PRAVASI

ജീവിതം മറുപടിയും സത്യത്തിന്റെ സാക്ഷി സമയവും

Blog Image

മുൻഗണനകൾ മാറുമ്പോൾ മുന്നിൽ നിന്നും മാറിനിൽക്കുന്നതാണ് കരണീയവും അഭികാമ്യവും ആത്മാഭിമാനത്തിന്റെ ക്ഷോഭ വർദ്ധിപ്പിക്കുന്നതും നമ്മുടെ വ്യക്തിത്വത്തിന്റെ കുലീനതക്കു അലങ്കാരമായി നിൽക്കുന്നതും .ക്ഷണിക്കപ്പെടാത്ത ഇടങ്ങളിൽച്ചെന്നു വിരുന്നുകാരനായി നിൽക്കുന്നത് സ്നേഹമല്ല.സ്വന്തം വിലമറന്നുപോകുന്ന ഒരു നിശബ്ദ തോൽവിയാണ്. അർഹതയില്ലാത്ത ഇടങ്ങളിൽച്ചെന്നു സാന്നിധ്യം തെളിയിക്കേണ്ടതുമില്ല.

നമ്മൾ മുന്നിൽനിന്നു പ്രവർത്തിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മളെ തെറ്റിദ്ധരിപ്പിക്കുകയോ കബളിപ്പിക്കുകയോ ചെയ്യുന്ന ആളുകളെ ചില സാഹചര്യങ്ങളിലെങ്കിലും കാണേണ്ടിവരും നമ്മളെക്കുറിച്ചു തെറ്റായ കഥകൾ, ആക്ഷേപങ്ങൾ ,പരാതികൾ ഒക്കെ പ്രചരിപ്പിക്കുന്നവരും ഉണ്ടാകും. അപ്പോൾ സ്വഭാവികമായും നമ്മുടെയൊക്കെആദ്യ പ്രതികരണം എല്ലാവരെയും നിജസ്ഥിതി എന്താണ് എന്ന് ബോധ്യപ്പെടുത്തുക എന്നതായിരിക്കും.

പക്ഷെ ഓർക്കുക എല്ലാവരെയും എല്ലാം ബോധ്യപ്പെടുത്തേണ്ട ബാധ്യതയൊന്നും നമുക്കില്ല. ഒരു മനുഷ്യന്റെ സ്വഭാവം ഒരു ദിവസംകൊണ്ടു മനസ്സിലാക്കാവുന്ന ഒരു കാര്യമല്ല. സമയമാണ് അത് തെളിയിക്കുന്നത്.മറ്റുള്ളവരിലെ മാറ്റങ്ങൾ വാക്കുകളിലൂടെ മാത്രം വരണമെന്നില്ല. ചില പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രതീകാത്മകമായ പെരുമാറ്റങ്ങൾ നിരീക്ഷിച്ചാൽ മതിയാകും. കുറഞ്ഞുപോകുന്ന ഫോൺ വിളികൾ, ആകാംഷയില്ലാതാകുന്ന നിമിഷങ്ങൾ തണുത്തുമരച്ച മറുപടികൾ, കാത്തിരിപ്പിന് വിലയില്ലാത്ത നിമിഷങ്ങൾ, സാമിപ്യം സ്വാഭികമല്ലാതാകുന്ന ഇടങ്ങൾ എന്നിവയൊക്കെ ഉദാഹരണമായി പറയാം

എല്ലാ വാതിലുകളും മുട്ടേണ്ടതില്ല. എല്ലാ മൗനങ്ങളെയും ചോദ്യം ചെയ്യേണ്ടതുമില്ല. എല്ലാ ബന്ധങ്ങളിലും സ്ഥാനം തെളിയിക്കാൻ ജീവിതകാലം മുഴുവൻ നിൽക്കേണ്ടതുമില്ല. സമയം സത്യത്തിന്റെ ഏറ്റവും വലിയ സാക്ഷിയാണ്. കപടതക്കു അധികകാലം നിലനിൽക്കാനാകില്ല സത്യത്തിനു വൈകാം.പക്ഷെ അത് ഒരിക്കലും തോൽക്കില്ല നമ്മളെക്കുറിച്ചു ആരെങ്കിലും തെറ്റായി സംസാരിച്ചാലോ ചിത്രീകരിച്ചാലോ അതിനു മറുപടിയായി കോപവും പ്രതികാരവും നിഷേധാത്മക പ്രവണതകളും തെരെഞ്ഞെടുക്കുകയോ അവലംബിക്കുകയോ ചെയ്യേണ്ടതില്ല.

നാം നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുക. നമ്മുടെ പ്രവൃത്തികൾ മാത്രമാണ് അതിനുള്ള ഏറ്റവും വലിയ മറുപടി. ചിലപ്പോൾ മൗനം പോലും ശക്തമായ മറുപടിയാണ്. കാരണം മൗനം ദൗർബല്യമല്ല. നമ്മുടെ ജീവിതത്തിലെ ആത്മവിശ്വാസത്തിന്റെ അടയാളമാണ്.ആയതിനാൽ ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിച്ചാൽ ക്ഷമയോടെയും ആത്മാഭിമാനത്തോടെയും സങ്കോചമില്ലാതെയും പോരാട്ടവീര്യം ഒട്ടും ചോർന്നുപോകാത്ത വിധം ജീവിതത്തിൽ വ്യാപാരിക്കുകയും ചെയ്യണം .നമ്മുടെ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുകയും മുറുകെപിടിക്കുകയും ചെയ്യുന്നതോടൊപ്പം സത്യസന്ധത കൈവിടാതിരിക്കുകയും ചെയ്യുന്നതാണ് ജീവിതത്തിനു ഏറ്റവും ഉത്തമവും അഭികാമ്യവുമായിട്ടുള്ള കാര്യം.അതിനൊന്നും പകരം വെക്കാൻ മറ്റൊന്നില്ല. സമയത്തെമാത്രം വിശ്വസിക്കുക. ഒരു കാര്യം ഓർക്കണം സത്യത്തിനു ഓടേണ്ട ആവശ്യമില്ല. സമയം അതിനെ ലക്ഷ്യത്തിൽ എത്തിക്കും ചിലപ്പോൾ ലേശം വൈകും എന്നുമാത്രം.
കളളത്തിനു ഓടികൊണ്ടേയിരിക്കണം.
കാരണം അത് എപ്പോഴും സത്യത്തെ ഭയക്കുന്നു. നമ്മുടെ ജീവിതം തന്നെ എല്ലാത്തിനും മറുപടിയാകട്ടെ. സമയം തീർച്ചയായും സത്യത്തെ തെളിയിക്കും. അതിനുള്ള ധാരാളം ഉദാകരണങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്.അതുവരെ സമാധാനത്തോടും ആത്മവിശ്വാസത്തോടും സങ്കോചമില്ലാതെയും ജീവിതം മുന്നോട്ടു നയിക്കുക

ANTONY FRANCIS

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.