മമ്മൂട്ടിയെ സന്ദർശിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നതോടെ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സന്ദർശിച്ചതെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്തെന്നും വിജിൻ വ്യക്തമാക്കി. സന്ദർശനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സ്നേഹപൂർവം സ്വീകരിച്ചെന്നും ദീർഘനേരം രാഷ്ട്രീയ, സാംസ്കാരിക കാര്യങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെച്ചെന്നും വിജിൻ കുറിച്ചു. മമ്മൂട്ടിയുടെ അനുഭവങ്ങളും മനുഷ്യത്വപരമായ നിരീക്ഷണങ്ങളും ജീവിതവീക്ഷണങ്ങളും ചർച്ചയിൽ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. എഴുപത്തഞ്ച് പിന്നിടുന്ന കലാപ്രതിഭയുമായി തികച്ചും ജനാധിപത്യപരമായ സംവാദമാണ് നടത്തിയതെന്നും വിജിൻ വ്യക്തമാക്കി.
Also Read: ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ച സംഭവം! ബന്ധപ്പെടാതെ കുഞ്ഞുണ്ടായെന്ന് യുവതി; തെളിവുകൾ നിരത്തിയിട്ടും ചുരുളഴിഞ്ഞത് വൻ രഹസ്യം
വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിവാദങ്ങൾ അന്നുതന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും വിജിൻ അഭിപ്രായപ്പെട്ടു. സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ച് അവസാനിപ്പിച്ച വിഷയത്തിൽ വീണ്ടും വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി യോജിച്ചും വിയോജിച്ചും സംവദിച്ചുമാണ് ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടുപോകേണ്ടതെന്നും രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്നും വിജിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചത്. പിന്നാലെ നേതാക്കൾക്കും നടനുമെതിരെ സി.പി.എം. അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നിരുന്നു. സംഭവത്തെ അപലപിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച മമ്മൂട്ടിയുടെ ക്ഷണപ്രകാരമായിരുന്നുവെന്ന വിജിന്റെ വിശദീകരണം വിവാദത്തിൽ പുതിയ പ്രതികരണമായി.

