PRAVASI

കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ആർട്സ് ഡേ ആഘോഷപൂർവ്വം ഏറ്റെടുത്ത് ലണ്ടൻ മലയാളികൾ

Blog Image

ലണ്ടൻ ഒന്റാറിയോ: കുട്ടികളുടെ കലാപരമായ അഭിരുചികളെ വളര്‍ത്താനും അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്കാനുമായി എല്ലാ വർഷവും കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് നടത്തിവരാറുള്ള കലോത്സവത്തിന് ഡിസംബര്‍ 7 ശനിയാഴ്ച്ച 249 ഹാമില്‍ട്ടണ്‍ റോഡ് ലണ്ടനില്‍ കൊടിയിറങ്ങി. രജിസ്ട്രേഷന് ശേഷം രാവിലെ പത്ത് മണിയോടെ ആരംഭിച്ച മത്സരങ്ങൾ പങ്കാളിത്തത്തിന്റെ മികവിൽ മത്സരാർത്ഥികൾക്ക് ആവേശവും രക്ഷിതാക്കൾക്ക് ആഘോഷവുമായി മാറി. കൊച്ചു കുട്ടികൾക്കായി നടത്തിയ കഥാവതരണം (സ്റ്റോറി ടെല്ലിങ്), ഗാനാഭിനയം (ആക്ഷന്‍ സോങ്), പ്രച്ഛന്നവേഷം (ഫാൻസി ഡ്രസ്സ്), വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി നാല് ഗ്രൂപ്പുകളായി കുട്ടികളെ തരംതിരിച്ച് മത്സരിപ്പിച്ച പ്രസംഗമത്സരം (സ്പീച്ച് കോമ്പറ്റീഷൻ), ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന സമൂഹഗാനം (ഗ്രൂപ്പ് സോങ്), സമൂഹ നൃത്തം (ഗ്രൂപ്പ് ഡാന്‍സ്) തുടങ്ങി എല്ലാ മത്സരങ്ങളും നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

സമയബന്ധിതമായി അവസാനിച്ച മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ചീഫ് ഗസ്റ്റ് ആയി എത്തിയത് ലണ്ടൻ മലയാളികൾക്ക് ഒന്നാകെ അഭിമാനമായ കുട്ടിതാരം റിഷോൺ ബിജോ ആണ്. കായിക ലോകത്തിലെ ഫുട്ബോൾ രാജാക്കന്മാരായ മറഡോണയും, മെസ്സിയും, റൊണാൾഡീനോയും കളിച്ച് വളർന്ന ബാഴ്‌സലോണ എഫ് സി ക്ലബ്ബിന്റെ ട്രെയിനിങ് ക്യാമ്പിലേക്ക് കാനഡയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റിഷോൺ കളിക്കൂട്ടം കൂട്ടുകാരിലൊരാളാണ് എന്ന് അറിയിച്ചുകൊണ്ടാണ് കളിക്കൂട്ടം നൽകിയ ഉപഹാരം ഏറ്റു വാങ്ങിയതും പ്രൗഡ ഗംഭീരമായ സദസ്സിന് നന്ദി പറഞ്ഞതും.

ലണ്ടന്‍ മലയാളികള്‍ക്കായുള്ള ഈ കലോത്സവം സ്‌പോണ്‍സര്‍ ചെയ്തത് ബോബന്‍ ജെയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) ആണ്. കാനഡ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വളരെപ്പെട്ടെന്ന് തന്നെ തങ്ങളുടേതായ ഒരു സ്ഥാനം കണ്ടെത്തിയ ട്രിനിറ്റി ഗ്രൂപ്പും അതിന്റെ അമരക്കാരൻ ബോബന്‍ ജെയിംസും ഒന്റാറിയോ പ്രൊവിൻസിൽ മാത്രം ഏകദേശം മുന്നൂറ്റിയൻപതോളം ആൾക്കാർക്കാണ് നേരിട്ടും അല്ലാതെയുമായി നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ജീവിതമാർഗ്ഗം ഒരുക്കി കൊടുത്തത്. സ്ട്രാറ്റ്‌ഫോര്‍ഡ് നിസ്സാന്‍, സ്ട്രാറ്റ്‌ഫോര്‍ഡ് കിയ, ഓക് വില്ലി മിത്‌സുബിഷി, മിസ്സിസാഗാ ക്രിസ്ലര്‍, ജീപ്പ്, ഡോഡ്ജ് തുടങ്ങി ഒന്റാരിയോ ആകെ പടര്‍ന്ന് പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പ് നിങ്ങളുടെ എല്ലാവിധ വാഹന ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു ഉത്തരം ആയിരിക്കും.

കളിക്കൂട്ടം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയ ബിജോയ് ജോണ്‍, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിന്‍, സെക്രട്ടറി ചിക്കു ബേബി, ട്രഷറര്‍ ജെറില്‍ കുര്യന്‍ ജോസ്, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ വൈശാഖ് നായര്‍, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ലിനിത ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ ഇമ്മാനുവേല്‍ തോമസ്, ഷിന്റോ സ്റ്റീഫന്‍, സഞ്ജു സാബു, അമിത് ശേഖര്‍ തുടങ്ങിയവർ നേതൃത്വം കൊടുത്ത കലാമേള അക്ഷരാർത്ഥത്തിൽ ആസൂത്രണ മികവിന്റെ നേർക്കാഴ്ച്ചയായി. ഈ കലോത്സവം ആഘോഷമാക്കിയ ലണ്ടനിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും വ്യക്തിപരമായി നന്ദി അറിയിക്കുന്നതിനൊപ്പം ദിവസം മുഴുവൻ ഫുഡ് കോര്‍ട്ട് ഒരുക്കി നാവിൽ രുചി വൈവിധ്യങ്ങളുടെ നവരസം പകർന്ന കര്‍ബീസ് കാറ്റേഴ്‌സിന്റെ ആത്മാർത്ഥതയെ അഭിന്ദിക്കുന്നതായും കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ് ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.