PRAVASI

പെരുന്തച്ചനും മകനും

Blog Image

മഹാകവി ജി ശങ്കരക്കുറുപ്പിൻ്റെ ചരിത്ര പ്രസിദ്ധമായ പെരുന്തച്ചനും മകനും ഓർമ്മകളിലേക്ക് കടന്നു വരുന്നു.  മരംകൊണ്ട് മായാജാലം സൃഷ്ടിച്ച തച്ചന്മാരുടെ തച്ചൻ ആരാധകരുടെ ആവേശമായിരുന്നു.  ഒട്ടനവധിപേരുടെ പുകഴ്ത്തലുകളും പൂച്ചണ്ടുകളും പൂകികൊണ്ട് വിരാജിച്ച പെരുന്തച്ചൻ പ്രശസ്തിയിൽ നിന്ന് പ്രശസ്തിയിലേക്ക് കുതിച്ചു.  ക്ഷേത്ര നിർമ്മാണത്തിലും ക്ഷേത്രക്കുള നിർമ്മാണത്തിലും പ്രത്യേക വൈഭവും അത്യപൂർവ്വ ജ്ഞാനവും പെരുന്തച്ചനെ പ്രകീർത്തിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു.  മകൻ കണ്ണൻ്റെ ജനനവും അത്യപൂർവമായ തച്ചൻ പണിയിലെ മകൻ്റെ കരവിരുതും സമൂഹത്തിൽ അവൻ പെട്ടെന്ന് പിടിച്ചുപറ്റിയ അധിക പ്രശംസയും അംഗീകാരവും പെരുന്തച്ചൻ്റെ ള്ളിൽ അങ്കലാപ്പിനും അസൂയയ്ക്കും കളം ഒരുങ്ങി.  സ്വന്തം മകൻ്റെ പൊടുന്നനവെയുള്ള ഉയർച്ചയിൽ ഒട്ടും ആനന്ദം കണ്ടെത്തുവാൻ കഴിയാതെ വൈകാരികമായ ഒരു വിദ്വേഷവും വെറുപ്പും പെരുന്തച്ചനിൽ വളർന്നു പൊങ്ങി.

ഇക്കാലമൊക്കെയും എല്ലാവരും തന്നെ പ്രശംസിച്ചു പെട്ടെന്ന് ഇതാ എല്ലാവരും മകനെ 
ശ്രദ്ധിക്കുന്നു.  അവൻ്റെ കരകൗശല പണി വിസ്മയവും ആവേശവും ജന ഹൃദയങ്ങളിൽ സൃഷ്ടിച്ചപ്പോൾ പെരുന്തച്ചനിൽ അത് അസൂയയും പകയുമായി മാറി.  മാത്രമല്ല പെരുന്തച്ചൻ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന എല്ലാം ആചാരങ്ങളും സംസ്കാരങ്ങളും തകിടം മറിച്ചുകൊണ്ടുള്ള മകൻ്റെ പുതിയ രംഗം പ്രവേശവും അവതരണ ശൈലിയും പെരുന്തച്ചനെ പ്രകോപിപ്പിച്ചു.  അങ്ങനെ ഒരു ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ ഒരു ദിവസം പണിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ താഴെ നിൽക്കുന്ന മകൻ്റെ കഴുത്തിലേക്ക് വലിയ ഘനമുള്ള മൂർച്ചയേറിയ ഉളി മുകളിൽ നിന്ന് തള്ളിയിട്ട് സ്വന്തം മകനെ പെരുന്തച്ചൻ കൊലപ്പെടുത്തി.   ഇതൊരു അപകട മരണമാണെന്ന് പെരുന്തച്ചൻ വരുത്തി തീർക്കുവാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ആരാധകരും അത് ചെവികൊണ്ടില്ല.  പെരുന്തച്ചൻ സ്വന്തം കൈകൊണ്ട് വരുത്തിയ കൊലപാതകമാണ് ഇത് എന്ന് അവർ വിശ്വസിച്ചു.   പിന്നീടുള്ള ദിനങ്ങൾ പെരുന്തച്ചൻ താൻ ചെയ്തതും മകന് സംഭവിച്ചതും ഓർത്ത് നീറിക്കഴിഞ്ഞു.    ഒടുവിൽ നിരാശയിലും വേദനയിലും എല്ലാ കഴിവും നഷ്ടപ്പെട്ട് ഹൃദയം തകർന്നവനായി മരണംവരെ ദുഃഖപൂർണ്ണമായ ജീവിതം നയിച്ചു. 

 ഈ പതനത്തിൻ്റെ പിന്നിൽ ഒളിച്ചിരുന്ന രഹസ്യം എന്തായിരുന്നു?  അസൂയയും അഹങ്കാരവും ഇഷ്ട തോഴന്മാരായി തൻ്റെ ജീവിതത്തെ കടന്നുപിടിച്ചു. ഡംഭവും സ്വാർത്ഥതയും ജീവിതത്തിൻ്റെ വഴികാട്ടികളായി മാറി.  സ്വന്തം മകൻ വളർന്ന് പ്രശസ്തനായതിൽ ഒട്ടും ആനന്ദം കണ്ടെത്തുവാൻ കഴിയാതെ പെരുന്തച്ചൻ ഞരങ്ങുന്നു.  ഇന്നുള്ള ഭാഷയിൽ പറഞ്ഞാൽ മകന് ഫോളോവേഴ്സ് കൂടി ലൈക്കും വർദ്ധിച്ചപ്പോൾ അപ്പന് ആധി ഇളകി.  അസൂയ എന്ന മാരകമായ വിഷത്താൽ പെരുന്തച്ചൻ ബാധിതനായി മാറി.   തന്നെക്കാൾ മികച്ചവനായി ആരും വളരരുത് എന്ന ചിന്ത ഒരു നീരാളി പോലെ തന്നെ ചുറ്റിപ്പിടിച്ചു.  ഒടുവിൽ അത്  ഒരു  കൊലപാതകത്തിലേയ്ക്കും തൻ്റെ വീഴ്ചയ്ക്കും കാരണമായി മാറി.

