കൊല്ലം: ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടി ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്നു. എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ തറപറ്റിച്ച് ചരിത്ര വിജയം സ്വന്തമാക്കിയത്. സിറ്റിംഗ് എംഎൽഎ ജി.എസ്. ജയലാലിന് പകരം സിപിഐ രംഗത്തിറക്കിയ ആർ. രാജേന്ദ്രനും കോൺഗ്രസിന്റെ സൂരജ് രവിയുമായിരുന്നു പ്രധാന എതിരാളികൾ.
2016-ലും 2021-ലും ചാത്തന്നൂരിൽ രണ്ടാം സ്ഥാനത്തെത്തി ബിജെപി കരുത്തുകാട്ടിയിരുന്നു. ആ രണ്ട് തവണയും ബി.ബി. ഗോപകുമാർ തന്നെയായിരുന്നു സ്ഥാനാർത്ഥി. മൂന്നാം പോരാട്ടത്തിൽ പത്ത് വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
“മാറാത്തത് മാറിയിരിക്കുന്നു” എന്നായിരുന്നു വിജയത്തിന് പിന്നാലെയുള്ള ഗോപകുമാറിന്റെ ആദ്യ പ്രതികരണം. മണ്ഡലത്തിലെ രാഷ്ട്രീയ അടിയൊഴുക്കുകളെയും എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടത്തെയും അതിജീവിച്ചാണ് ഈ വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2011 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഐ കൈവശം വെച്ചിരുന്ന മണ്ഡലമാണ് ഇതോടെ ഇടത് മുന്നണിക്ക് നഷ്ടമായത്.

