PRAVASI

കൊഴുക്കട്ടക്കുമുണ്ട് സ്വന്തമായി ഒരു ദിവസം

Blog Image

കൊഴുക്കട്ട എന്ന പലഹാരത്തെക്കുറിച്ച് അറിയാത്തവരും അല്‍പം രുചിക്കുകയെങ്കിലും ചെയ്യാത്തവര്‍ ആരും തന്നെ മലയാളനാട്ടില്‍ അരിയാഹാരം കഴിക്കുന്നവരുടെ കൂട്ടത്തിലുണ്ടാവില്ല. ശര്‍ക്കരയും, ചിരകിയ തേങ്ങയും, ഏലക്കായും, ജീരകവും ചേര്‍ത്തു കുഴച്ച മിക്സ് മയപ്പെടുത്തിയ അരിപ്പൊടികൊണ്ട് വട്ടത്തിലുണ്ടാക്കിയ ഷെല്ലിനുള്ളിലാക്കി സീല്‍ ചെയ്ത് ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു എളുപ്പ പലഹാരമെന്നനിലയില്‍ എല്ലാവരും രുചിയോടെ കഴിക്കുന്ന ഒന്നാണു കൊഴുക്കട്ട. പലചേരുവകളിലും, അപാര രുചികളിലും വളരെ നല്ല സോഫ്റ്റ് കൊഴുക്കട്ടയുണ്ടാക്കാന്‍ നമ്മുടെ വീട്ടമ്മമാര്‍ മിടുക്കരാണു. വിശേഷാവസരങ്ങളില്‍ വീടുകളിലെ ഭക്ഷണമേശയില്‍ രാജകീയപ്രൗഡിയില്‍ വിശിഷ്ഠാതിഥികള്‍ക്കായി നിരത്തുന്ന രുചിയുള്ള വെറുമൊരു സ്നാക്ക് എന്നതിനേക്കാള്‍  365 ദിവസങ്ങളുള്ള വര്‍ഷത്തിലെ ഒരു ശനിയാഴ്ച്ച ദിവസം സ്വന്തമാക്കിയെടുത്ത കൊഴുക്കട്ട മധുരപലഹാരങ്ങളില്‍ രാജനാണു.
ഇനി എങ്ങനെ കൊഴുക്കട്ട ഒരു ദിവസം സ്വന്തമാക്കി എന്നു നോക്കാം. പേതൃത്താ ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെ അന്‍പതുദിവസങ്ങള്‍ മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ദാനധര്‍മ്മത്തിലുമൂന്നി അതീവ തീകഷ്ണതയോടെ പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികള്‍ വലിയ നോമ്പാചരിക്കുന്നു. അന്‍പതുദിവസത്തെ നോമ്പിനിടയില്‍ പ്രത്യേകമായി ആചരിക്കുന്ന ചിലദിവസങ്ങളാണു പാതി നോമ്പ്, നാല്പതാം വെള്ളിയാഴ്ച്ച, കൊഴുക്കട്ട ശനി, ഓശാന ഞായര്‍ എന്നിവ. ഇതുകൂടാതെ പലവിശുദ്ധരുടെയും തിരുനാളുകളും നോമ്പില്‍ നാം ആഘോഷിക്കാറുണ്ട്. ഫിലാഡല്‍ഫിയായുടെ സ്വന്തം വിശുദ്ധ സെ. കാതറൈന്‍ ഡ്രക്സല്‍ (മാര്‍ച്ച് 3), അയര്‍ലന്‍റിന്‍റെ മദ്ധ്യസ്ഥനായ സെ. പാട്രിക് (മാര്‍ച്ച് 17), കുടുംബങ്ങളുടെയും, സാര്‍വത്രികസഭയുടെയും മദ്ധ്യസ്ഥനായ വി. യൗസേഫ് (മാര്‍ച്ച് 19), മംഗളവാര്‍ത്ത (വചനിപ്പു) തിരുനാള്‍ (മാര്‍ച്ച് 25) എന്നിവ എല്ലാവര്‍ഷവും നോമ്പില്‍ വരുന്ന തിരുനാളുകളാണു.
