മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം ഇന്ത്യയിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ. ക്രിസ്തുദർശനങ്ങളെക്കുറിച്ചുള്ള സതീശന്റെ പ്രഭാഷണ സമാഹാരമാണ് ഈ പുസ്തകം. നീൽസൺ ബുക് സ്‌കാനിന്റെ റിപ്പോർട്ട് പ്രകാരമാണ് സതീശന്റെ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ടെലിവിഷൻ പ്രോഗ്രാമുകളുടെ റേറ്റിംഗ് നോക്കുന്നത് പോലെ പുസ്തകങ്ങളുടെ വിൽപനയുടെ റേറ്റിംഗ് ഏജൻസിയാണ് നീൽസൺ ബുക് സ്‌കാൻ. മെയ് ആറിനാണ് സതീശന്റെ പുസ്തകം പുറത്തിറങ്ങിയത്. ഡി.സി. ബുക്‌സാണ് പ്രസാധകർ. വെറും പതിനേഴ് ദിവസം കൊണ്ട് പുസ്തകത്തിന്റെ ആറ് പതിപ്പുകൾ വിറ്റഴിഞ്ഞുവെന്ന് പ്രസാധകനായ രവി ഡി.സി. സോഷ്യൽ മീഡിയയിൽ കുറിച്ചു. അതുപോലെ ആമസോണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള പുസ്തകങ്ങളിൽ എട്ടാം സ്ഥാനവും സതീശന്റെ പുസ്തകത്തിനാണ്. ഇതാദ്യമായാണ് കേരളത്തിന്റെ സംസ്ഥാന മുഖ്യമന്ത്രിയുടെ പുസ്തകം പുറത്തിറങ്ങി ദിവസങ്ങൾക്കകം വിൽപനയിൽ മുൻപന്തിയിൽ എത്തുന്നത്.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി.ഡി. സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് പുസ്തകമായത്.പ്രമുഖ മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മീഡിയ സെക്രട്ടറിയുമായ റോയ് മാത്യുവാണ് പുസ്തകം എഡിറ്റ് ചെയ്തത് . മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്.
32 അധ്യായങ്ങളിലായാണ് പുസ്തകം. സതീശൻ വിവിധ ഇടങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഠിച്ചതും വളർന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളിൽ ആയിരുന്നതിനാൽ തന്നെ ബൈബിൾ വായന സതീശന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്ന് 'എന്തുകൊണ്ട് ഈ പുസ്തകം' എന്ന ആമുഖ കുറിപ്പിൽ വി.ഡി. സതീശൻ വ്യക്തമാക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും അതിലെ സാരാംശങ്ങൾ ഉൾക്കൊള്ളാനും സതീശൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരു അധ്യായം വായിക്കുന്നത് പതിവായിക്കിയിരുന്നെന്നും അദ്ദേഹം ആമുഖ കുറിപ്പിൽ വിശദീകരിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ, ചിന്തകൾ, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ എന്നിവ തന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
പ്രതിപക്ഷ നേതാവായി ചുമതലയേറ്റശേഷം ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ പ്രസിദ്ധമായ കുമ്പനാട് കൺവെൻഷനിൽ പ്രസംഗിക്കുന്നതിന് ക്ഷണം ലഭിച്ച കാര്യവും സതീശൻ പുസ്തകത്തിൽ പറയുന്നുണ്ട്. അൽപം അങ്കലാപ്പോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും വിശ്വാസികൾ തിങ്ങിനിറഞ്ഞ പന്തലിൽ നിന്നുകൊണ്ട് എങ്ങനെ ദൈവ വചനം പറയുമെന്ന ആശങ്ക ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2023 ജനുവരി 18ന് വൈകുന്നേരമാണ് കൺവെൻഷനിൽ പ്രസംഗിച്ചത്. 