കാഞ്ഞാങ്ങാട്ടെ വെള്ളിക്കോത് കാരക്കുഴി കീര്‍ത്തി വിനായക വീട്ടില്‍ രണ്ടാഴ്ചയായി തേങ്ങലുകള്‍ മാത്രമാണ് ബാക്കിയാകുന്നത്.
മാര്‍ച്ച് 31 നു വീട്ടിലേക്ക് എത്തിയ ഫോണ്‍ കോളില്‍ ഏക മകള്‍ ലണ്ടനിലെ തേംസ് നദിയില്‍ വീണു മരിച്ചെന്ന സന്ദേശം പട്ടാളക്കാരനായ അച്ഛന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസം നിറഞ്ഞതായിരുന്നു. കാഴ്ചയില്‍ പോലും കുട്ടിത്തം മായാത്ത കീര്‍ത്തി രാജഗോപാല്‍ പഠിക്കാന്‍ തിരഞ്ഞെടുത്തതും കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ആയിരുന്നു എന്നതും യാദൃച്ഛികതയായി. ഇന്ത്യയില്‍ കാര്യമായി വികസിക്കാത്ത കോഴ്സ് പഠിക്കാന്‍ ഏറ്റവും നല്ലത് ലണ്ടനില്‍ ആണെന്ന ഉപദേശം സ്വീകരിച്ചാണ് ലണ്ടന്‍ കിങ്‌സ് കോളേജിലെ ഇന്റര്‍നാഷണല്‍ ചൈല്‍ഡ് റൈറ്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന ന്യു ജെന്‍ കോഴ്സ് പഠിക്കാന്‍ 25 കാരിയായ കീര്‍ത്തി എത്തുന്നത്.
പഠനത്തില്‍ മിടുക്കിയായ കീര്‍ത്തി മികച്ച നിലയില്‍ തന്നെയാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. തിരികെ നാട്ടിലേക്ക് മടങ്ങണം എന്ന് തന്നെയായിരുന്നു ആഗ്രഹം എങ്കിലും ലണ്ടനിലെ പരിശീലനം എന്നും ഒരു മുതല്‍ക്കൂട്ട് ആയിരിക്കും എന്ന ചിന്തയിലാണ് പഠിച്ച വിഷയത്തില്‍ ഒരു ജോലി ലഭിക്കുമോ എന്ന പരിശ്രമം നടത്താന്‍ കീര്‍ത്തിയെ പ്രേരിപ്പിച്ചതും, എന്നാല്‍ കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കിയതോടെ ഉയര്‍ന്ന വേതനത്തില്‍ വിദേശത്തു നിന്നും ഉള്ളവരെ മാനേജ്‌മെന്റ് ജോലികളില്‍ നിയമിക്കാന്‍ കമ്പനികള്‍ തയാറായാകാത്തത് കീര്‍ത്തിയെപ്പോലുള്ള മിടുക്കരായ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പിലും വലിയ വെല്ലുവിളി ആയി മാറുകയാണ്. എങ്കിലും തന്റെ ശ്രമം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കീര്‍ത്തിയെ തേടി എത്തിയത്. മെട്രോപൊളിറ്റന്‍ പോലീസ് നല്‍കുന്ന വിവരം അനുസരിച്ചു മാര്‍ച്ച് 31 നു കീര്‍ത്തിയുടെ മരണം സംഭവിച്ചു എന്ന വിവരമാണ് ഇപ്പോള്‍ കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.
പ്രൊഫഷണല്‍ സമൂഹ മാധ്യമമായ ലിങ്ക്ഡ് ഇന്‍ പേജുകളില്‍ സജീവമായിരുന്ന കീര്‍ത്തി തന്റെ പഠന വിഷയവുമായി ബന്ധപെട്ടിരുന്ന അപ്‌ഡേറ്റുകള്‍ കൃത്യമായി പങ്കുവച്ചിരുന്നു. തന്റെ പഠന ശേഷം ബിരുദ ദാന ചടങ്ങിന്റെ ഫോട്ടോ പ്രിയപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ ഇതൊരു വിജയാഘോഷ ചിത്രമല്ല, മറിച്ചു അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ചുവടു വായ്പുകളില്‍ ഒന്ന് മാത്രമാണ് എന്ന് കുറിച്ചിട്ട കീര്‍ത്തിയുടെ വാക്കുകളില്‍ ലണ്ടനിലെ പഠനവും വിദ്യാര്‍ത്ഥി ജീവിതവും അവളെ എത്രമാത്രം മാറ്റിയെടുത്തിരുന്നു എന്നും വ്യക്തമാണ് . ഇനി അതൊക്കെ പ്രിയപ്പെട്ടവര്‍ക്ക് ഓര്‍ക്കാനുള്ള, പോരാട്ടത്തില്‍ വീണുപോയ ,കളിചിരി മാഞ്ഞിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ മാത്രമാണ്. തന്റെ പഠന വിഷയത്തില്‍ ഗവേഷണം നടത്തണം എന്നതും കീര്‍ത്തിയുടെ വലിയ സ്വപ്നമായിരുന്നു.
ലണ്ടനില്‍ നിന്നും നാളെ പുലര്‍ച്ചെ മാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന കീര്‍ത്തിയുടെ മൃതദേഹം വൈകാതെ വീട്ടില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ പത്തുമണിയോടെ വീട്ടില്‍ എത്തുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വൈകാതെ സംസ്‌കരിക്കും എന്നാണ് കുടുംബ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്യുന്ന കീര്‍ത്തി രാജഗോപാല്‍ ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. തെംസ് നദിയിലെ വോള്‍വിച്ച് ഭാഗത്തും നിന്നുമാണ് ബെക്സ്ലി സ്റ്റേഷന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. ഏക സഹോദരന്‍ വിനായകും.


