മലയാള സിനിമ കണ്ട ഏറ്റവും വലിയ തിരിച്ചു വരവുകളിൽ ഒന്ന് മമ്മൂട്ടിയുടേതായിരുന്നു. ജോഷിയുടെ ന്യൂ ഡൽഹിയിലൂടെ എല്ലാവരും അവസാനിച്ചെന്ന് വിധിയെഴുതിയ മമ്മൂട്ടിയുഗം തിരിച്ചു വന്നപ്പോൾ ഉദയം കൊണ്ടത് മലയാള സിനിമയുടെ ഒരു സുവർണ്ണ കാലഘട്ടം കൂടിയായിരുന്നു. ഇപ്പോഴിതാ എടുത്ത ഇടവേളകളിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായി വീണ്ടും ആ മഹാനാടൻ വീണ്ടുമൊരു തിരിച്ചു വരവ് നടത്തുമ്പോൾ ലോക സിനിമാ പ്രേമികൾ എല്ലാം തന്നെ അതിന്റെ ആഘോഷത്തിലാണ്.
ആരാധകരുടെയും സിനിമാലോകത്തിന്റെയും പ്രാർത്ഥനകൾ ഫലം കണ്ടതായി നിർമാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് പുറത്തുവന്നത് എവിടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ് ചർച്ചയായത്. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി,” എന്നാണ് ആന്റോ ജോസഫിന്റെ വാക്കുകൾ. മമ്മൂട്ടിയുടെ ആരോഗ്യം പൂർണമായി വീണ്ടെടുത്തതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെ, താരം സെപ്റ്റംബർ മുതൽ പുതിയ പ്രോജക്ടുകളിൽ സജീവമാകുമെന്നാണ് വിവരം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചിലർ അദ്ദേഹത്തിന് കാൻസർ ബാധിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നെങ്കിലും, താരത്തിന്റെ പിആർ ടീം ഇത് നിഷേധിച്ചിരുന്നു. റംസാൻ വ്രതം കാരണം താൽക്കാലികമായി സിനിമയിൽ നിന്ന് ഇടവേള എടുത്തതാണെന്ന് അവർ വ്യക്തമാക്കി. എന്നാൽ, അടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ പ്രകാരം, മമ്മൂട്ടി ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു, ഇപ്പോൾ പൂർണ ആരോഗ്യവാനായി കേരളത്തിലേക്ക് മടങ്ങിയെത്തി. ഈ വാർത്ത ആരാധകർക്ക് വലിയ ആശ്വാസവും സന്തോഷവും നൽകിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ തിരിച്ചുവരവിനെ മലയാള സിനിമാലോകം ആഘോഷമാക്കുകയാണ്. നടനും സുഹൃത്തുമായ മോഹൻലാൽ, മമ്മൂട്ടിയുടെ ആരോഗ്യം വീണ്ടെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് ഒരു പരിപാടിയിൽ സംസാരിച്ചു. “ഞാൻ ശബരിമലയിൽ പോയി അദ്ദേഹത്തിനായി പ്രാർഥിച്ചിരുന്നു. എത്രയോ ആളുകൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു, ആ പ്രാർത്ഥനകൾ തന്നെയാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്,” മോഹൻലാൽ പറഞ്ഞു. അവർ ഒരുമിച്ചഭിനയിക്കുന്ന ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി മാറിനിന്നത്. അടുത്ത മാസം മുതൽ താരം ഡബ്ബിങ് ആരംഭിക്കുമെന്നും മോഹൻലാൽ വെളിപ്പെടുത്തി.
മമ്മൂട്ടിയുടെ അനന്തരവനും നടനുമായ അഷ്കർ സൗദാൻ, താരത്തിന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിന് ഒരു വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് സൂചിപ്പിച്ചു. “ഇപ്പോഴും അദ്ദേഹം പൂർണ ആരോഗ്യവാനാണ്. പുതിയ രൂപത്തിൽ വരാൻ വേണ്ടി മാറിനിന്നതാണ്,” എന്ന് അഷ്കർ പറഞ്ഞു. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. ഈ ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി, ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
മമ്മൂട്ടിയുടെ തിരിച്ചുവരവ് മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. നിർമാതാക്കളായ എസ്. ജോർജ്, രമേശ് പിഷാരടി, മാലാ പാർവതി തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. “രാജാവ് തിരിച്ചെത്തിയിരിക്കുന്നു,” എന്നാണ് മാലാ പാർവതിയുടെ വാക്കുകൾ. മഹേഷ് നാരായണന്റെ മൾട്ടി-സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നും വിവരമുണ്ട്. ആരാധകർ മാത്രമല്ല, മലയാള സിനിമയിലെ എല്ലാവരും ‘മമ്മൂക്ക’യുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മമ്മൂട്ടി തിരിച്ചുവരേണ്ടത് മലയാള സിനിമയുടെ വലിയ ആവശ്യമായിരുന്നു കാരണം നിരവധി നിർമ്മാതാക്കളും സംവിധായകരമെല്ലാം അദ്ദേഹവുമായി പുതിയ പ്രൊജക്ടുകൾ പ്ലാൻ ചെയ്തിരുന്നു. അവ തുടർന്നു പോകേണ്ടതിനും, സിനിമയുടെ സമ്പത്ത് നിലനിർത്തേണ്ടതിനും ഈ തിരിച്ചു വരവ് ആവശ്യമാണ്.


