മനുഷ്യർ തമ്മിൽ താരതമ്യം നടത്തുമ്പോൾ മനസ്സിൽ ഉയരുന്ന ഒരു ചോദ്യമാണ് "ആരാണ് വലിയവൻ"? എന്നേക്കാൾ വലിയവൻ മറ്റൊരാളാണ് എന്ന് സമ്മതിക്കുവാൻ പൊതുവെ അനേകർക്കും അത്രെ താൽപ്പര്യവും ഇല്ല. ചിലരെങ്കിലും സമൂഹത്തിലെ ദരിദ്രരേയും നിരക്ഷരകുക്ഷികളെയും സംഘടിപ്പി ച്ച് അവരുടെ നേതാവായി ആത്മപ്രശംസയാൽ സംതൃപ്തരാകുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് നമുക്കും പറയുവാൻ കഴിയും. കർതൃശിഷ്യന്മാർക്കുപോലും ഇങ്ങനെയുള്ള ചോദ്യം അവരുടെയുള്ളിൽ ഉണ്ടായിരുന്നുയെന്നുള്ളത് പരസ്യമായതാണല്ലോ.അപ്പോഴാണ് കർത്താവ് അവരെ പ്രവൃത്തിയിൽ കൂടി പഠിപ്പിച്ചത്, മറ്റുള്ളവരുടെ മനസ്സിൽ നിങ്ങൾക്ക് സ്ഥാനം ഉണ്ടാവണമെങ്കിൽ അവരുടെ സേവകനാകു എന്ന വലിയ തത്വം. ഇന്നാകട്ടെ മറ്റുള്ളവരെ സേവകരാക്കി മഹാനാകുവാനാണ് അനേകർക്കും താൽപ്പര്യം. അതിന് വേണ്ടി അൽപ്പം പണവും ചെലവാക്കിയെന്നും വരാം.
ഈ ലക്കം മഞ്ജുളചിന്തയുടെ ശീർഷകം നമുക്കൊന്ന് വിചിന്തനം ചെയ്തുകൂടെ? അല്ലെങ്കിൽ പെട്ടെന്ന് എല്ലാവർക്കും പിടികിട്ടിയില്ലെന്നും വരാം. അശ്മം=പാറ. ലോഷ്ടം= മൺകട്ട. മൺകട്ടക്ക് പഞ്ഞിയെക്കാൾ ഭാരം കൂടുതൽ ഉണ്ടെങ്കിലും പാറയെക്കാൾ കനക്കുറവാണല്ലോ. ഒരാൾ തന്നേക്കാൾ താണവനോട് തുലനം ചെയ്യുമ്പോൾ ഉന്നതനാണെന്നു തോന്നിയാലും തന്നേക്കാൾ ഉയർന്നവനോട് താരതമ്യം ചെയുമ്പോൾ വളരെ നിസ്സാരമായി തോന്നുകയില്ലേ? മറ്റൊരു വ്യാഖ്യാനവും അശ്മലോഷ്ട ന്യായത്തിലുണ്ട്. പ്രബലനായ ഒര് ശത്രു ഇങ്ങോട്ടു വന്നാക്രമിച്ചാലും അങ്ങോട്ട് ചെന്ന് എതിരിട്ടാലും ദുർബലന് രണ്ടും ആപത്കരമായിരിക്കുന്നതുപോലെ പാറയിൽ മൺകട്ട വന്നുവീണാലും പാറ മൺകട്ടയുടെ മേൽ വീണാലും കേടെപ്പോഴും മൺകട്ടക്ക് തന്നെ. കാരണം മൺകട്ട പാറയുടെ മുന്നിൽ ബലഹീനം തന്നെ. ഇത് മറക്കുന്ന മൺകട്ടയാണ് ധൂളിയാകുന്നത്.
