PRAVASI

സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍

Blog Image

യേശുക്രിസ്തു തന്‍റെ പരസ്യ ശുശ്രൂഷാവേളയില്‍ തിരുവായ് മൊഴിഞ്ഞ് അനേക വിഷയങ്ങള്‍ ജനത്തോടും ശിഷ്യന്മാരോടും പ്രസ്താവിച്ചിട്ടുണ്ട്. മത്തായി എഴുതിയ സുവിശേഷം അഞ്ചാം അധ്യായത്തില്‍ ലോകപ്രസിദ്ധമായ ഗിരി പ്രഭാഷണം നാനാ ജാതി മതസ്ഥര്‍ക്കും സുപരിചിതമാണ്. ഇത് ശിഷ്യന്മാരോട് ഉപദേശിച്ച വിഷയങ്ങള്‍ ആണെങ്കിലും സകല ഭൂ വാസികള്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയ വിഷയമാണ്. പഴയനിയമ പ്രമാണങ്ങള്‍ക്കും പ്രവാചകന്മാര്‍ക്കും യേശു എതിരല്ല എന്ന തെളിയിക്കുന്ന വാക്യങ്ങളാണ് 17 മുതല്‍ 20 വാക്യങ്ങള്‍. ന്യായപ്രമാണത്തെയും പ്രവാചകന്‍മാരെയും നീക്കുവാന്‍ അല്ല നിവര്‍ത്തിപ്പാനാണ് ഞാന്‍ വന്നത് എന്ന് യേശു പറഞ്ഞു. ഒരു പ്രത്യേക വിഷയം ഓര്‍പ്പിക്കുവാനാണ് ഞാന്‍ ഈ ചിന്തയിലൂടെ ആഗ്രഹിക്കുന്നത് യേശുക്രിസ്തു തിരുവാമൊഴിഞ്ഞും, ഉപദേശിച്ചും, ആജ്ഞാപിച്ചും, ഉപമകള്‍ പറഞ്ഞു നല്‍കുകയും പുതിയ കല്‍പ്പനകള്‍ നല്‍കിയും ഒക്കെയായിരുന്നു യേശുവിന്‍റെ ശുശ്രൂഷകള്‍. ഏറ്റവും പ്രധാനമായി വരുന്ന ഒരു വിഷയമാണ് ചിന്തിപ്പാന്‍ ആഗ്രഹിക്കുന്നത്. യഹൂദന്മാരുടെ ഇടയില്‍ പല സമൂഹത്തില്‍പ്പെട്ടവരെ അവഗണിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അങ്ങനെയുള്ള സമൂഹങ്ങളെ ചേര്‍ത്തുനിര്‍ത്തി യേശു അങ്ങനെ ഉള്ളവരെ പരിഗണിക്കുന്നതായി കാണാം. അതില്‍ പ്രധാനമായും സമൂഹത്തിലുള്ള ചിലരെ എടുത്തുകാണിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
 1. ചുങ്കക്കാര്‍ യഹൂദന്മാരുടെ ഇടയില്‍ നിഷേധിക്കപ്പെട്ട ജോലിയാണ് ചുങ്കംപിരിവ്. ഇതില്‍ പ്രമാണിയായ സക്കായിയെക്കുറിച്ച് കാണുവാന്‍ സാധിക്കും. യഹൂദന്മാര്‍ ഇങ്ങനെയുള്ളവരെ അവഗണിച്ചപ്പോള്‍ കര്‍ത്താവ് സക്കായിയെ ചേര്‍ത്തുനിര്‍ത്തി എന്നിട്ട് പറഞ്ഞു ഞാന്‍ ഇന്ന് നിന്‍റെ വീട്ടില്‍ പാര്‍ക്കേണ്ടത് ആകുന്നു. 
 ഇവനും അബ്രഹാമിന്‍റെ മകനാകയാല്‍ ഈ വീടിന് രക്ഷ വന്നു, കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കാനല്ലോ മനുഷ്യന്‍ വന്നത് എന്ന് പറഞ്ഞു. ഇവിടെ ആണ് ന്യായപ്രമാണത്തിന് സാധിക്കാതെ പോയതിന് നിവര്‍ത്തിപ്പാനായി യേശു വന്നതിന്‍റെ ഉദ്ദേശം.
