ചെന്നൈ: സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. അഞ്ചു വർഷത്തേക്കാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാകുക. പ്രായപരിധിയിൽ അയവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സർക്കാരിനെ സമീപിച്ചതിന് പിന്നാലെയാണ് ജനപ്രിയ തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം ഗ്രൂപ്പ് 1 സർവീസുകളിലേക്ക് അപേക്ഷിക്കാനുള്ള പൊതുവിഭാഗത്തിന്റെ പ്രായപരിധി 32-ൽ നിന്ന് 37 വയസ്സായും സംവരണ വിഭാഗങ്ങളുടേത് 37-ൽ നിന്ന് 42 വയസ്സായും ഉയരും. ഭിന്നശേഷി വിഭാഗത്തിലെ പൊതുവിഭാഗക്കാർക്ക് 47 വയസ്സു വരെയും സംവരണ വിഭാഗക്കാർക്ക് 52 വയസ്സു വരെയും അപേക്ഷിക്കാം. ഗ്രൂപ്പ് 2, 2A സർവീസുകളിൽ പൊതുവിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 30-ൽ നിന്ന് 35 ആയും, പൊതുവിഭാഗത്തിലെ ഭിന്നശേഷിക്കാർക്കുള്ള പരിധി 40-ൽ നിന്ന് 45 വയസ്സായും ഉയർന്നു. അതേസമയം, ഈ തസ്തികകളിൽ സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിലവിലുള്ളതുപോലെ പ്രായപരിധി ബാധകമായിരിക്കില്ല.

