുതീകരിച്ച ആൾ , ആദ്യമായി കിണറിൽ ജെറ്റ് പമ്പ് ഘടിപ്പിച്ചത്  , ടെലിഫോൺ വെച്ചത് . . 1970 കളിൽ ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും RB യുടെ അന്നത്തെ വീട്ടിൽ ഉണ്ടായിരുന്നു .. .  കേളിംഗ് ബെല്ലിൽ വിരലമർന്നപ്പോൾ RB യുടെ ഇളയ മകന്റെ ഭാര്യ പുറത്തു വന്നു RB ഇല്ലേ എന്ന് ചോദിച്ചപ്പോൾ അകത്തു നിന്ന് ജലീൽ അല്ലേ എന്ന് ചോദിച്ചു RB പുറത്തു വന്നു .  എന്റെ ശബ്ദം ഇക്ക പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ , നീ ഇടയ്ക്കിടയ്ക്ക് വിളിക്കുന്ന ആളല്ലേ . . വരൂ അകത്തേക്ക് ഇരിക്കാം .  അദ്ദേഹം എന്നെ ഗെസ്റ്റ് റൂമിലേക്ക് കൂട്ടികൊണ്ടു പോയി .  ഇരിക്കാൻ പറഞ്ഞു .  ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചു . .  ഒരു ക്‌ളാസ് വെള്ളം മാത്രം മതി എന്ന് പറഞ്ഞപ്പോൾ അകത്തേക്ക് നോക്കി മോളെ ഒരു ഗ്ളാസ് വെള്ളം കൊണ്ട് വരൂ എന്ന് പറഞ്ഞു ..
സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങനെ പോകുന്നു .  അവൾ പോയതിൽ പിന്നെ ഒറ്റക്കായി . . . അദ്ദേഹത്തിന്റെ കണ്ഠം ഇടറി .  ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു . . .  കട്ടികണ്ണട ഊരി മുണ്ടിന്റെ തലപ്പ് കൊണ്ട് തുടച്ചു യഥാസ്ഥാനത്തു വെച്ച് RB തുടർന്നു . . ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോളാണ് എന്റെ ഉമ്മ മരിക്കുന്നതു  ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം ബാപ്പയും മരണപ്പെട്ടു . . പിന്നെ ഞാൻ തനിച്ചായി . സഹോദരിമാരുടെ വിവാഹമെല്ലാം അപ്പോഴേക്കും കഴിഞ്ഞിരുന്നു .  അവരുടെ ഭർത്താക്കന്മാരുടെ സമ്മർദ്ദം മൂലം തറവാട്  വിറ്റു സഹോദരി മാരുടെ ഓഹരികൾ കൊടുക്കേണ്ടി വന്നു . 1400 രൂപയ്ക്കാണ് ആ വസ്തു വിൽക്കുന്നത് എന്റെ ഉപ്പ മരിക്കുമ്പോൾ തന്നെ 250 രൂപ ആ വസ്തുവിൽ കടമായിട്ട് ഉണ്ടായിരുന്നു . 1400 രൂപയിൽ നിന്നും കടം വീട്ടിയതിനു ശേഷം ബാക്കി വന്ന 1150 രൂപ മൂന്നായി ഭാഗിച്ചപ്പോൾ 383 രൂപയും ശിഷ്ട്ടവും വന്നപ്പോൾ സഹോദരിയുടെ ഭർത്താക്കന്മാർ സമ്മദിച്ചില്ല . അങ്ങനെ എന്റെ ഓഹരിയിൽ നിന്നും 83 രൂപ അവർക്കു കൊടുത്തു ബാക്കിവന്ന 300 രൂപയുമായി ഞാൻ പടിയിറങ്ങി . അന്തിയുറങ്ങാൻ ഇടമില്ലാതെ പലപ്പോഴും ചായക്കടയിലെ ബഞ്ചിലായിരുന്നു ഉറക്കം . . ഒരു ദിവസം പത്താം തരത്തിലെ സർട്ടിഫിക്കറ്റും 300 രൂപയുമായി ബോംബെയിലേക്ക് തീവണ്ടി കയറി . അത് 1950 ൽ ആയിരുന്നു .അന്ന് എനിക്ക് 19 വയസ്സ് പ്രായം . ബോംബയിൽ ബാർവാല പണിയാണ് കിട്ടിയത് .  ( ചായ കൊണ്ട് കൊടുക്കുന്ന ജോലി ) മൂന്നു മാസക്കാലം മാത്രമേ ബോംബയിൽ ഉണ്ടായിരുന്നുള്ളൂ . . . ഒരു പാസഞ്ചർ കപ്പലിൽ 90 രൂപയ്ക്കു ടിക്കറ്റ് എടുത്തു എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു . ആ യാത്രാക്കപ്പൽ ആദ്യം പാകിസ്ഥാൻ തുറമുഖത്താണ് നങ്കൂരമിട്ടത് . പിന്നീട് ബസറയിൽ ( ഇറാഖ് ) അവിടെ ഇറങ്ങാൻ എനിക്ക് കഴിഞ്ഞില്ല പിന്നീട് ഒന്ന് രണ്ടു തുറമുഖങ്ങളിലൂടെ കപ്പൽ കടന്നു പോയി . അവിടെ ഒന്നും ഇറങ്ങാൻ കഴിഞ്ഞില്ല . ഖത്തറിൽ എത്തിയപ്പോൾ രണ്ടും കല്പുച്ചു ഞാൻ അവിടെ ഇറങ്ങി .  അന്ന് മലയാളികളായി ചുരുക്കം ആളുകൾ മാത്രമേ ഖത്തറിൽ ഉണ്ടായിരുന്നുള്ളൂ .  ഇറാനി മാര്കെറ്റിലുള്ള ബിസ്മില്ലാ ഹോട്ടൽ അന്നും ഉണ്ടായിരുന്നു . ഞങ്ങൾ ഏതാനും മലയാളികൾ വൈകും നേരങ്ങളിൽ അവിടെ ഒത്തു കൂടും .  ജോലി സാധ്യതയേ കുറിച്ചുള്ള വിവരങ്ങൾ കൈമാറും . .ബിസ്മില്ല ഹോട്ടലിന്റെ owner ചാവക്കാട് സ്വദേശി ഹംസയുമായി പിനീട് വലിയ ചങ്ങാത്തവുമായി . . . 