2. വേശ്യകള്‍
 പ്രാചീന യഹൂദ സമൂഹത്തില്‍ വേശീയവൃത്തിയും വേശ്യകളുടെ സ്ഥാനവും തികച്ചും സങ്കീര്‍ണവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ആയിരുന്നു മതപരമായും സാമൂഹ്യപരമായും ഈ തൊഴില്‍ കടുത്ത അപമാനം ആയി കരുതപ്പെട്ടിരുന്നു, ഒരു വ്യവസ്ഥിതി എന്ന നിലയില്‍ ഇത് സമൂഹത്തില്‍ നിലനിന്നിരുന്നു എന്ന് മാത്രം. യഹൂദന്മാരുടെ ഇടയില്‍ വേശ്യകള്‍ക്ക് ഉണ്ടായിരുന്ന സ്ഥാനം വിവിധമായിരുന്നു സമൂഹത്തില്‍ ഏറ്റവും താഴ്ന്ന സ്ഥാനം സമൂഹത്തില്‍ യാതൊരു രീതിയിലും ആദരവും ലഭിച്ചിരുന്നില്ല മതപരമായ വിലക്കുകളും കര്‍ശന നിയമങ്ങളും ഇവരുടെ മേല്‍ നിലനിന്നിരുന്നു യഹൂദന്മാരുടെ വിശുദ്ധ തോറയില്‍ വേശ്യവൃത്തിയെ കഠിനമായി വിലക്കിയിരുന്നു. കുടുംബങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മോശെയുടെ നിയമപ്രകാരം ലേവ്യ.19 അധ്യായം 29 വാക്യത്തില്‍ കഠിനമായ പാപമായി പ്രഖ്യാപിച്ചിരുന്നു. പുരോഹിതന്മാര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ഒരു വേശ്യയെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു കൂടാതെ ഒരു പുരോഹിതന്‍റെ മകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ അവളെ തീയില്‍ ഇട്ട് കൊല്ലണം എന്നുള്ള  കടുത്ത നിയമവും ഉണ്ടായിരുന്നു (ലേവ്യ.21.9 )
വരുമാനത്തിന് വിലക്ക്.
വേശ്യാവൃത്തിയിലൂടെ സമ്പാദിക്കുന്ന പണം ദൈവാലയത്തില്‍ വഴിപാടായിട്ടും, നേര്‍ച്ച ആയോ സ്വീകരിക്കാന്‍ പാടില്ല. (ലേവ്യ. 23.18)
ക്ഷേത്ര വേശ്യകളും വിഗ്രഹ ആരാധനയും.
യെഹൂദാ മതത്തില്‍ വേശ്യവൃത്തിയെ ഏറ്റവും വലിയ പാപമായി കാണാനുള്ള പ്രധാന കാരണം കനാന്യരുടെ ഫലഭൂയിഷ്ഠിത മൂര്‍ത്തിയുമായി ഇതിന് ബന്ധമുണ്ടായിരുന്നു. ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ കെദേശ എന്ന് വിളിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ യെഹൂദാ പ്രവാചകന്മാര്‍ ശക്തമായി എതിര്‍ക്കുകയും യഹോവയോടുള്ള അവിശ്വസ്തതക്ക് വേശ്യ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. എന്നിരുന്നാലും വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഇങ്ങനെയുള്ളവരെ ആദരവ് നല്‍കിയ സംഭവങ്ങളും ഉണ്ട്. രാഹാബ്, താമാര്‍ ഇവര്‍ ഇസ്രായേല്‍ വംശാവലിയിലെ പ്രധാനപ്പെട്ട ചരിത്രത്തിലെ പ്രധാന വ്യക്തികള്‍ ആണ്.  