PRAVASI

പാരിജാതം

Blog Image

വെള്ള സാരിയും വെള്ള ബ്ലൗസും അ അവളുടെ സ്റ്റൈലിൽ ഭംഗിയായി ചുറ്റി. കണ്ണാടിയിൽ നോക്കി വലിയ വട്ടത്തിലുള്ള ചുവന്ന പൊട്ടുതൊട്ടു. കട്ടിയിൽ കണ്ണെഴുതി. തലമുടി വിടർത്തിയിട്ടു. ചെറിയ സുന്ദരി തന്നെ..

"എങ്ങനുണ്ട് മിത്രേ എൻ്റെ ലുക്ക്?"

"ഹോട്ട്.. എന്താ വയസ്സു കാലത്തൊരിളക്കം?"

"എന്തെങ്കിലും പ്രത്യേകതയുള്ള ദിവസമാണോ?"

"ഹേയ് അങ്ങനെയൊന്നുമില്ല."

ഈ വേഷത്തിൽ എന്നെക്കാണാൻ ഒരുപാടാഗ്രഹിച്ചതാണ് അവൻ.

"ഗൗരി നിങ്ങൾക്ക് രണ്ടുപേർക്കും വാശിയൊക്കെ ഉപേക്ഷിച്ച് ഒന്നായിക്കൂടെ?"

"ഇനിയത് വേണ്ടാ.. അവൻ സമാധാനമായി കഴിഞ്ഞോട്ടെ."

"ഞാൻ ശരിയാവില്ല. എനിക്കുതന്നെ അറിയാം."

മിത്ര അവൾക്കരുകിലേക്കുചെന്നു.

"ഗൗരി നിൻ്റെ സ്നേഹം വളരെ ആഴമേറിയതാവാം. നിൻ്റെ ലോകം അവൻ മാത്രമാവാം. നീ അവനിൽ മാത്രം ഒതുങ്ങിപ്പോയതാവാം. അതേപോലെ നിൻ്റേതു മാത്രമായി അവൻ വേണമെന്ന് ശഠിക്കുന്നത് ഒരുതരം സ്വാർത്ഥതയാണ്. കുറച്ചു കഴിയുമ്പോൾ അവർക്ക് ശ്വാസം മുട്ടിത്തുടങ്ങും."

"അവനെ ഞാൻ ആരിൽനിന്നും അകറ്റിയിട്ടില്ല മിത്രേ. അതെൻ്റെ സ്വഭാവമല്ല."

"നിൻ്റെ മനസ്സ് മരമോ കല്ലോ വല്ലതുമായിരിക്കും. നിനക്കിതൊന്നും പറഞ്ഞാ മനസ്സിലാവില്ല."

"ശരിയാ ഗൗരി. ഒട്ടും മനസ്സാക്ഷിയില്ലാത്തവൾ."

"നിന്നോടിന്ന് എൻ്റെ പ്രണയത്തെപ്പറ്റി പറയട്ടെ? നീ ചോദിച്ചില്ലേ ഞാനെന്താ വിവാഹിത ആവാതിരുന്നതെന്ന്!"

"ഒരേ സമയം രണ്ടുപേരുടെ ചതി നേരിട്ടവളാണ് ഞാൻ. ആത്മാവിനോട് ചേർത്തു നിർത്തിയ രണ്ടുപേർ. ഒന്നെൻ്റെ കളിക്കൂട്ടുകാരി. ഒന്ന് ഞാനെൻ്റെ പ്രാണൻ കൊടുത്തു സ്നേഹിച്ചവൻ. നിന്നെപ്പോലെ തന്നെ അന്ധമായി വിശ്വസിക്കുകയും, ആഴത്തിൽ സ്നേഹിക്കുകയും ചെയ്തവർ."

ഗൗരി നടുക്കത്തോടെ അവളെ നോക്കി.

"സ്നേഹിച്ച് സ്നേഹിച്ച് അവനായിമാറിയിരുന്നു ഞാൻ. എന്നിലേക്കവൻ വന്നുകഴിഞ്ഞ് എന്നെ മാത്രമായി എനിക്കെന്നെ കിട്ടിയിട്ടില്ല."

അത്രക്കുമാഴത്തിൽ അവനെന്നിലുണ്ടായിരുന്നു.

പത്തു വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതമില്ലാത്തതു കൊണ്ട് ദൂരെയുള്ള ഒരമ്പലത്തിൽ വിവാഹം കഴിക്കാനുള്ള ദിവസവും കുറിച്ചു.

"ആ സമയത്ത് ഒരു പെണ്ണിൻ്റെ മനസ്സ് എങ്ങനെ ആയിരിക്കുമെന്ന് നിനക്ക് പറഞ്ഞു തരേണ്ടല്ലോ."

"ആ ദിവസം അവളുടെ വീട്ടിലേക്കാണ് ഞാൻ ആദ്യം പോയത്. അവൾ വീട്ടിലില്ലായിരുന്നു. അവൻ്റെ വരവിനായി കാത്തുനിന്ന എന്നിലേക്ക് വന്ന വാർത്ത കൂട്ടുകാരിയും അവനും വിവാഹിതരായി എന്നാണ്."