അന്ന് ഖത്തറിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല . ബ്രിട്ടീഷ് എംബസിയാണ് വിസ സ്റ്റാമ്പ് ചെയ്തു കൊടുത്തിരുന്നത് . ആദ്യം ഞാൻ ജോലി ചെയ്തത് ഒരു ഫലസ്തീനിയുടെ ഓഫീസിലാണ് .  ആ കാലഘട്ടത്തിൽ ഖത്തർ വ്യാവസായികാടിസ്ഥാനത്തിൽ പെട്രോൾ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടില്ല . അതിനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് കമ്പനികളുമായി ചേർന്ന് ഖത്തർ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടം .second world war കഴിഞ്ഞു ലോകമാകെ പട്ടിണിയുടെ പിടിയിൽ അമർന്നിരുന്നു കാലം .  ആവശ്യമായ പ്രകൃതി വിഭവങ്ങളുടെ ദൗർലഭ്യം , ചരക്കു നീക്കങ്ങൾ ഏറെ കുറെ നിലച്ച കാലം . . . ആകാലഘട്ടത്തിലാണ് എനിക്ക് ഓയിൽ കമ്പനിയിൽ ജോലി ലഭിക്കുന്നത് . അത് ഒരു ബ്രിട്ടീഷ് കമ്പനിയായിരുന്നു .  ദൂകാനിൽ നിന്നും കുറെ ഉള്ളിലോട്ട് പോയിട്ടാണ് ആ സ്ഥലമെന്നാണ് എന്റെ ഓർമ്മ .  അതികഠിനമായ ചൂടിനെ അതിജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല .  അന്ന് താമസസ്ഥലത്തു എയർകണ്ടീഷൻ ഉണ്ടായിരുന്നില്ല . സീലിംഗ്   ഫാനിന്റെ ചൂടുള്ള കാറ്റേറ്റ് ഉറങ്ങാനും കഴിയില്ല .  രാത്രി ഭക്ഷണം കഴിച്ചു വീടിന്റെ  ടെറസിൽ കിടന്നാണ് ഉറങ്ങാറ് . . ഒന്നരമാസമേ ആ ഓയിൽ കമ്പനിയിൽ ഞാൻ ജോലി ചെയ്തുള്ളൂ . . . പിന്നീട്  ബ്രിട്ടീഷ് ബാങ്കിൽ ആപ്ലിക്കേഷൻ കൊടുത്തു .  ഇന്റര്വ്യൂവിൽ ഞാൻ പാസായി . 400 ഇന്ത്യൻ രൂപ ശമ്പളത്തിൽ അങ്ങനെ ബ്രിട്ടീഷ് ബാങ്കിൽ ജോലി ആരംഭിച്ചു .  1966 ൽ  ഖത്തർ - ദുബായ് സംയുക്ത റിയാൽ നിലവിൽ വന്നു .  കേറികിടക്കാൻ ഒരു കൂരയില്ലാതെ ഖത്തറിൽ എത്തിയ ഞാൻ പുതിയ ഒരു വീട് പണി കഴിപ്പിച്ചു   അതാണ് നീ പറയുന്ന പേർഷ്യക്കാരന്റെ വീട് .  കുറച്ചു സ്ഥലങ്ങളും വാങ്ങി .  ആ സ്ഥലങ്ങളിലാണ് നമ്മുടെ നാട്ടിൽ താമസിക്കാൻ ഇടമില്ലാത്ത പലരും താമസിച്ചിരുന്നത് . 1957 ലെ ഭൂപരിഷ്‌ക്കരണ നിയമം പ്രാപല്യത്തിൽ വന്നപ്പോൾ എന്റെ സ്ഥലത്തു താമസിച്ചിരുന്നവർക്കു തന്നെ ആ സ്ഥലങ്ങൾ ഞാൻ എഴുതി കൊടുത്തു . നമ്മുടെ മൈൻ റോഡിന്റെ വികസനത്തിന് വേണ്ടി 19 സെന്റ്റ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു .  സർക്കാരിൽ നിന്ന് മുഖവില ലഭിക്കുമായിരുന്നു ഞാൻ സ്ഥലത്തു ഇല്ലാത് കൊണ്ട് അതിന്റെ കാര്യങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ല . അത് കൊണ്ട് ആ ഫണ്ട് അസാധുവായി . .
