PRAVASI

മദ്യപിച്ച് വാഹനം ഓടിച്ചാൽ പണി പാളും! 2,000 ലൈസൻസുകൾ റദ്ദാക്കാൻ കേരള പോലീസ്

Blog Image

സംസ്ഥാനത്ത് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ഒക്ടോബർ 20 മുതൽ 27 വരെ സംഘടിപ്പിച്ച ‘ഡ്രൈവ് സോബർ – സ്റ്റേ എലൈവ്’ എന്ന മിന്നൽ പരിശോധനയിലാണ് ഇത്രയും കേസുകൾ കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വണ്ടിയോടിച്ച 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 1,50,621 വാഹനങ്ങളാണ് ഒരാഴ്ച കൊണ്ട് തടഞ്ഞുനിർത്തി പരിശോധിച്ചത്.

സംസ്ഥാനമൊട്ടാകെ നടത്തിയ ഈ പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (678 കേസുകൾ). തൊട്ടുപിന്നാലെ കൊല്ലം സിറ്റി (619), തിരുവനന്തപുരം റൂറൽ (585), പാലക്കാട് (584), കോട്ടയം (528) എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്ത മറ്റ് പ്രധാന ജില്ലകൾ. എന്നാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള ശുപാർശയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോട്ടയമാണ് (507 പേർ). കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ നൽകിയ ശുപാർശകൾ.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന വാഹനാപകടങ്ങളും ജീവനഹാനിയും കുറയ്ക്കുക, ഉത്തരവാദിത്തമുള്ള റോഡ് സംസ്കാരം വളർത്തുക എന്നിവയായിരുന്നു ഈ പ്രത്യേക ഡ്രൈവിന്റെ പ്രധാന ലക്ഷ്യം. പരിശോധനകൾക്കൊപ്പം തന്നെ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളും പോലീസ് നടത്തിയിരുന്നു. വരുന്ന ദിവസങ്ങളിലും ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും റോഡുകളിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഇൻസ്‌പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവിമാരും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പൊതുജനങ്ങൾക്ക് റോഡിലെ നിയമലംഘനങ്ങൾ കണ്ടാൽ ‘ശുഭയാത്ര’ വാട്‌സ്ആപ്പ് നമ്പർ (9747001099) വഴി പോലീസിനെ അറിയിക്കാം. നിയമലംഘനത്തിന്റെ ഫോട്ടോ, വീഡിയോ, കൃത്യമായ സ്ഥലം, തീയതി, സമയം, വാഹന നമ്പർ എന്നിവയോടുകൂടിയാണ് സന്ദേശങ്ങൾ അയക്കേണ്ടത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.