PRAVASI

തൽക്കാലം കെ.സി. വേണുഗോപാലിനെ വെറുതെ വിടാം

Blog Image

എൻ്റെ തലമുറയിൽപ്പെട്ട തിരുവനന്തപുരത്തെ കോൺഗ്രസുകാർ മറക്കാനാഗ്രഹിക്കുന്ന സംഭവമാണ് നന്ദാവനം ഏ. ആർ. ക്യാമ്പിലെ
പോലീസ് നരനായാട്ട്.
സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്തു നിന്നും അറസ്റ്റു ചെയ്തു കൊണ്ടുവരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഏ. ആർ. ക്യാമ്പിലെത്തിച്ച് മേൽവിലാസമൊക്കെ വാങ്ങി പറഞ്ഞു വിടുന്ന ഏർപ്പാട് പതിവായിരുന്നു.
അന്നും അങ്ങനെ തന്നെയാകും എന്നു കരുതി
തമാശ പറഞ്ഞും ചിരിച്ചും ഇരിക്കുന്നതിനിടയിലാണ് പൊടുന്നനെ അന്തരീക്ഷം മാറുന്നത്.
ക്യാമ്പിൽ പലയിടത്തായി ചിതറി നിന്നിരുന്ന പ്രവർത്തകർക്കുനേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് ലാത്തിച്ചാർജ്.
ലാത്തിച്ചാർജ് എന്നല്ല, നരനായാട്ട് എന്നു പറയണം.