ജോലിക്കാരി ചെറുനാരങ്ങാ പിഴിഞ്ഞ തണുത്ത വെള്ളം കൊണ്ട് വന്നു തന്നു . . ഞാനതു കുടിച്ചു . .  
RB യുടെ സംസാരത്തിലുടനീളം ഇംഗ്ലീഷ് പദങ്ങൾ കടന്നു വരും . . ലോക ചരിത്രത്തിന്റെ ദശാസന്ധികളെ കുറിച്ചുള്ള പരാമര്ശങ്ങളുണ്ടാവും . . . . 

" RB നമ്മുടെ ഗ്രാമം  ഉപേക്ഷിക്കാൻ എന്താണ് കാരണം ?. . . 
എന്റെ ചോദ്യത്തിന് ഉത്തരമായി ചിരിച്ചു കൊണ്ട് കൈവിരലുകൾ പരസ്പരം കോർത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു : its so simple . .  പാല് കൊടുത്ത കൈകളിൽ കടികിട്ടിയപ്പോൾ ഓടി രക്ഷപ്പെട്ടു .  .  ഞാൻ ഒന്നും നേരിട്ട് അനുഭവിച്ചിട്ടില്ല .  എല്ലാം അനുഭവിച്ചവൾ ഇന്നില്ല . .  നമ്മൾ സംസാരിക്കുന്നതു ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് അത് വ്യക്തിപരമാകരുതെന്നു എനിക്ക് നിര്ബദ്ധമുണ്ട് . . ..... ഞങ്ങൾക്കിടയിൽ മൗനം പരന്നു . . . . . . . . .  " ചരിത്രം ഖത്തറിൽ നിന്നും തന്നെ തുടങ്ങണം " ദീർഘമൗനത്തിനു ശേഷം RB തുടർന്നു : 1960 കാലഘട്ടം .  ഞങ്ങൾ 12 പേര് ഖത്തറിൽ നിന്നും കരമാര്ഗം ഹജ്ജിനു പോകാൻ തീരുമാനിച്ചു .  അതിൽ നിന്റെ വെല്ലിക്ക , ഉബൈദിന്റെ ബാപ്പ ഖദർ അളിയനും ഉണ്ടായിരുന്നു . . അന്ന് നമ്മുടെ നാട്ടിൽ രണ്ടു പേര് മാത്രമേ ഹജ്ജിന്‌ പോയിട്ടുണ്ടായിരുന്നുള്ളു .  ആയിശുവിന്റെ ബാപ്പ ബുഹാരിക്കയുടെ മൂത്ത ജേഷ്ടൻ മാമ്മു ഹാജിയും , പിന്നെ ഖാദർ ഹാജിയും  അവർ രണ്ടുപേരും ഒരുമിച്ചാണ് ഹജ്ജിനു പോയത് . കപ്പലിലായിരുന്നു യാത്ര . . ഞങ്ങൾ രണ്ടു ജീപ്പുകളിലായാണ് ഖത്തറിൽ നിന്നും പുറപ്പെട്ടത് . അന്ന് ടാർ ചെയ്ത റോഡൊന്നും സൗദിഅറേബിയയിലേക്കു ഉണ്ടായിരുന്നില്ല .  വാഹനങ്ങൾ സഞ്ചരിച്ചു രൂപപ്പെട്ട മൺവഴി മാത്രം .  ജീപ്പുകൾ ഓടിച്ചിരുന്നത് ബദൂവിയൻ അറബികളായിരുന്നു .  അവർക്കു മരുഭൂമിയുടെ മുക്കും മൂലയും അറിയാം മരുഭൂമിയിലുണ്ടാകുന്ന ഗന്ധങ്ങൾ വരെ തിരിച്ചറിയാൻ അവർക്കു കഴിയുമായിരുന്നു .  അതിവേഗം വാഹനമോടിക്കാൻ ആ പാതയിലൂടെ കഴിയില്ലായിരുന്നു . It was a harsh summer. . .  ഓർക്കുക 60 കാലഘട്ടത്തിലാണ് യാത്ര . . വിനിമയം ഇന്ത്യൻ കറൻസിയിലാണ് . . . .  

