PRAVASI

സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC; ഓര്‍ഡിനറിക്ക് പകരം ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍

Blog Image

തിരുവനന്തപുരം: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്‌മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

ജൂണ്‍ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. പദ്ധതിയിലൂടെ കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒരു വര്‍ഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് തീരുമാനം.അതേസമയം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതില്‍ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി സമരം നടത്താനാണ് തീരുമാനം. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന തീരുമാനമാണിതെന്നാണ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചത്.

സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 19ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരുന്നുണ്ട്. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. സര്‍ക്കാര്‍ പറഞ്ഞ പൈസക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും വേണം. മത്സ്യബന്ധനത്തിന് മണ്ണെണ്ണ സബ്‌സിഡി കൊടുക്കുന്നത് പോലെ ഇന്ധനത്തില്‍ ഇളവ് വേണം. ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കണം. വിദ്യാര്‍ഥി യാത്രാ നിരക്ക് വര്‍ധന, പൊതു യാത്രക്കാരുടെ നിരക്ക് വര്‍ധന, ഡീസല്‍ സബ്സിഡി, ഇന്‍ഷുറന്‍സ് ഇളവ് എന്നിവ പാക്കേജില്‍ വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.