PRAVASI

അക്ഷരവെളിച്ചത്തിലേക്ക് ചുവടുവെച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം

Blog Image

അറിവിന്റെ പൊൻവെളിച്ചത്തിലേക്ക് ആദ്യാക്ഷരമെഴുതി കുരുന്നുകൾ ചുവടുവെയ്ക്കുന്ന പുണ്യദിനമാണ് ഇന്ന്(ഒക്ടോബർ 21). നവരാത്രി ആഘോഷങ്ങളുടെ നിറവിൽ, വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നുനൽകുന്ന വിജയദശമി നാളിൽ സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ്ങുകൾ സവിശേഷമായ ആദരവോടെയും ആവേശത്തോടെയും നടക്കുകയാണ്.

പ്രധാന ആരാധനാലയങ്ങൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ ഓഫീസുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം അതിവിപുലമായ സൗകര്യങ്ങളാണ് ആദ്യാക്ഷരം കുറിക്കാനായി ഒരുക്കിയിരിക്കുന്നത്. സാഹിത്യകാരന്മാരും സാംസ്കാരിക നായകരുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ കുട്ടികൾക്ക് അക്ഷരവെളിച്ചം പകരാൻ ആശാന്മാരായി എത്തുന്നുണ്ട്. അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നതോടൊപ്പം വാദ്യ-നൃത്ത-സംഗീതാദി കലകൾക്കും വിദ്യാരംഭ ദിനത്തിൽ തുടക്കം കുറിക്കുന്നു.

തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വിജയദശമി. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി തെക്കേ ഇന്ത്യയിൽ ഇത് ആഘോഷിക്കപ്പെടുമ്പോൾ, രാവണ വധത്തിന്റെ ഓർമ്മ പുതുക്കലായാണ് വടക്കേ ഇന്ത്യയിൽ വിജയദശമി കൊണ്ടാടുന്നത്. ദുർഗ്ഗാഷ്ടമി നാളിൽ പൂജവെച്ച പുസ്തകങ്ങളും പണിയായുധങ്ങളും വാഹനങ്ങളും വിജയദശമി ദിനത്തിലെ പൂജയെടുപ്പോടെ തിരികെ ഉപയോഗിച്ചു തുടങ്ങുന്നതോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനവുമാകുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.