മണൽ പാതയിലൂടെ വേഗം കുറച്ചു മാത്രമേ ഡ്രൈവ് ചെയ്യാൻ കഴിയൂ . . ചിലസമയങ്ങളിൽ ശക്തിയായ മണൽ കാറ്റ് വീശും . അപ്പോൾ വാഹനം നിറുത്തിയിട്ട് അതിൽ തന്നെ ഇരിക്കണം . മുഖം തുണികൊണ്ടു മറക്കണം . അറബി ഡ്രൈവറുടെ നിർദ്ദേശമനുസരിച്ചു ഞങ്ങളെല്ലാം മൂക്കും വായയും ചെവിയും ആദ്യമേ മറച്ചിരുന്നു . . ഒരിക്കൽ മാത്രമാണ് മണൽ കാറ്റിനെ ഞങ്ങൾക്ക് നേരിടേണ്ടി വന്നത് . ആ കാറ്റ് ശക്തമായിരുന്നു . ഞങ്ങളെല്ലാം കാറ്റ് അവസാനിക്കുന്നത് വരെ ജീപ്പിൽ മുഖം താഴ്ത്തി കുനിഞ്ഞിരുന്നു . .  കുറച്ചു കഴിഞു ഡ്രൈവറിന്റെ നിർദ്ദേശപ്രകാരം ചുറ്റുപാടും നോക്കിയപ്പോൾ പ്രകൃതി ആകെ മാറ്റി വരച്ചതുപോലെ .  മരുഭൂമിയുടെ ഭൂപടം കാറ്റ് മാറ്റി വരച്ചു കൊണ്ടേയിരിക്കും .  ഞങ്ങൾ യാത്ര ചെയ്തു വന്ന പാത മണൽ മായ്ച്ചു കഴിഞ്ഞിരുന്നു . . ഞാൻ മുൻപ് പറഞ്ഞില്ലേ ബദുക്കളായ അറബികൾക്ക് ഏതു ദിക്കിലേക്കാണ് പോകേണ്ടതെന്നു വ്യക്തമായി തന്നെ അറിയാം .  ഞങ്ങൾ മുന്നോട്ടു തന്നെ യാത്ര തുടർന്നു . 
നിങ്ങൾ ഇന്ന് കാണുന്നത് പോലെ ഒരു അലങ്കാരങ്ങളും അന്ന് മക്കത്തോ സൗദി അറേബിയയിലോ ഉണ്ടായിരുന്നില്ല   എങ്കിലും ഭക്ഷണം വെള്ളം എന്നിവക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല .  സ്വന്തമായി പാചകം ചെയ്തു കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ പുറപ്പെട്ടത് . കാദർ അളിയൻ നന്നായി പാചകം ചെയ്യുമായിരുന്നു . എന്നാൽ ഭക്ഷണം മക്കത്തുനിന്നു ലഭ്യമായത് കൊണ്ട് പാചകം ചെയ്യേണ്ടി വന്നില്ല . ഹജ്ജ് കഴിഞ്ഞു ഞങ്ങൾ എല്ലാവരും ഖത്തറിൽ തിരിച്ചെത്തി .  ഹജ്ജ് ചെയ്‌താൽ ഹാജിയായി  പേരിന്റെ കൂടെ ഹാജി എന്ന് ചേർക്കുമല്ലോ ഞാൻ ഒരിക്കലും പേരിന്റെ കൂടെ ഹാജി എന്ന് ചേർത്തില്ല എന്റെ രണ്ടാമത്തെ മകൻ റഷീദിനെ പ്രസവിക്കുന്നത് ഖത്തറിൽ വെച്ചാണ് . 1966ൽ .  മൂന്നാമത്തെ മകനെയും അവിടെ വെച്ചാണ് പ്രസവിച്ചത് .  ആ കാലഘട്ടത്തിൽ ഖത്തറിൽ ഇന്ത്യൻ സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമായിരുന്നു .  മൂത്തമകൻ ഫസലു ആയിഷയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് സ്കൂളിൽ പോയിരുന്നത് .  റഷീദ് ഒരു ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോയിട്ടുണ്ട് . ഖത്തറിലെ MES  സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 1974 ൽ ആണ്  . കലഫ് ഹൈദർ Rent a car  ഉസ്മാൻ എന്നിവരാണ് MES ആരംഭിക്കുന്നതിനു മുന്പന്തിയിലുണ്ടായിരുന്നത് .  പിന്നേയും ചിലരുണ്ട് പേരുകൾ ഓർമ്മവരുന്നില്ല . . . 

1972 ൽ ഖത്തറിൽ ഭരണമാറ്റം ഉണ്ടായി ഖലീഫ ബിൻ അഹ്മദ് അൽത്താനി ഖത്തറിന്റെ അമീറായി അധികാരത്തിൽ വന്നു . അദ്ദേഹത്തിന്റെ ഭരണപരിഷ്‌ക്കാരങ്ങൾ ഖത്തറിനെ പടിപടിയായി പുരോഗതിയിലേക്കു ഉയർത്തി . ധാരാളം ജോലി അവസരങ്ങൾ ഉണ്ടായി . ഞാൻ അന്നും ബ്രിട്ടീഷ്  ബാങ്കിൽ ആണ് ജോലി ചെയ്തിരുന്നത് . ഞങ്ങളുടെ സ്ഥാപനത്തിലും പുതിയ ജോലി അവസരങ്ങൾ ഉണ്ടായി . ഖത്തറിന്റെ പുരോഗതി പോലെ നമ്മുടെ ഗ്രാമവും സാമ്പത്തികമായി ഉയർന്നു . അലാവുദ്ദീൻ അത്ഭുതവിളക്കിമേൽ ഉരച്ചു ഉത്പാദിപ്പിക്കുന്ന പോലെ ഞൊടിയിലയിൽ നമ്മുടെ ഗ്രാമത്തിൽ പുതിയ വീടുകൾ ,സ്വത്തു വകകൾ ,  ജീവിത സൗകര്യങ്ങൾ എല്ലാം ഉണ്ടായി തുടങ്ങി ........ 