സമൂഹം അവഗണിക്കപ്പെട്ട ഒരു വേശ്യായെ കല്ലെറിഞ്ഞു കൊല്ലണമെന്ന് പറഞ്ഞു കൊണ്ടു യേശുവിന്‍റെ മുന്‍പില്‍ നിര്‍ത്തിയ സംഭവം സുവിശേഷത്തില്‍ കാണുന്നു. സമൂഹം അവഗണിച്ച സ്ത്രീയെ യേശു ശിക്ഷ വിധിക്കാതെ മേലില്‍ പാപം ചെയ്യരുത് എന്ന് പറഞ്ഞു സ്വാതന്ത്രമായിവിടുന്നു. വന്നവരോട് യേശു പറഞ്ഞത് നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ ആദ്യം കല്ലെറിയട്ടെ ഇവിടെയാണ് യേശു രക്ഷകനായി പ്രത്യക്ഷപ്പെടുന്നത്. ഇതുപോലെ സമൂഹം അവഗണിക്കപ്പെട്ടവരാണ് ഭിക്ഷക്കാര്‍, മുക്കവന്മാര്‍ എന്നിവര്‍. ഇവര്‍ ക്കൊക്കെ യേശു രക്ഷകനായി വന്നു അംഗീകാരം നല്‍കുന്ന സംഭവങ്ങള്‍ കാണാന്‍ സാധിക്കും. കുഷ്ഠരോഗികള്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരാണ് യേശു അവരെ സൗഖ്യമാക്കി അവഗണിക്കപ്പെട്ടവരെ എല്ലാം സമൂഹത്തിലേക്ക് ചേര്‍ത്തുനിര്‍ത്തി അവരെ മാന്യതയിലേക്ക് നടത്തിയ സംഭവം ദൈവവചനത്തില്‍ കൂടെ വായിക്കാന്‍ സാധിക്കും. യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവ മക്കള്‍ എന്ന് അഭിമാനിക്കുന്ന ആത്മീയരിലേക്കു നാം കണ്ണോടിച്ചാല്‍  ജൂതന്മാരെക്കാള്‍ ദുഷിച്ച പ്രവണതയുള്ളവരായി കാണാന്‍ സാധിക്കും. 
സമൂഹത്തില്‍ വെച്ച് അവരെ താഴ്ത്തി കെട്ടുകയും പരസ്യമായി അവഹേളിക്കുകയും ചെയ്യുമ്പോള്‍ ഇവരെക്കുറിച്ച് കര്‍ത്താവ് പറഞ്ഞ വാക്ക് ഓര്‍മ്മയില്‍ വരുന്നത് കപട ഭക്തിക്കാര്‍ എന്നാണ്. വന്ദിച്ചില്ല എങ്കിലും നിന്ദിക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സഭകളില്‍ സാമ്പത്തികം കുറഞ്ഞവരും കൂടിയവരും ഉണ്ട് എന്നാല്‍ യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ വീണ്ടും ജനനം പ്രാപിച്ചും ഒരു അപ്പത്തിന്‍റെ അംശി എന്ന് പറഞ്ഞിട്ട് സമൂഹത്തിനു മുമ്പില്‍ എളിയവരെ അപമാനിക്കുന്നത് യുക്തിക്ക് യോജിക്കുന്നില്ല സമൂഹം നിങ്ങളെ വിവിധ നിലകളില്‍ അംഗീകരിക്കാതെ ഇരുന്നാലും ഭാരപ്പെടേണ്ട സമൂഹത്തില്‍ അവഗണിച്ച സകലരെയും യേശു മാനിച്ചും അംഗീകരിച്ചും പോയതിനാല്‍ നിങ്ങള്‍ക്കും ഒരു മാന്യതയും അംഗീകാരവും ലഭിക്കും എന്നുള്ള വിശ്വാസത്താല്‍ മുന്നേറുവാന്‍ ദൈവം സംഗതി ആകട്ടെ.