നോമ്പ് നാല്പതുദിവസം പിന്നിടുന്ന വെള്ളിയാഴ്ച്ച (നോമ്പിലെ ആറാമത്തെ വെള്ളിയാഴ്ച്ച) നാല്‍പ്പതാംവെള്ളി എന്നപേരില്‍ പൗരസ്ത്യ ക്രൈസ്തവര്‍ വളരെ ഭക്തിനിര്‍ഭരമായി ആചരിച്ചിരുന്നു. വലിയ ആഴ്ച്ചയിലേക്കു പ്രവേശിക്കുന്നതിന്‍റെ മുന്നോടിയായി നോമ്പിന്‍റെ തീവ്രത അല്‍പ്പംകൂടി വര്‍ദ്ധിപ്പിക്കുന്നതിനും ദുഖ:വെള്ളിയാഴ്ച്ചയുടെ ഒരു മിനി പതിപ്പായ നാല്‍പ്പതാംവെള്ളിയാചരണം ലക്ഷ്യമിടുന്നു. ഇന്നേദിവസം പ്രാദേശികമായി വിശ്വാസികള്‍ ഭക്തിപരമായ പല പ്രാര്‍ത്ഥനാനുഷ്ടാനങ്ങളും, പാപപരിഹാരപ്രവര്‍ത്തികളും നടത്തി യേശുവിന്‍റെ പീഡാനുഭവം അനുസ്മരിക്കുന്ന കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയില്‍ ഭക്തിപൂര്‍വം ചേരാറുണ്ട്. പ്രത്യേകിച്ച് കോട്ടയം ജില്ലയിലെ അറുനൂറ്റിമംഗലം സെ. തോമസ് മലകയറ്റപള്ളിയിലും, മലയാറ്റൂര്‍ കുരിശുമലയിലും, കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും ജാതിമതഭേദമെന്യേ ഭക്തജനങ്ങള്‍ യേശുക്രിസ്തുവിന്‍റെ പീഡാനുഭവങ്ങള്‍ ധ്യാനിച്ചുകൊണ്ട് വലിയ മരക്കുരിശുകളുമേന്തി ഇന്നേദിവസം മലകയറി കുരിശിന്‍റെ വഴി നടത്തിവന്നിരുന്ന വലിയ പാരമ്പര്യം നമ്മുടെയൊക്കെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടാവുമല്ലോ.
നാല്‍പ്പതാം വെള്ളിയാഴ്ച്ചക്കും ഓശാന ഞായറിനുമിടയില്‍ വരുന്ന ശനിയാഴ്ച്ചയെ ആണു കൊഴുക്കട്ട ശനി എന്നു പറയുന്നത്. പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ഈ ശനിയാഴ്ച്ചയെ ലാസറിന്‍റെ ശനി എന്നും പറയും. സഭയുടെ ഔദ്യോഗിക കലണ്ടറിലില്ലെങ്കിലും കൊഴുക്കട്ട ശനി കേരളത്തില്‍ ക്രിസ്ത്യാനികള്‍ കൂടുതലുള്ള പല സ്ഥലങ്ങളിലും പ്രത്യേകിച്ച് തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ വിശാസികള്‍ ഒരു ഫാമിലി ട്രഡീഷന്‍ എന്ന രീതിയില്‍ വര്‍ഷങ്ങളായി ആഘോഷിച്ചിരുന്നു. 
മൂന്നു വ്യത്യസ്ത ഐതിഹ്യങ്ങള്‍ കൊഴുക്കട്ട ശനിയാഴ്ച്ചയുമായി ബന്ധപ്പെട്ടു പറയാറുണ്ട്. യേശുവിന്‍റെ രാജകീയ ജറുസലം പ്രവേശനം ഓശാന ഞായറിലാണല്ലോ സംഭവിക്കുന്നത്.  ഓശാന ഞായറിനു തൊട്ടുമുന്‍പുവരുന്ന ശനിയാഴ്ച്ച യേശു ബഥാനിയില്‍ നാലുദിവസം മുമ്പു മരിച്ചടക്കപ്പെട്ട തന്‍റെ പ്രീയസുഹൃത്ത് ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുന്നു. ലാസറിനെ മരണത്തില്‍നിന്നു ജീവിതത്തിലേക്കു കൊണ്ടുവരാന്‍ വൈകിയാണെങ്കിലും ലാസറിന്‍റെ ഭവനത്തിലെത്തിയ യേശുവിനെ ലാസറിന്‍റെ സഹോദരിമാരായ മാര്‍ത്തായും, മറിയവും സ്വീകരിക്കുന്നു. മറിയം യേശുവിന്‍റെ കാല്പാദത്തിങ്കലിരുന്നു ദൈവവചനം ശ്രവിക്കുമ്പോള്‍, ആതിഥ്യമര്യാദയനുസരിച്ച് യേശുവിനു ലഘുഭക്ഷണമായി കഴിക്കാന്‍ തിടുക്കത്തില്‍ മാര്‍ത്തയുണ്ടാക്കിയ ലളിതമായ പലഹാരമായി കൊഴുക്കട്ടയെ കാണുന്നവരുണ്ട്. 