           1974 ൽ ഞാൻ ഒരു പുതിയ അംബാസിഡർ കാർ വാങ്ങി . KLH  7340 ( KT )  ഈ കാറിനു മുൻപ് ഒരു സെക്കന്റ് ഹാൻഡ്  കാർ ഉണ്ടായിരുന്നു . പത്തു മാസം ഉപയോഗിച്ചതിന് ശേഷം അത് വിറ്റു . പുതിയ കാറിന്റെ ഡ്രൈവർ  അന്തിക്കാട് സ്വദേശി മോഹനൻ എന്ന ആളായിരുന്നു ....... അപ്പോഴേക്കും കുടുംബം നാട്ടിൽ.. സ്ഥിരതാമസം തുടങ്ങിയിരുന്നു . കാരണം കുട്ടികളുടെ വിദ്യാഭ്യസം തന്നെ . പഠിക്കാൻ മിടുക്കനായിട്ടും എനിക്ക് പഠിക്കാൻ കഴിയാതിരുന്നത് അന്നത്തെ സാമ്പത്തിക അവസ്ഥ കൊണ്ടായിരുന്നു . അത് കൊണ്ട് എന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു കുറവ് വരരുതെന്ന് എനിക്ക് നിര്ബന്ധമുണ്ടായിരുന്നു ഇന്നത്തെ പോലെ അന്നും നമ്മുടെ ഗ്രാമത്തിൽ കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നു . എന്റെ വീടിരിക്കുന്ന സ്ഥലത്തു തന്നെ രണ്ടു കിണർ കുഴിച്ചിട്ടും  വെള്ളം കിട്ടാതായപ്പോൾ വീടിന്റെ പുറകിലായി  എനിക്ക് കുറച്ചു സ്ഥലം ഉണ്ടായിരുന്നു . അവിടെ ഒരു കിണർ കുഴിച്ചു . കുറെ ആഴത്തിൽ കുഴിച്ചപ്പോഴാണ് വെള്ളം ലഭിച്ചത് . കൈകൊണ്ടു കോരി എടുക്കാൻ കഴിയാത്ത അത്ര ആഴമുണ്ടായിരുന്നത് കൊണ്ട് ഒരു ജെറ്റ്‌പമ്പ് വെച്ചു . ഞാൻ ഒരു പട്ടിണിക്കാരനായിരുന്നു . അന്തിയുറങ്ങാൻ വീടില്ലാത്തവനായിരുന്നു . രാത്രി ചായക്കടയിലെ ബെഞ്ചിലായിരുന്നു ഉറങ്ങിയിരുന്നത് രാത്രികൾ ചായക്കടയുടെ ബെഞ്ചിൽ കിടന്നു ഉറങ്ങിയിട്ടുണ്ട് ............. എന്റെ കുടുംബം എല്ലാ സൗകര്യവും കൂടി ജീവിക്കണം എന്നേ  ഞാൻ കരുതിയുള്ളൂ , പക്ഷേ , ആ കിണർ കുഴിച്ചതും അതിൽ  ജെറ്റ്‌പമ്പ് വെച്ചതും എന്നെ ആ നാട്ടിൽ നിന്നും പറിച്ചു നടുവാൻ കാരണമായി എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ ?....... RB യുടെ ചോദ്യം എന്നെ അസ്വസ്ഥനാക്കി !.. വെളിച്ചം കുറഞ്ഞ ഇടനാഴിയിൽ , ഞാൻ എത്തിപ്പെട്ടത് പോലെ , ഇന്നും ചിതലരിക്കാത്ത ചരിത്രത്താളുകൾ ആ മുഖത്ത് അഴിഞ്ഞു വീഴുന്നതായി ഞാൻ അറിഞ്ഞു ! അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ ?

    ദീർഘമൗനത്തിനു ശേഷം RB  അന്ത്യപ്രവാചകന്റെ വചനങ്ങൾ ഉദ്ധരിച്ചു 
( നിങ്ങളുടെ മനസ്സുകളിൽ 'അസൂയയും വിദ്വേഷവും  ' എന്നീ  മഹാരോഗങ്ങൾ  പിടിപെട്ടാൽ അത് നിങ്ങളെ ക്ഷൗരം ചെയ്യപ്പെടും
 ( നശിപ്പിക്കും )  നിങ്ങളുടെ തല മുണ്ഡനം ചെയ്യുമെന്നല്ല , പ്രത്യുത അത് നിങ്ങളുടെ വിശ്വാസത്തെ ക്ഷൗരം ചെയ്യപ്പെടും ……
ഒരു   ദിവസം രാത്രി പുതിയതായി കുഴിച്ച കിണറിൽ നിന്ന് തീ ആളിക്കത്തുന്നതായി ആയിഷ കണ്ടു ..... അത് ദുർജിന്നുകളുടെ ചെയ്തിയായിരുന്നു !.... പുതിയതായി ഘടിപ്പിച്ച ജെറ്റ് പമ്പും പൈപ്പുകളുമെല്ലാം അഗ്നിക്കിരയാക്കി , കിണറിൽ മണ്ണെണ്ണ ഒഴിച്ചു .... എന്റെ ഭാര്യയും മക്കളും  പരിഭ്രാന്തിയിലായി ....അവരെ സഹായിക്കാൻ ആരും അവിടെ അന്ന് ഉണ്ടായിരുന്നില്ല എനെറെ ഭാര്യാപിതാവ് ഈ സംഭവത്തിന് രണ്ടു മൂന്നു വര്ഷം മുൻപ് മരണപ്പെട്ടിരുന്നു .....അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ അങ്ങനെ ഒന്നും സംഭവിക്കുമായിരുന്നില്ല എന്ന് അന്ന് എനിക്ക് തോന്നി . ചില ശരീരങ്ങളെ  ജിന്നുകൾക്കു ആവേശിക്കാൻ കഴിയില്ല , കാരണം അവർ ശക്തരും സത്യമാർഗത്തിൽ ദിശാബോധമുള്ളവരുമായിരിക്കും ..... ഒന്നും നഷ്ട്ടപെടാനില്ലാത്ത ഇൻസുകളെ ( മനുഷ്യർ ) ആണ് ദുർജിന്നുകൾ ഉപയോഗപ്പെടുത്തുന്നത് . ജിന്നുകളെ സൃഷ്ടിക്കപ്പെട്ടത് തീജ്വാല കൊണ്ടാണ് , മനുഷ്യരെ മണ്ണുകൊണ്ടും ...... ചരിത്രം കഥയായി മാറിയപ്പോൾ ഞാൻ  RB യോട് ചോദിച്ചു : ജിന്നുകളെ കുറിച്ച് മലയാളത്തിൽ ഏതാനും പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട് .  പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ റിഹാന്‍ റാഷിദിന്റെ  ‘പ്രണയജിന്നുകൾ’ എന്ന നോവൽ  ശ്രദ്ധേയമാണ് .... RB ചിരിച്ചുകൊണ്ട് തുടർന്ന് : അത് FICTION അല്ലെ , ഞാൻ പറയുന്നത് എന്റെ കുടുംബം അനുഭവിച്ച യാഥാർഥ്യത്തെ കുറിച്ചാണ് . കിണറിലെ തീ പിന്നീട് പടർന്നത്  നിരാലംബരായ എന്റെ കുടുംബത്തിന്റെ നേർക്കാണ് ... അന്ന് എനിക്ക് ഇവിടെയിരുന്നു ചെയ്യാൻ കഴിയുന്നത് ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ !       …

ബ്രിട്ടീഷ് ബാങ്കിൽ അന്ന് ഞാൻ സൂപ്പർവൈസർ  ആയാണ് ജോലി ചെയ്തിരുന്നത് . നാട്ടിൽ എന്റെ കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് ഞാൻ  എന്റെ മാനേജരോട് സംസാരിച്ചു . എല്ലാം സശ്രദ്ധം കേട്ടതിനു ശേഷം അദ്ദേഹം ബ്രിട്ടീഷ്  എംബിബിസിയിലേക്ക് ഒരു എഴുത്തു തന്നു , എന്റെ കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങൾ  അതിൽ വിശദീകരിച്ചിരുന്നു . ഞാൻ ആ എഴുത്തു ബ്രിട്ടീഷ് എംബസ്സിയിൽ സബ്മിറ്റ് ചെയ്തു . ബ്രിട്ടീഷ് എംബസ്സി വിശദമായ ഒരു പരാതി തയ്യാറാക്കി ഇന്ത്യൻ എംബസിയിലേക്കു അയക്കുകയാണ് ചെയ്തത് . അന്ന് കേരള  മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു . ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നടപടി ഉണ്ടായി . 

" ദുർജിന്നുകൾക്കു നേരെയോ "
എനെറെ ചോദ്യം RB യെ രസിപ്പിച്ചെന്നു തോന്നി , ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്ന് : അടിയന്തിരാവസ്ഥ കാലത്തു നെക്സലേറ്റുകളെ ഉന്മൂലനം ചെയ്ത കരുണാകരനുണ്ടോ ജിന്നുകൾ ?..... ശക്തമായ നടപടികൾ ഉണ്ടായി ...... കണ്ണട ഊരി തുടച്ചു യാദാസ്‌ഥാനത്തു വെച്ചതിനു ശേഷം RB തുടർന്ന് :  ഒരു ദിവസം രാത്രി എന്റെ വീട്ടിൽ ശക്തമായ കല്ലേറുണ്ടായി , ആ രാത്രി ഉറങ്ങാൽ കഴിഞ്ഞില്ലെന്നു ആയിശു പിന്നീട് പറയുമായിരുന്നു !...... ഒരു ദിവസം എന്റെ കുടുംബം തൃശൂരിൽ നിന്നും വീട്ടിലേക്കു മടങ്ങി വരുമ്പോൾ അവരുടെ കാർ തടഞ്ഞു , കാറിന്റെ ബോണറ്റ് തുറന്നു വെച്ച് കത്തിച്ചു കളയുമെന്നു ഭീക്ഷണി പെടുത്തി , ഞാൻ നാട്ടിൽ വന്നാൽ വധിക്കുമെന്നും ...... ഈ വാർത്ത എന്നെ ഭയപ്പെടുത്തി , സങ്കടത്തിലാഴ്ത്തി ... ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു . അബ്ബാസ്‌ക്കാടെ ചായക്കടയിലെ ബഞ്ചിൽ നിന്നാണ് ഞാൻ എന്റെ പ്രവാസം തുടങ്ങിയത് . കൂട്ടിനു ആരും ഉണ്ടായിരുന്നില്ല . കഠിനാദ്ധ്വാനം കൊണ്ട് , ദൈവഹിദത്താൽ  ഇത് വരെ എത്തി .... എന്റെ കുടുംബം ഒരു കുറവും അറിയാതെ ജീവിക്കണമെന്ന് ആഗ്രഹിച്ചു . എന്റെ കയ്യിൽ ഉള്ളത് പോലെ എല്ലാവരെയും സഹായിച്ചു . ഞാൻ മരുഭൂമിയിൽ  കിടന്നു അദ്ധ്വാനിച്ചു സാമ്പാദിച്ചതിൽ ഭൂരിഭാഗവും ഒരു രൂപ പോലും വാങ്ങാതെ എന്റെ കുടുംബക്കാർക്കും നാട്ടുകാർക്കും വിട്ടു കൊടുത്തു . അന്ന് അവരെല്ലാം പരാധീനതക്കാരായിരുന്നു .......ഇന്നും അടിയാധാരങ്ങൾ എടുത്തു നോക്കിയാൽ അറിയാം എന്റെ ഗ്രാമത്തിന്റെ ചരിത്രം !...... ചരിത്രം അങ്ങനെയാണ് , മേൽമണ്ണ്  മൂടി മൂടി പലതും മറഞ്ഞു പോകും . അതിന്റെ മുകളിൽ വീണ്ടും ചെറുപുല്ലുകൾ പൊടിക്കും , വേരുകൾ ആഴ്ന്നിറങ്ങാൻ കഴിയാത്ത ചെറു സസ്യങ്ങൾ , അവർക്കറിയുമോ മണ്ണിന്റെ അടരുകളിൽ മൂടിപ്പോയ ഒരു കാലത്തെ കുറിച്ച് .... ...... ഞങ്ങൾക്കിടയിൽ ദീർഘമൗനം പരന്നു ...... ഞാൻ തലതാഴ്ത്തി ഇരുന്നു . എന്ത് പറയണമെന്ന് അറിയാതെ ഞാൻ അസ്വസ്ഥനായി ..... മൗനത്തെ മുറിച്ചു RB തുടർന്ന് : ഞാൻ എന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ കൂട്ടക്കരച്ചിലായിരുന്നു . മക്കൾ എന്നെ ചുറ്റിപിടിച്ചു അലമുറയിട്ടു കരഞ്ഞു ..... അവരെ സമാധാനിപ്പിച്ചു . കുളിച്ചു ഭക്ഷണം കഴിച്ചു പീടികസെന്റ്ററിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ , ആയിശു എന്നെ തടഞ്ഞു . അവളുടെ കൈകൾ വേർപ്പെടുത്തി ഞാൻ ഗെയ്റ്റ് കടന്നു പുറതേക്ക്  നടന്നു . പലനാട്ടുക്കാരെയും കുടുംബക്കാരെയും കണ്ടു , എല്ലാവർക്കും വലിയ സ്നേഹമായിരുന്നു . ഞാൻ നേരെ അയ്മുക്കാടെ ചായപ്പീടികയിലേക്കു ചെന്നു അവിടെയും പലരും ഉണ്ടായിരുന്നു . ഞങ്ങൾ എല്ലാവരും കൂടി അവിടെ ഇരുന്നു ചായ കുടിച്ചു പല നാട്ടു വിശേഷങ്ങളും പറഞ്ഞു . അവരെല്ലാം ജിന്നുകൾ ആവാഹിക്കപെടാത്ത സാധാരണ മനുഷ്യരായിരുന്നു ....... പിന്നീട് വീട്ടിലേക്കു തിരിച്ചു . വീട്ടിൽ ആയിഷുവും കുട്ടികളും ആകെ വിഷമിച്ചു ഇരിക്കുകയായിരുന്നു ... എന്നെ കണ്ടപ്പോൾ അവർക്കു സമാധാനമായി ... മകൻ റൗഫ് എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു : " അവര് ഉപ്പാനെ എന്തെങ്കിലും ചെയ്തോ" 
" ആര് " 
" ആ ജിന്നോള് "
അവനെ കൈകളിൽ കോരിയെടുത്തു കൊണ്ട് ഞാൻ അവനു ഒരു കഥ പറഞ്ഞു കൊടുത്തു : പണ്ട് പണ്ട് , ഒരുപാട് പണ്ട് നമ്മുടെ ഗ്രാമത്തിൽ പുതിയ പാലവും പഴയ പാലവും ഉണ്ടാകുന്നതിനു മുൻപ് , കാർത്യായനി അമ്പലവും , കനീസയും ഉണ്ടാകുന്നതിനു മുൻപ് , നമ്മുടെ ഗ്രാമത്തിൽ ശുഭ്രവസ്ത്രധാരികളായ  കുറെ പാവം ജിന്നുകൾ പാർത്തിരുന്നു . പുരുഷന്മാർ  തലേകെട്ടുകാരായിരുന്നു ... വെള്ളത്തുണി