പ്രവർത്തകരെ സംരക്ഷിക്കാനുള്ള തത്രപ്പാടിനിടയിൽ സംസ്ഥാന പ്രസിഡൻ്റിനെ തല്ലിച്ചതയ്ക്കുന്നു.
അയാളിനി പൊതുപ്രവർത്തനം പോയിട്ട്
സാധാരണ ജീവിതം പോലും നയിക്കരുത് എന്ന കരുതലോടെ ആസൂത്രിതമായി നടത്തിയ
തല്ലിച്ചതയ്ക്കൽ.
കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളും 
ചോരയൊലിക്കുന്ന ശരീരവുമായി
ഒരു പഴന്തുണിക്കെട്ടുപോലെ 
ക്യാമ്പിൻ്റെ മൂലയിൽ കിടന്ന 
ആ ചെറുപ്പക്കാരന് ബോധം വീഴുന്നത് എത്രയോ മണിക്കൂറുകൾ കഴിഞ്ഞാണ്.
ബോധം വീണുകിട്ടുമ്പോൾ മുന്നിൽ വിഷമിച്ചുനിൽക്കുന്ന പ്രവർത്തകരോട്,
സാരമില്ലെടാ
നിനക്കെന്തെങ്കിലും പറ്റിയോ എന്നാണ് മിക്കവാറും പേരുടെ പേരെടുത്ത് വിളിച്ച് ചോദിച്ചത്.
തരക്കേടില്ലാത്ത തല്ലുകിട്ടിയ പലർക്കും ആശ്വാസമായത്,
ആ വാക്കുകളാണ്.
ഭക്ഷണം കഴിക്കുന്ന നേരത്താണ് കാണുന്നതെങ്കിൽ നീ വല്ലതും കഴിച്ചോ എന്നു ചോദിക്കും അന്നും ഇന്നും.
ദൂരസ്ഥലങ്ങളിൽ നിന്നും കാണാനെത്തുന്നവരോട്,
എങ്ങനെ തിരികെപ്പോകും ,
വണ്ടിക്കാശുണ്ടോ എന്ന് ചോദിക്കും അന്നും ഇന്നും.
ഇരിക്കുന്ന സ്ഥലവും നിൽക്കുന്ന സ്ഥലവും 
നിമിഷ നേരം കൊണ്ട് ആൾക്കൂട്ടഇടങ്ങളാക്കുന്ന രണ്ടേ രണ്ടു പേരേ കേരളത്തിലുണ്ടായിട്ടുള്ളൂ. ലീഡർ കെ.കരുണാകരനും
ഉമ്മൻ ചാണ്ടി സാറും.
മൂന്നാമത്തെയാളെക്കുറിച്ചാണ് പറഞ്ഞു വന്നത്.
ആഗ്രഹിച്ചതോ അർഹിച്ചതോ ആയ സ്ഥാനങ്ങൾ കിട്ടാതെ വന്നപ്പോൾ ഒളിഞ്ഞും തെളിഞ്ഞും ആർക്കും പണി കൊടുത്തിട്ടില്ല,
കലഹിച്ച ചരിത്രവുമില്ല.
നിലപാടുകളുടെ ഗരിമ പറഞ്ഞ് സ്വയം ആളാകാൻ ഒരിയ്ക്കൽ പോലും ശ്രമിച്ചതായി അറിവില്ല.
സംഘടനാ രഹസ്യങ്ങളുടെ താക്കോൽ ഏതെങ്കിലും മാധ്യമക്കാരൻ്റെ മുന്നിലേക്കിട്ടുകൊടുത്ത് മാധ്യമ പരിലാളന അനുഭവിച്ചിട്ടുമില്ല.
ആരൂഡവും കഴുക്കോലും വരെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്ന പാർട്ടിയുടെ തലപ്പത്തേക്കാണ് ഈ മനുഷ്യൻ എത്തിപ്പെട്ടത്.
കഠിനാധ്വാനിയും സ്ഥിരോൽസാഹിയുമാണെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുമുണ്ട്.
ലീഡറും ഉമ്മൻചാണ്ടി സാറുമൊന്നും അക്കാദമിക രാഷ്ട്രീയത്തിൻ്റെ വക്താക്കളായിരുന്നില്ല.
പ്രവർത്തകൻ്റെ വിയർപ്പിനും കണ്ണീരിനും വിലകൽപ്പിച്ചവരായിരുന്നു ഇരുവരും.
അത്രത്തോളമില്ലെങ്കിലും അതിനൊപ്പം നിൽക്കുവാൻ കഴിയുന്ന ഒരാളാണ് ഈ ആളും.
തങ്ങളാഗ്രഹിക്കുന്നയാൾ അതായില്ലെങ്കിൽ
രാജസ്ഥാനും മധ്യപ്രദേശും ആവർത്തിക്കപ്പെടുമെന്ന് പറയുന്നവർ,
സ്ഥാനം കിട്ടാത്തയാൾ BJP യിലേക്ക് പോകുമെന്നാണോ പറഞ്ഞു വയ്ക്കുന്നത് ?
അറിയില്ല.
തങ്ങൾക്കിഷ്ടപ്പെട്ടയാൾ മുഖ്യമന്ത്രിയായിക്കാണുവാൻ ഓരോരുത്തർക്കും അവകാശമുണ്ട്.
അതിൻ്റെ പേരിൽ മറ്റാരെയെങ്കിലും സംഘടിത സ്വഭാവത്തോടെ അപമാനിക്കാൻ ശ്രമിച്ചാൽ ചിലരുടെ നിലപാടുകൾ മുൻകാല പ്രാബല്യത്തോടെ,
അതായത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് സ്വീകരിച്ച നിലപാടുകൾ ഉൾപ്പെടെ ചർച്ച ചെയ്യപ്പെടും.
അത് ഗുണകരമാകുന്നത് ശത്രുപക്ഷത്തിനു മാത്രമായിരിക്കും.
തൽക്കാലം കെ.സി. വേണുഗോപാലിനെ വെറുതെ വിടാം.
മണ്ഡലം പുനർ നിർണ്ണയം പോലുള്ള വിഷയങ്ങളിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.
എന്ന്,
നന്ദാവനം ക്യാമ്പിൽ നിന്നും കുശാലായി വാങ്ങിയ
പഴയ യൂത്ത് കോൺഗ്രസുകാരൻ

 ഗോപകുമാർ സാഹിതി 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.