'നിന്റെ രാജ്യം വരേണമേ' എന്നതായിരുന്നു ആ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം. ദൈവരാജ്യ സങ്കൽപ്പത്തെക്കുറിച്ച് ക്രിസ്തുവിന്റെ ദർശനങ്ങൾ പതർച്ചയില്ലാതെ പറയാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി താൻ കരുതുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കുമ്പനാട് കൺവെൻഷന് ശേഷം സഭാവ്യത്യാസമില്ലാതെ നിരവധി ഇടങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് പറയാൻ സതീശന് അവസരം ലഭിച്ചു. ദൈവശാസ്ത്രത്തെക്കുറിച്ച് ഉന്നതമായ അറിവും ദർശനവുമുള്ള സഭാപിതാക്കൻമാർക്കൊപ്പം അവസരം ലഭിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും സതീശൻ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സഭകളുടെ 250 ഓളം യോഗങ്ങളിലാണ് സതീശൻ പ്രസംഗിച്ചിട്ടുള്ളത്. മാർത്തോമാ സഭയുടെ 17ാമത്തെ മെത്രാപ്പോലീത്തയായിരുന്ന എബ്രഹാം മാർത്തോമയുടെ 111ാം വാർഷിക ദിനത്തിൽ (2022 ഏപ്രിൽ 30) തിരുവല്ലയിൽ നടന്ന ചടങ്ങിലെ പ്രസംഗം ഏറെ ശ്രദ്ധേയമാണ്. നിയുക്ത കർദിനാൾ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് അദ്ദേഹത്തിന്റെ മാതൃ ഇടവക നൽകിയ സ്വീകരണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത്. 'ആദം നീ എവിടെയാകുന്നു' എന്ന പ്രസംഗം വൈറലായിരുന്നു. ക്രിസ്ത്യൻ ഭക്തി ചാനലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസംഗമായിരുന്നു ചങ്ങനാശ്ശേരിയിലേത്.
ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷങ്ങളായി ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നും സതീശൻ പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ പറഞ്ഞുവെക്കുന്നു. ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും 'നിങ്ങൾ പ്രത്യാശയുള്ളവരായിരിക്കുക, കാരണം നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ്' എന്ന സത്യമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
'സതീശൻ അന്നും ഇന്നും എന്നും ഒരു ഉറച്ച വിശ്വാസിയാണ്, വിശ്വാസത്തെ അലങ്കാരമായോ ആഡംബരമായോ കൊണ്ടുനടക്കുന്ന ഒരാളും അല്ല, നമുക്കെല്ലാം മുകളിൽ സർവതിനെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പരമ പരാശക്തിയുണ്ടെന്നത് അദ്ദേഹത്തെ അറിയുന്ന കാലം മുതൽ എനിക്ക് മനസ്സിലായ, അദ്ദേഹത്തിന്റെ വിശ്വാസപരമായ ഒരു അസന്നിഗ്ധ നിലപാടുമാണ്. പക്ഷേ, പ്രതിപക്ഷ നേതാവിനെ മറ്റ് പല നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒരു സവിശേഷത തന്റെ വിശ്വാസത്തെയോ ഭക്തിയെയോ അദ്ദേഹം പ്രകടനപരമായ ഒരു ആഘോഷമാക്കാറില്ല എന്നതാണ്. സതീശൻ ഒരു മതവാദിയോ സമുദായ വാദിയോ ആണെന്നൊരു ആക്ഷേപവും ഇന്നേവരെ അദ്ദേഹത്തിനെതിരെ ആരും ഉയർത്തിയിട്ടില്ല. മതാചാര്യൻമാരോടും ആത്മീയ മേലധ്യക്ഷൻമാരോടും തികഞ്ഞ ആദരവുമാണ്. അവരുടെ ഒരു വാത്സല്യഭാജനവുമാണ് അദ്ദേഹം. പക്ഷേ, സമുദായ നേതാക്കളോട് ചെറിയൊരു അകലം പാലിക്കുന്നുവെന്ന പരാതി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഗാന്ധിജി തന്നെയാണ് സതീശന്റെ ഇഷ്ട രാഷ്ട്രീയദൈവമെന്നതിൽ തർക്കവുമില്ല. ഗാന്ധിയുംഖാദിയും സതീശന്റെ ബലവുമാണ്, ബലഹീനതയുമാണ് എന്ന് പറയുന്നതാവും ഒരുപക്ഷേ കൂടുതൽ യുക്തി ഭദ്രമാവുക' എന്നാണ് ഡോ. സിറിയക് തോമസ് അവതാരികയിൽ എഴുതിയിരിക്കുന്നത്

