സിനിമാ പത്രപ്രവർത്തകനും വിവിധ ചലച്ചിത്ര മാസികകളുടെ എഡിറ്ററുമായിരുന്ന മധു വൈപ്പന എന്ന എൻ. മധുസൂദനൻ അന്തരിച്ചു. 82 വയസ്സായിരുന്നു .
പാലായിലെ വൈപ്പന കുടുംബത്തിൽ 1942 ൽ ആണ് മധു വൈപ്പന ജനിച്ചത്. നിയമ വിദ്യാഭ്യാസത്തിനു ശേഷം കൽക്കത്തയിലേക്ക് പോയ അദ്ദേഹം അവിടെ നിന്ന് 'കേരളശബ്ദ'ത്തിലേക്ക് ബംഗാൾ രാഷ്ട്രീയവും 'സിനിരമ'യിലേക്ക് ബംഗാളി സിനിമാവാർത്തകളും റിവ്യുകളും ' കുങ്കുമ' ത്തിലേക്ക് ഉത്തരേന്ത്യൻ യാത്രാവിവരണങ്ങളും എഴുതി അയച്ചു കൊണ്ട് പത്രപ്രവർത്തകനായി. തുടർന്ന് കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'രാജധാനി' മറുനാടൻ മലയാളി പ്രസിദ്ധീകരണത്തിൻ്റെ പത്രാധിപരായ ഇദ്ദേഹം.
പിന്നീട് നാട്ടിൽ എത്തിയ ഇദ്ദേഹം 'കുങ്കുമം' - 'കേരളശബ്ദം' ഗ്രൂപ്പ് 'നാന' എന്ന സിനിമാ വാരിക തുടങ്ങിയപ്പോൾ, അതിൻ്റെ മദ്രാസ് ലേഖകനായി. തുടർന്ന് 'നാന'യുടെ എഡിറ്ററായി കേരളത്തിലെത്തി. ആ കാലയളവിലാണ് പിന്നീട് സിനിമാ സംവിധായകനായി മാറിയ ബാലചന്ദ്രമേനോൻ 'നാന'യുടെ മദ്രാസ് ലേഖകനായിരുന്നത്. 'നാന'യിൽ നിന്ന് വിട്ടതിനു ശേഷം, 'രംഗം' എന്ന സിനിമാ മാസിക സ്വന്തമായി തുടങ്ങുന്നത്.1980 കളുടെ ആദ്യം രണ്ടു വർഷക്കാലം സാഹിത്യ അക്കാദമിയുടെ പ്രതിമാസ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിൻ്റെയും ദ്വൈമാസികയായ 'സാഹിത്യ ലോക'ത്തിൻ്റെയും അസിസ്റ്റൻ്റ് എഡിറ്ററായി. 1990 കളുടെ തുടക്കത്തിൽ തിരുവനന്തപുരത്തു നിന്ന് 'കേരളപത്രിക' രാഷ്ട്രീയവാരികയുടെ പത്രാധിപരായി. 'മംഗളം' ഗ്രൂപ്പ് 1997 ൽ കോട്ടയത്തു നിന്ന് ആരംഭിച്ച 'സിനിമാ മംഗള'ത്തിൻ്റെ ആദ്യ പത്രാധിപരായി. 2011 വരെ പതിനാലു വർഷക്കാലം അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. ഇതിനിടയിൽ, അതേ ഗ്രൂപ്പ് ആരംഭിച്ച 'വാർത്താ മംഗളം' എന്ന വാർത്താ വാരികയുടെയും 'ടിക്-ടിക്' എന്ന വിനോദ മാസികയുടെയും ആദ്യ പത്രാധിപരുമായി.
'സിനിമാ മംഗള'ത്തിൻ്റെ എഡിറ്ററായിരുന്ന കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ഇദ്ദേഹം എഴുതിയ ഗ്രന്ഥമാണ് 'അമംഗളങ്ങൾ' (2012). 'ബ്ലാക്ക് ആൻഡ് വൈറ്റ്', 'സിനിമക്കുള്ളിലെ സിനിമ', 'സിനിമാ ടെക്നിക്' (മഹച്ചരിതമാല പരമ്പര - 47), 'ഗന്ധർവ്വലോകം', ' നിയന്ത്രണ രേഖ' എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.
ജോയിൻ്റ് ലേബർ കമ്മീഷ്ണറായി വിരമിച്ച പ്രമീളയാണ് ഭാര്യ. ഏക മകൻ ദീപക് അമേരിക്കയിലാണ്.


