കേരളത്തിൽ ഏത് മീറ്റിംഗിലും 'സ്വാഗതം' എന്നൊരു പരിപാടിയുണ്ട്. പലപ്പോഴും അത് എങ്ങനെ പറയണമെന്ന് മിക്കവാറും പേർക്കും അറിയില്ല. അഞ്ചു മിനിട്ട് കൊണ്ടു പറയേണ്ടത് അമ്പത് മിനിറ്റ് നീട്ടി പരത്തും.
ചില നേതാക്കളെ മുഖസ്തുതിയാൽ പൂരിതമാക്കി അവരുടെ പ്രീതി പാത്രമാകാൻ ശ്രമിക്കും പിന്നെ സ്റ്റേജിലും അവരുടെ കണ്ണിൽ കാണുന്ന അമ്പത് പേരുടെ പേര് പറയും. ചിലരുടെ പേര് വിട്ട് പോകും. കാരണം ഇതൊന്നും പ്രിപ്പയർ ചെയ്യാൻ ആരും മിനക്കെടില്ല.അങ്ങനെ അഞ്ചു മിനിറ്റിൽ പറയേണ്ടത് അമ്പത് മിനിറ്റ് സ്വാഗത പ്രസംഗ അനാചരങ്ങൾ കേരളത്തിൽ നിരവധിയുണ്ട്
പിന്നത്തെ പരിപാടി സ്റ്റേജിലും സദസ്സിലും ഉള്ള ഇരുപതോ അതിൽ അധികമൊ പേരുടെ പേരൊക്കെ പറഞ്ഞു ആദ്യ മൂന്നു മിനിറ്റ് സമയം കളയുന്ന ആചാരമാണ്. അതിൽ ചിലരുടെ പേര് വിട്ടാൽ വേറെ പുകിൽ
അതു പോലെ കേരളത്തിൽ ചിലർ ധരിച്ചു വച്ചിരിക്കുന്നത് ഒരു മണിക്കൂർ എങ്കിലും പ്രസംഗിച്ചില്ലങ്കിൽ അതു പ്രസംഗം അല്ലെന്നാണ്..അവരുടെ മുന്നിൽ ഇരിക്കുന്നവർ പ്രസംഗം ബോർ അടിച്ചു മൊബൈലെക്ക് തിരിഞ്ഞാലും അനർഗള നിർഗളമായി പ്രസംഗിച്ചു ബോർ അടിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്
പലർക്കും അറിയില്ല മനുഷ്യരുടെ അറ്റെൻഷൻ 20 മിനിട്ടാണ്. ഇൻസ്റ്റാ ജനറേഷനിൽ 8 മിനിട്ടും. പക്ഷേ പലർക്കും ഒരു മണിക്കൂർ പ്രസംഗിച്ചില്ലങ്കിൽ ആശ്വാസം കിട്ടില്ല!!!
വിദേശത്ത് യു എൻ സമ്മേളനങ്ങളിൽ അടക്കം പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട് സമയം 10 മിനിറ്റ് അല്ലെങ്കിൽ 5 മിനിറ്റ് ഒക്കെയാണ്. കീ നോട്ട് പൊലും 10മിനിറ്റിൽ കൂടില്ല. അഞ്ചു മിനിറ്റിൽ പ്രസംഗിക്കാൻ പലപ്പോഴും അഞ്ചു മണിക്കൂർ വായിച്ച് കൃത്യമായി തയ്യാർ എടുക്കണം. അഞ്ചു മിനിറ്റിൽ മൂന്നു പോയിന്റ് മാത്രം സംസാരിക്കാൻ സമയം ലഭിക്കുകയുള്ളു. ആ മൂന്നു പോയിന്റ് എന്താണ് എന്ന കൃത്യതയും സ്പഷ്ടതയും വേണം.
ഒരു മണിക്കൂർ വായിൽ തോന്നിയത് കാടു കയറി പറയാൻ വാക് ചാതുര്യമുള്ള ആർക്കും പറ്റും.
ചിലരോട് തെങ്ങിനെകുറിച്ച് പറയാൻ പറഞ്ഞാൽ, തെങ്ങിൽ കെട്ടിയ പശുവിനെകുറിച്ച് പറയും.
കേരളത്തിൽ അഞ്ചു മിനിറ്റിലും പത്തു മിനിറ്റിലും നല്ല കാമ്പുള്ള പ്രസംഗം പറയുന്നവർ വളരെ ചുരുക്കം.