1 കോരി.1. 27 ല്‍ പറയുന്നത്. ജ്ഞാനികളെ ലജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായത് തെരഞ്ഞെടുത്തു, ഉള്ളതിനെ ഇല്ലായ്മ ആക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തെരഞ്ഞെടുത്തു ദൈവസന്നിധിയില്‍ ഒരു പ്രശംസ ഇരിപ്പാന്‍ തന്നെ യേശുക്രിസ്തു തന്‍റെ പരസ്യ ശുശ്രൂഷ കാലയളവില്‍ ശിഷ്യഗണത്തെ തിരഞ്ഞെടുത്തത് തന്നെ എത്രയോ ചിന്തനീയമാണ് പത്രോസിനെ പോലെയുള്ള വ്യ ക്തികളെ ദൈവം തെരഞ്ഞെടുത്തത് യഹൂദന്‍റെ മേല്‍ ഏറ്റ പ്രഹരം ആയിരുന്നു. അവര്‍ക്ക് സമൂഹത്തില്‍ എങ്ങനെ ഇടപെടണമെന്നോ, എങ്ങനെ സംസാരിക്കണം എന്നോ സാഹചര്യത്തിനനുസരിച്ച് എന്ത് സംസാരിക്കണം എന്ന് ഉള്ള യാതൊരു വിവരവും ഇല്ല, മീനുമായി കരയില്‍ എത്തുമ്പോള്‍ അവരുടെ സ്വഭാവത്തിന് മാറ്റം വരും ആരെന്ന് മുഖം നോക്കാതെ എന്തും വിളിച്ചുപറയും എന്നാല്‍ യേശു തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ ചുങ്കക്കാര്‍ മുതലായവരെ കണ്ടെത്തി യേശുവിനോട് ചേര്‍ത്തുനിര്‍ത്തി. സമൂഹത്തില്‍ വലിയ സ്ഥാനങ്ങളില്‍ അല്ലാതെ അവഗണിക്കപ്പെട്ടവരെ കര്‍ത്താവ് പരിഗണിച്ചു. ചേര്‍ത്തുനിര്‍ത്തി അവരുടെ കാലുകളെ കഴുകി വിലയേറിയ വാഗ്ദത്തങ്ങള്‍ നല്‍കി സമൂഹത്തിന്‍റെ മുന്‍പാകെ മാനിച്ചു. വീട് പണിതവര്‍ തള്ളിക്കളഞ്ഞ് മൂല കല്ല് ആയി തീര്‍ന്നു എന്ന് പറയും പോലെ സഭകളുടെ തൂണുകളായി അവര്‍ എണ്ണപ്പെട്ടു. ദൈവത്തിന്‍റെ പക്കല്‍ മുഖം ഇല്ലല്ലോ. ദൈവത്തിന് കാരണ തോന്നേണം എന്നുള്ളവനോട്  കരുണതോന്നുകയും എനിക്ക് കനിവ് തോന്നേണം എന്നുള്ളവനോട് കനിവ് തോന്നിക്കുകയും  ചെയ്യും, എന്‍റെ ജനം അല്ലാത്തവരെ എന്‍റെ ജനം എന്നും പ്രിയ അല്ലാത്തവളെ പ്രിയ എന്ന് ഞാന്‍ വിളിക്കും നിങ്ങള്‍ എന്‍റെ ജനം അല്ല എന്ന് അവരോട് പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്ന് വിളിക്കപ്പെടും എന്നുള്ള വചനം പ്രവാചകന്‍ഹോശേയ പ്രവചന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 
പ്രിയരേ സമൂഹങ്ങള്‍ നിങ്ങളെ വിടക്കു കല്‍പ്പിച്ചാലും അവഗണിച്ചാലും നിങ്ങളെ സൃഷ്ടിച്ച സൃഷ്ടാവ് നിങ്ങളെ മാന്യത കല്‍പ്പിച്ച ശ്രേഷ്ഠ അനുഭവത്തിലേക്ക് നടത്തും പത്രോസിനെയും ശേഷം ശിഷ്യന്മാരെയും സമൂഹങ്ങള്‍ അവഗണിച്ചുവെങ്കിലും കര്‍ത്താവ് അവരെ ചേര്‍ത്ത് നിര്‍ത്തി. ദാവീദ് ഇപ്രകാരം പറഞ്ഞു എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു എങ്കിലും യഹോവ ചേര്‍ത്തു കൊള്ളും. (സങ്കീ. 27.10) ഒരു പക്ഷെ ജീവിതത്തില്‍ ഒറ്റപ്പെടേണ്ട അനുഭവങ്ങള്‍ ഉണ്ടായി എന്ന് വരാം. കര്‍ത്താവ് പറഞ്ഞിട്ടുണ്ട് ഭയപ്പെടേണ്ടാ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട്. ഈ ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയം വെക്കുക. നിന്ദിച്ചവരുടെ മുന്നിലും അപമാനിച്ചവരുടെ മുന്‍പിലും നിങ്ങളെ മാനിച്ചു നില്‍ക്കുമാറാക്കും, അതിനായി ദൈവ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കുക. സമാധാനത്തിന്‍റെ ദൈവം നിങ്ങളെ കാത്തു സൂക്ഷിക്കുമാറാകട്ടെ. മാറാ നാഥാ

 പാസ്റ്റര്‍ പി. പി കുര്യന്‍ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.