സന്തോഷാവസരങ്ങളില്‍ നാം ലഡു നല്‍കുന്നതുപോലെ, മരിച്ച ലാസറിനെ ജീവിതത്തിലേക്കു തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കുവക്കാന്‍ മാര്‍ത്താ, മറിയം സഹോദരിമാര്‍ കൊഴുക്കട്ട വിതരണം ചെയ്തു എന്നു വേറൊരു ഐതിഹ്യം പറയുന്നു (നമ്മുടെ പല ദേവാലയങ്ങളിലും ഇപ്പോള്‍ നിലവിലുള്ള മത്താമറിയം വനിതാസമാജങ്ങള്‍ ഓര്‍മ്മിക്കുമല്ലോ). 
യേശുവിന്‍റെ പീഡാനുഭവസമയത്തു അദ്ദേഹത്തെ എറിയാനായി ശത്രുക്കള്‍ ഉപയോഗിച്ച കല്ലുകളായും കൊഴുക്കട്ടയെ (കൊഴുത്ത കട്ട) ചിലര്‍ കാണുന്നു. 
ക്രൈസ്തവര്‍ വളരെ പാവനമായി ആചരിക്കുന്ന പീഡാനുഭവവാരത്തിലേക്കു കൊഴുക്കട്ട ശനിയാഴ്ച്ച നമ്മെ നയിക്കുന്നു. പെസഹാ ആചരിക്കുന്നതിനു 6 ദിവസം മുമ്പ് ലാസറിനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചതിലൂടെ ഈസ്റ്റര്‍ ഞായറില്‍ നടക്കാനിരിക്കുന്ന മരണത്തിലൂടെ മരണത്തെ എന്നെന്നേക്കുമായി വിജയിച്ച തന്‍റെ തന്നെ ഉത്ഥാനത്തെ യേശുനാഥന്‍ സൂചിപ്പിക്കുകയായിരുന്നു. പലവിധ ദുരിതങ്ങളും, ക്ലേശങ്ങളും അനുഭവിച്ചു ജീവിതം മുമ്പോട്ടു നയിക്കുന്ന എല്ലാവര്‍ക്കും പ്രതീക്ഷയുടെയും നിത്യരക്ഷയുടെയും സന്ദേശമാണു കൊഴുക്കട്ട ശനിയും, ഓശാന ഞായറും, ഈസ്റ്റര്‍ ഞായറും നല്‍കുന്നത്.
കൊഴുക്കട്ട ശനിയാഴ്ച്ച കേരളസുറിയാനി പാരമ്പര്യത്തിലുള്ള എല്ലാ പൗരസ്ത്യക്രൈസ്തവരും കുട്ടികളുമായി കുടുംബവീട്ടില്‍ ഒത്തുചേര്‍ന്ന് ഒരു ഉല്‍സവം പോലെ കൊഴുക്കട്ടയുണ്ടാക്കി കഴിച്ച് തൃപ്തരായശേഷം മറ്റുള്ളവര്‍ക്കും പങ്കുവക്കുന്നു. ഈ സമയത്താണു മാതാപിതാക്കള്‍ ബൈബിള്‍ കഥകളും, മറ്റു കാര്യങ്ങളും കൊച്ചുകുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നത്. ശരിക്കും ഒരു ഫാമിലിസ്റ്റോറി  ടൈം ആണു കൊഴുക്കട്ടാ തിരുനാളിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലൂള്ള സ്നേഹവും, ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനു കൊഴുക്കട്ട ശനിയാഴ്ച്ച ഉപകരിച്ചിരുന്നു. എന്നാല്‍ അണുകുടുംബങ്ങളിലൂടെ വളര്‍ന്നു വരുന്ന ഇന്നത്തെ തലമുറക്ക് ഈ നല്ല പരമ്പര്യങ്ങളെല്ലാം നഷ്ടമാവുകയാണു.

 ജോസ് മാളേയ്ക്കല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.