പിന്നെ രാഷ്ട്രീയം പരിപാടികളിൽ പലപ്പോഴും സ്റ്റേജിൽ കയറി ഇരിക്കാൻ എനിക്ക് മടിയാണ്. അവിടെയാണ് കസേര കളിയുടെ വേലത്തരങ്ങൾ കാണുന്നത്. പലപ്പോഴും പലരും കസേരകളുമായാണ് വരുന്നത്. മുൻ നിരയിൽ ഇരുന്ന് പിറ്റേന്നത്തെ പത്രത്തിലെ ഫോട്ടോയിൽ എങ്ങനെ വരുമെന്നു മൽസര പാച്ചിലാണ്. പലപ്പോഴും ഇത് ഞാൻ കൗതുകത്തോടെ നോക്കി കാണാറുണ്ട്. ചിലയിടത്തു വേദിയിൽ ഉള്ളതിനെക്കാൾ ആളുകൾ സ്റ്റേജിൽ ആയിരിക്കും.
വിദേശത്ത് ഒരു നല്ല പരിപാടിയിലും സ്റ്റേജിൽ ആളുകൾ കാണുകയേ ഇല്ല. പ്രസംഗിക്കാൻ വരുന്നു ആൾ മാത്രം വന്നു കൃത്യമായി കാര്യങ്ങൾ കൃത്യ സമയത്തിന് പറഞ്ഞു പോകും.
കേരളത്തിൽ സ്റ്റേജിലെ തെള്ള് മാത്രമല്ല പ്രശ്നം. അവിടെ ഒരു വാക്ക് പൊലും പറയാതെ പത്രത്തിലെ ഫോട്ടോയിൽ കയറാൻ മത്സരിക്കുന്നവർ എല്ലാം "പ്രസംഗിച്ചു " എന്നായിരിക്കും വാർത്ത.
മൂന്നാമത്തെ പേജിൽ ആണെങ്കിലും ഫോട്ടോയിലും വാർത്തയിലും വന്നില്ലെങ്കിൽ അവർ നേതാക്കൾ ആകില്ല എന്നാണ് പലരുടെയും വിചാരം.
യു എൻ ജനറൽ അസംബ്ലിയിലും യൂ എൻ ഹ്യൂമൻറൈറ്സ് കൗൺസിലും ഇടപെട്ട് സംസാരിക്കാൻ കിട്ടുന്നത് 1.5 മിനിറ്റ് മുതൽ 3 മിനിറ്റ് വരെയാണ്. അതു കഴിയുമ്പോൾ ബെൽ അടിക്കും. ആ 1.5 മിനിറ്റിൽ പറയേണ്ടത് എല്ലാം പറയാൻ പലപ്പോഴും കൃത്യമായി എഴുതി റിഹേഴ്സ് ചെയ്യേണ്ടി വരും.
കേരളത്തിൽ പലപ്പോഴും സ്റ്റേജിൽ കയറാൻ എനിക്ക് മടിയാണ്. പ്രത്യേകിച്ച് രാഷ്ട്രീയ മീറ്റിങ്ങുകളിൽ . രണ്ടു പ്രശ്നം ഉണ്ട്. പ്രസംഗ മരത്തോൺ തുടങ്ങിയാൽ അവിടെ ഇരുന്നു സ്ഥിരംകേ ട്ട് പരിചയിച്ചത് മണിക്കൂറുകൾ കേട്ടുകൊണ്ട് അവിടെ ഇരിക്കണം. പിന്നെ കൃത്യമായി ഫോട്ടോയിൽ കിട്ടാൻ കസേര കളി മത്സരത്തിൽ തള്ളാനുള്ള താല്പര്യകുറവ്.
ലോകത്തു ഏറ്റവും വലിയ വേദികളിൽ പോയി പ്രസംഗിച്ചിട്ട് പാർട്ടി പ്രസംഗ വേദികളിൽ വന്നു തെള്ളുള്ള കസേരകളിയിൽ തെള്ളികയറി ഇരിക്കുന്നത് പോലെ അരോചകമായ ഒന്നില്ല. പലപ്പോഴും അതു കൊണ്ട് ഒന്നുകിൽ അങ്ങനെയുള്ള മീറ്റിംഗ് ഒഴിവാക്കും. അല്ലെങ്കിൽ വേദിയിൽ നിന്ന് അകലെ മാറി സദസ്സിൽ ഇരിക്കും
ഇങ്ങനെയുള്ള സാഹചര്യത്തിൽ വളരെ ഭംഗിയായി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഇന്നലെ തൃശൂരിൽ വളരെ നന്നായി സംഘടിപ്പിച്ച ഒരു സ്കൂൾ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. അവിടെ ചുരുക്കി നന്നായി അഞ്ചു മിനിറ്റിൽ പ്രസംഗിക്കുന്നവരെ കണ്ടപ്പോൾ സന്തോഷം തോന്നി. എന്റെ ഉത്ഘാടന പ്രസംഗം പോലും 15 മിനിറ്റിൽ താഴെ മാത്രമായിരുന്നു.

ജെ എസ് അടൂർ

