ലണ്ടൻ - ഒന്റാരിയോ: കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടനിലെയും, സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ കായികപരമായ കഴിവുകൾ വളത്തിയെടുക്കുവാൻ വേണ്ടി കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ചുവരുന്ന സ്പോർട്സ് ഡേ പതിവുപോലെ ആഗസ്റ്റ് രണ്ടാം വാരം ശനിയാഴ്ച, പോളിഷ് സോക്കർ ക്ലബ്ബ് മൈതാനിയിൽ ഏകദേശം മുന്നൂറോളം കുട്ടികളുടെ പങ്കാളിത്തത്തിൽ നടത്തപ്പെട്ടു. വളർന്നു വരുന്ന യുവതലമുറയുടെ കായികപരമായ കഴിവുകൾ നേരിട്ട് കണ്ടറിയാനും, പ്രോത്സാഹിപ്പിക്കാനും ലണ്ടനിലെ മലയാളി സമൂഹം എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നത് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് കളിക്കൂട്ടം കൂട്ടുകാരുടെ സ്പോർട്സ് ഡേ 2025 ന് കൊടിയേറിയത്.
രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ച കായികോത്സവത്തിൽ കിഡ്സ്, സബ്‌ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്സ് എന്നിങ്ങനെ 4 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളായാണ് ഈ വർഷവും നടത്തിയത്. അനുകൂല കാലാവസ്ഥയിൽ മത്സരാർത്ഥികളുടെ ആവേശം അണപൊട്ടിയതോടെ കരുത്തിന്റെയും, മനോധൈര്യത്തിന്റെയും, ആഹ്ളാദത്തിന്റെയും അപൂർവ നിമിഷങ്ങൾ സൃഷ്ടിച്ചാണ് ഓരോ മത്സരവും അവസാനിച്ചത്. വൈകുന്നേരം നാല് മണിയോടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ദീപ്തി ദിപിൻ, ഷെറിൻ ചിന്നു റോമി, ലിനിത ഏബ്രഹാം, അമ്മു, മെർലിൻ റോബി, ഷാന്റി മാത്യു, ജോസഫ് ലിൻസ്, മീരാ ജോസ് തുടങ്ങിയവർ മത്സരങ്ങളെല്ലാം പൂർത്തിയാക്കി മാർച്ച് പാസ്റ്റിനായി കുട്ടികളെ അണിനിരത്തി.
എലിഗിൻ-സെന്റ് തോമസ്-ലണ്ടൻ സൗത്ത് എം പി ആൻഡ്രൂ ലോട്ടെൻ മുഖ്യാതിഥിയായി പങ്കെടുത്ത സമാപന സമ്മേളനത്തിൽ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയിലൂടെ ലണ്ടനിലെ വളർന്നുവരുന്ന യുവതലമുറയെ പ്രോത്സാഹിപ്പിക്കാൻ കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് നടത്തുന്ന ഓരോ ചുവടുവെയ്പ്പുകളേയും താൻ അഭിനന്ദിക്കുന്നതായും, അതിനൊപ്പം മ്യൂസിക്കൽ ചെയർ പോലെയുള്ള മത്സരങ്ങൾ കാനഡ പാർലമെന്റിൽ പരിചയപ്പെടുത്താൻ പോവുകയാണെന്നും നർമ്മത്തോടെ കൂട്ടിച്ചേർക്കുകയുണ്ടായി. കൂടാതെ വരും വർഷങ്ങളിൽ മലയാളി കമ്മ്യൂണിറ്റിയ്ക്കും കളിക്കൂട്ടത്തിനുമൊപ്പം താനുമുണ്ടാകുമെന്നറിയിച്ചുകൊണ്ട് വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം തുടങ്ങിവെച്ചു.
വിജയികളായവർക്ക് മെഡലുകളും, കിഡ്സിൽ തുടങ്ങി യഥാക്രമം ഗ്രൂപ്പ് ചാമ്പ്യന്മാരായ ഹാർവിൻ ബിനോയ് ജോസഫ്, ജാനറ്റ് ജോജോ, ജൊഹാൻ ഡേവിസ് റിന്റോ, ലോറ ജെബിൻ, ജൊഹാൻ ഷീൻ, ഹന്ന മരിയ ഷൈൻ, ജെയ്ക്ക് ജോജോ, ദിൽന സന്തോഷ് എന്നിവർക്ക് ചാമ്പ്യൻസ് ട്രോഫികളും നല്കി. ഗ്രാന്റ് സ്പോൺസർ വൺ ഡെന്റൽ, പ്ലാറ്റിനം സ്പോൺസർ BT പെർഫോമൻസ് അസ്സോസിയേറ്റ് സ്പോൺസർമാരായ ഷേഡ്‌സ് 3 വിൻഡോ ഫാഷൻസ്,ഇമ്മാനുവേൽ ചിമ്മിനിക്കാട്ട്, ദി ഗ്രേറ്റ് ഇന്ത്യൻ സ്റ്റോർ നാടൻ രുചികളുടെ വൈവിധ്യങ്ങൾ ലൈവ് തട്ടുകടയിലൂടെ ഒരുക്കിയ ഫുഡ് പാർട്ണെഴ്സ് കൊച്ചിൻ ഡിലൈറ്റ്സ്, ഇന്ത്യാന ഫുഡ്സ് തുടങ്ങി എല്ലാവരും മത്സരാർത്ഥികൾക്ക് ആശംസകളും കളിക്കൂട്ടത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണയും അറിയിച്ചു.
വളർന്നു വരുന്ന കായികതാരങ്ങളോടുള്ള സമൂഹത്തിന്റെ പ്രതിബദ്ധതയും, പിന്തുണയും ഉറപ്പാക്കി ഈ കായിക മാമാങ്കത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച സംഘാടക സമിതി അംഗങ്ങളായ കളിക്കൂട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജിഷ പ്രസ്റ്റീജ്, വൈസ് പ്രസിഡന്റ് ജെറില്‍ കുര്യന്‍ ജോസ്, സെക്രട്ടറി ദിവ്യ ജിസ്, ജോ. സെക്രട്ടറി സഞ്ജു സാബു, ട്രഷറര്‍ ഷിന്റോ സ്റ്റീഫന്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷാന്റി അനി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വൈശാഖ് നായര്‍, മീഡിയ കോര്‍ഡിനേറ്റര്‍ അമിത് ശേഖര്‍ കമ്മറ്റി അംഗങ്ങളായ ചിക്കു ബേബി, സീനു കോശി, ലിനിത ഏബ്രഹാം, ജോബി ദേവസ്യ തുടങ്ങിയവരെ അഭിനന്ദിച്ചും കായികോത്സവത്തെ വൻവിജയമാക്കി മാറ്റിയ ലണ്ടൻ മലയാളികളുടെ ആവേശപരമായ പങ്കാളിത്തത്തോടുള്ള നന്ദി അറിയിച്ചുമാണ് കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് സ്പോർട്സ് ഡേ 2025 ന് കൊടിയിറങ്ങിയത്.