മറ്റുള്ളവരെ ആരെങ്കിലും കൂടുതൽ സ്നേഹിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ വിദ്വേഷവും പകയും പൊട്ടി മുളയ്ക്കുന്നു എങ്കിൽ  അതിൻ്റെ വേരുകൾ നാം പിഴുതു മാറ്റണം.  സമൂഹത്തിൽ നാം പാർക്കുമ്പോൾ മറ്റുള്ളവരുടെ ഉയർച്ചയിലും വളർച്ചയിലും നാം സന്തോഷം കണ്ടെത്തണം.  ഇസ്രയേലിൻ്റെ ഒന്നാമത്തെ രാജാവായ ശൗൽ ഒരു പാട്ട് കേട്ടു.  ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ (1 ശമുവേൽ 18:7-8).  ഇത് അവനെ കണ്ണുകടിയിലേക്കും ഒടുവിൽ തൻ്റെ ദാരുണമായ പതനത്തിലേക്കും മരണത്തിലേക്കും അവനെ എത്തിച്ചു. 

അപ്പനും മകനും, ഗുരുവും ശിഷ്യനും, ഭാര്യയും ഭർത്താവും, അയൽക്കാരും അയൽക്കാരും ഇങ്ങനെ നീളുന്ന ഒരു നിരകളുടെ തമ്മിലുള്ള വടം വലികൾ അവസാനിപ്പിക്കുമ്പോൾ ജീവിതം ശാന്തമാകും.  തിരുവചനം ഇങ്ങനെ പറയുന്നു ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ  (ഫിലി: 2.3).   ഈ സത്യം തിരിച്ചറിയുമ്പോൾ രാഷ്ട്രീയ മത മേഖലകളിലും കുടുംബ ജീവിതങ്ങളിലും ഔദ്യോഗിക തലങ്ങളിലും വ്യക്തി വൈരാഗ്യങ്ങൾ അവസാനിക്കും.  പരസ്പരം അംഗീകരിക്കുവാനും ബഹുമാനിക്കുവാനും നാം ചുമൽ കൊടുക്കുമ്പോൾ സംഘട്ടനങ്ങൾക്കും സംഘർഷങ്ങൾക്കും എല്ലാ തലങ്ങളിലും അയവ് സംഭവിക്കും.   ഞാൻ എന്ന ഭാവവും ചിന്തയും കുഴിച്ചിടുന്നില്ലെങ്കിൽ നാം കുഴിയിൽ അകപ്പെടും ഇന്നല്ലെങ്കിൽ നാളെ ഇടറി വീഴും.   ഇന്ന് സ്വാർത്ഥതയും അസൂയയും വൈരാഗ്യങ്ങളും പമ്പാ നദി പോലെ മനുഷ്യൻ്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് ഒഴുകുകയാണ്.  ഈ കുത്തൊഴുക്കിൽ പെട്ട് ഒത്തിരി ജീവിതങ്ങൾ തട്ടി തകർന്നു.  ഇതിനൊരു അന്ത്യം വരണമെങ്കിൽ നാം നമ്മളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞ് നോക്കേണ്ടിയിരിക്കുന്നു. 

പല  ദുരന്തങ്ങളുടെയും പ്രധാന കാരണം അസൂയയിൽ നിന്നാരംഭിക്കുന്നു.  ആദ്യത്തെ കായീൻ കൊലപാതകം അസൂയയിൽ നിന്ന് പുറത്തു വന്നു.  അസൂയ അസ്ഥികൾക്ക്  ദ്രവത്വം (സദൃശ്യ വാക്യം14.30).   ഇവിടെ മനുഷ്യർക്ക് സ്നേഹിക്കുവാനും ബഹുമാനിക്കുവാനും ഉള്ള മനസ്സാക്ഷി നഷ്ടപ്പെടുകയാണ്.  എന്നും എല്ലാവരും എനിക്കുവേണ്ടി മാത്രം കയ്യടിച്ചു കൊള്ളണം.  ഇത് സ്വാർത്ഥതയുടെ പര്യായമാണ്. .   ദൈവം മനുഷ്യനെ വ്യത്യസ്തമായ കഴിവുകളും ജ്ഞാനവും  കൊടുത്താണ് സൃഷ്ടിച്ചിരിക്കുന്നത്.  ഇതാണ് ദൈവ സൃഷ്ടിയുടെ മനോഹരത്വം.  ഇത് മനസ്സിലാക്കൂ തിരിച്ചറിയൂ.  നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കി കൊള്ളട്ടെ!
 (1 കൊരിന്ത്യ. 10: 12)

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.