ഗൗരി ഉള്ളുരുക്കത്തോടെ അവളെ നോക്കി.

എൻ്റെ ദൈവമേ.. അവൾ ഉള്ളിൽ കരഞ്ഞു.

"ആത്മഹത്യക്ക് പലതവണ ശ്രമിച്ചു. പക്ഷേ ചത്തില്ല. പതിയെ മനസ്സും കൈവിട്ടുപോയി.. പിന്നെ ഭ്രാന്തിനുള്ള ചികിത്സയിലായിരുന്നു ഞാൻ."

ഒന്നു ശ്വാസം വിടാൻപോലുമാവാതെ സ്തംഭിച്ചിരിക്കുകയാണ് ഗൗരി.

"ഈ ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട വർഷങ്ങൾ എടുത്തു."

"പോട്ടെ. ഞാനൊരു കല്ലോ മരമോ ആണോയെന്ന് ചോദിച്ചതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം."

അപ്പോഴും ഗൗരി മരവിപ്പിൽതന്നെ ആയിരുന്നു.

എങ്ങനെ കഴിയുന്നെൻ്റെ ദൈവമേ ഇങ്ങനെയൊക്കെ ചതിക്കാൻ.

അവൾ മിത്രയുടെ അടുത്തെത്തി കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ശിരസ്സ് മുട്ടിച്ചു.

"മാപ്പ്. എനിക്കിതൊന്നും അറിയില്ലായിരുന്നു."

"സാരമില്ല.. നീ സങ്കടപ്പെടേണ്ട. നമ്മൾ പരിചയപ്പെട്ടിട്ട് അധികനാളായില്ലല്ലോ."

"അതുകൊണ്ടാണ് നീയൊന്നും അറിയായിരുന്നത്."

"വാ നമുക്കൊരു ഇഞ്ചിയിട്ട ചായ ഉണ്ടാക്കി കുടിക്കാം."

"ചായ കൊള്ളാം ട്ടോ. അടിപൊളി ടേസ്റ്റ്."

"ഗൗരി..."

"നിൻ്റെ സ്നേഹം കാണുമ്പോൾ എനിക്ക് ഭയമാവുന്നു. ഇങ്ങനെ ആരെയും സ്നേഹിക്കരുത്. അവർക്കും വല്ലാത്തൊരു ശ്വാസം മുട്ടലായി ഇതു മാറും. അതുകൊണ്ട് പറയുകയാണ്."

"എല്ലാവരെയും ജീവിതത്തിൻ്റെ ഒരു ഭാഗമായി കാണാൻ ശ്രമിക്കൂ. സ്നേഹം പകർന്ന് നൽകുകയും വേണം."

"സ്വയം സ്നേഹിക്കണം. ആത്മബഹുമാനം വേണം. നമുക്കായി ഒരു ചെറിയ സ്പേസ് മാറ്റിവെക്കാനും മറക്കരുത്."

"എല്ലാം ശരിയാണ് മിത്രേ. പക്ഷേ അവൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് അവനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സ്‌നേഹിക്കുന്നുവെന്ന് പറയുന്നതുമൊക്കെ. എന്നിട്ടും അവനെൻ്റെ മനസ്സ്, എൻ്റെ സ്നേഹം മനസ്സിലാവാതെ പോകുന്നത് എന്തുകൊണ്ടാണ്?"

അവളുടെ മനസ്സ് വീണ്ടും അസ്വസ്ഥമാവാൻ തുടങ്ങി..

"ഈ വിഷയം വിടാം."

സന്ധ്യയായി. മാനമിരുണ്ടു തുടങ്ങിയിട്ടുണ്ട്. മഴപെയ്യാൻ കാത്തിരിക്കുവാ ഞാൻ. ഇന്ന് പെയ്യുന്ന മഴയിൽ എനിക്ക് മതിവരുവോളമോന്നു നനയണം. ആടി തിമിർക്കണം.

"നീ വരുന്നോ?"

മിത്ര ചിരിച്ചു.

"ഇല്ലാ."

"എങ്കിൽ എൻ്റെ ഫോൺ കയ്യിൽ വെച്ചോ. അതിലൊരു മെസ്സേജ് വരും. അതെന്താവുമെന്നും എനിക്കറിയാം."

എന്തായാലും നീ വായിച്ചിട്ട് എന്നോട് പറയണം.

മഴയുടെ ഇരമ്പം കേട്ടപ്പോ ഗൗരി മുറ്റത്തേക്കോടി.

ചെറിയ ചാറ്റൽ മഴ കൊണ്ട് തിരിഞ്ഞുനോക്കി അവൾ മിത്രയെ വിളിച്ചു. "വരുന്നെങ്കിൽ വാ."

ഇല്ലെന്ന് മിത്ര തലയാട്ടി.

അപ്പോഴാണ് ഫോണിലേക്ക് മെസേജ് ടോൺ വന്നത്.

തുടരും...

രത്നാ റാണി (യാമിനി) 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.