ശ്വാസം മുട്ടിച്ചു കൊന്നയെൻ്റെ
ഓർമ്മകളെ നിന്നിൽ
നിമഞ്ജനം ചെയ്തിട്ടുമൊരു
വേറിടാബാധപോലെ
നീയെന്നിൽ
ഉയർന്നെണീക്കുന്നതെന്തിന്.
രക്തം ഛർദ്ദിച്ച്
ആഴിയിലേക്കാണ്ട് പോയിട്ടും
നീറുന്ന ചിന്തകളായെന്നിൽ
നീയലയടിക്കുന്നതെന്തിന്.
വരിമറന്ന ശീലുകളെന്തിനായ്
കടൽക്കാറ്റെന്നിൽ മൂളിടുന്നു.
എന്നിട്ടുമെന്നിട്ടും
ചോരക്കനത്തോടെ നീ
മറുതീരത്തെത്തി
നോക്കുന്നതും കാത്ത്
ഉറങ്ങാതിരുട്ടിലേ
ക്കൊരുന്മാദിനിയായ്
നരച്ച കണ്ണും തുറന്നൊരു
തുള്ളി വെളളിവെളിച്ചം
ഒരസ്ത്രമായെന്നിലാഞ്ഞു
തറയ്ക്കുന്ന നേരം
ആകാശത്തിലമിട്ട്
പൊട്ടിത്തകർന്നവനിയിലും
പൂത്തിരികത്തിക്കും നാളിനെ
എന്തിന് വീണ്ടും കൊതിക്കുന്നി
തെൻ നീർമിഴികൾ

സുജാത ശ്രീപദം