കൊണ്ട് തലയിൽ ചുറ്റികെട്ടി ചുറ്റിന്റെ ഒരു തുമ്പ് ചുമലിലേക്ക് തൂക്കിയിടുന്ന സുന്ദര രൂപങ്ങൾ ആയിരുന്നു അവർ . സ്ത്രീകൾ  പെൺകുപ്പായവും നീലക്കരയുള്ള കാച്ചിത്തുണിയും കാതിൽ വെള്ളിയുടെ ചുറ്റും കഴുത്തിൽ കറുത്ത ചരടിൽ ഏലസ് കെട്ടിയും കാലിൽ വെള്ളികൊലുസ്സ് അണിഞ്ഞ സുന്ദരികളായിരുന്നു . ജിന്നുകളുടെ അമീന്റെ സുന്ദരിയായ മകൾ ഉമ്മുകുൽസു ഗ്രാമത്തിലെ പല ജിൻമക്കളുടെയും സ്വപ്നസുന്ദരിയായിരുന്നു . കുൽസുവാകട്ടെ , ചെറുപ്പം മുതൽ കാട്ടിലും മേട്ടിലും  ഓത്തുപള്ളിയിലും ഒപ്പമുണ്ടായിരുന്ന ഒരു പാവം ജിന്നിനെ സ്നേഹിച്ചു . എന്നാൽ അന്ന് ജിന്നുകളുടെ ഇടയിൽ ഒരു നിയമമുണ്ടായിരുന്നു . വിവാഹം കഴിക്കണമെങ്കിൽ പുരുഷൻ ഏഴാം ബഹ്റൈന് അപ്പുറം പോയി ഊദും , അത്തറും കൊണ്ട് വരണമെന്ന് .... അങ്ങനെ അവൻ ഏഴു ബഹ്‌റുകൾ താണ്ടി ഊദും  അത്തറും കൊണ്ട് വന്നു . അവരുടെ വിവാഹവും കഴിഞ്ഞു അന്നുമുതൽ ആ ഗ്രാമം മുഴുവൻ ഊദിന്റെയും അത്തറിന്റെയും സുഗന്ധം പരന്നു . അവന്റെ കൂടെയുള്ള ജിന്നുകൾക്കെല്ലാം അവൻ ഊദും  അത്തറും പകർന്നു കൊടുത്തു . ഊദിന്റെ വശ്യഗന്ധത്തെ കുറിച്ച് അറിഞ്ഞവരെല്ലാം ഏഴാം ബഹ്‌റിനക്കരെക്കു പുറപ്പെടു . അങ്ങനെ ആ  ഗ്രാമത്തിൽ ഊദിന്റെ ഗന്ധം നിറഞ്ഞു . അത് സാവധാനം നമ്മുടെ നാട്ടുഗന്ധങ്ങളെ ഇല്ലാതാക്കാൻ തുടങ്ങി . അവസാനം ഉമ്മുകുൽസുവിനും അവളുടെ ജിന്നിനും തങ്ങൾ കൊണ്ട് വന്നു പകർന്നു കൊണ്ടുത്ത സുഗന്ധം അസഹ്യമായി , ദുർഗന്ധമായി .... അവസാനം പ്രാണരക്ഷാര്ഥം  ആ ജിന്നുകുടുംബം ഏഴാം ബഹ്‌റിനക്കരെയുള്ള ഏതോ കരയിലേക്ക് പറന്നു പോയി ..... കഥ പറഞ്ഞു കഴിഞ്ഞപ്പോൾ RB യുടെ മുഖം ശാന്തമായി ചരിത്രത്തിൽ നിന്നോ , കഥയിൽ നിന്നോ ഊദിന്റെ വന്യഗന്ധം എന്റെ നാസികയിൽ നിറഞ്ഞു ... ഓർത്തെടുക്കാൻ കഴിയുന്ന ഗന്ധങ്ങൾ പോലെ അതെന്നെ അസ്വസ്ഥമാക്കി . ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു ...... 

" നീ പോകുകയാണോ , ഞാൻ മുഴുവനും പറഞ്ഞു തീർന്നില്ല "
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു .

" ഒരു കഥയും അവസാനിക്കുന്നില്ലല്ലോ ഇക്കാ തുടരുകയല്ലേ ? "
എന്റെ വാക്കുകൾ കേട്ടപ്പോൾ RB എന്നെ ആശ്ലേഷിച്ചു .... ആ ചുമലിൽ അത്തറിന്റർ സുഗന്ധം ഞാൻ അറിഞ്ഞു . യാത്രപറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി , ബസ്റ്റോപ്പിലേക്കു നടന്നു . തിരിഞ്ഞു നോക്കിയപ്പോൾ വരാന്തയിലെ തൂണിൽ കൈ താങ്ങി RB എന്നെ തന്നെ നോക്കി നീൽക്കുകയായിരുന്നു . കട്ടിയുള്ള കണ്ണടചില്ലിനുള്ളിൽ ആ കണ്ണുകൾ അപ്രത്യക്ഷമായതായി ഞാൻ അറിഞ്ഞു .... ആകാശത്തു വലിയ മഴക്കുള്ള ഒരുക്കങ്ങൾ കൂട്ടി മേഘങ്ങൾ നിറഞ്ഞു ....... . ബസ്സിൽ കയറി സീറ്റിൽ ഇരുന്നു .മഴപെയ്യാൻ തുടങ്ങുകയാണ് ... ജാലകത്തിനു മുകളിലുള്ള ഷട്ടർ താഴ്ത്തിയിട്ടു ഞാൻ എന്റെ ഊഴവും കാത്തിരുന്നു ...

ജലീൽ പി അബു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.