ഇന്ന് പെൺകുട്ടികളെ കെരാട്ടെ ഉൾപ്പെടെയുള്ള കായീക അഭ്യാസങ്ങൾ പരിശീലിപ്പിക്കുവാൻ മാതാപിതാക്കൾ വളരെ ഉത്സാഹികളാണ്.കാരണം മൺകട്ടകളെ ആക്രമിക്കുവാൻ വെമ്പുന്ന പാറക്കഷണങ്ങൾ ഇന്ന് വളരെയാണ്. അങ്ങനെയുള്ള പരിശീലനം ചില മൺകട്ടകൾക്കു പല പാറകളേയും ശിഥിലമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ആകയാൽ നമ്മുടെ ബലഹീനതകൾ മനസ്സിലാക്കുവാൻ നമുക്ക് കഴിവുണ്ടാകേണം. അനന്തരം അതിന് പരിഹാ രവും കണ്ടെത്തേണം. അല്ലെങ്കിൽ ചില മൺകട്ടകൾ പോലും നമുക്ക് കേടുവരുത്തും. അങ്ങനെയുള്ള ബലിയാടുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടല്ലോ. അനേകരുടെ കായീകശക്തിയും മോഹനവാഗ്ദാനങ്ങളും പാറകൾക്കു തുല്യമായി വന്ന് പതിച്ചതിനാൽ എത്രയോ മൺകട്ടകളാണ് തകർന്ന് തരിപ്പ ണമായത് ? ശത്രുവിന്റെ ബലത്തെ മനസ്സിലാക്കിവേണം നാം എതിരിടുവാൻ.
അദൃശ്യമായ ചില ശക്തികൾ നമ്മെ തകർക്കുവാൻ, ഉരുള് പ്പൊട്ടലിൽ ഇളകിമറിയുന്ന പാറകളെ പോലെ നമ്മുടെ മേൽ വന്ന് പതിക്കുവാൻ സാധ്യത ഏറെയുള്ള ലോകത്തിലാണ് നാം പാർക്കുന്നതു.ഇതിനെ നമ്മുടെ "മസ്സിൽ പവ്വർ" മാത്രം കൊണ്ട് കീഴടക്കുവാൻ കഴിയുകയില്ല. ഈ ശക്തികളെ നിസ്സാരമായി കാണരുത്. എന്നാൽ ഇതിനെ കീഴടക്കുവാൻ അത്യന്ത ശക്തി കൂടിയേ കഴിയൂ. ഈ അത്യന്ത ശക്തി മാനുഷീകമല്ല. അത് ഭൂമിയിൽ നിന്നുമുള്ളതല്ല. അത് ഉയരത്തിൽ നിന്നും സർവ്വശക്തനായ ദൈവത്തിൽ നിന്നും മാത്രമേ ലഭ്യമാകുകയുള്ളു. ഈ അത്യന്ത ശക്തി മൺകട്ടകളെ ശക്തമായ പാറകൾക്ക് തുല്യമാക്കുന്നു. അപ്പോഴാണ് ഏത് പ്രതിസന്ധിയിലും ഇളകാതെ ഉറച്ചു നിൽക്കുവാൻ സാധിക്കുന്നത്. അനേകരിലും ഈ അത്യന്ത ശക്തി ഇല്ലാത്തതിനാലാണ് നിസ്സാരകാര്യങ്ങൾക്കു പോലും ആത്മഹത്യ ചെയ്യുന്നത്. അൽപ്പം വെള്ളം വീണാൽ അലിഞ്ഞ് ഒലിച്ചു പോകുന്ന മൺകട്ടകളെ ശക്തമായ പാറകൾക്ക് തുല്യമാക്കുവാൻ ദൈവശക്തിക്ക് കഴിയും. സൗജന്യമായ ഈ ശക്തി ആർക്കാണ് ആവശ്യം, അവർ ചോദിക്കൂ ദൈവത്തോട്. അതിനുമുന്നമേ ബൈബിൾ തുറന്ന് ഒന്ന് വായിക്കുമോ ലൂക്കോസ് പതിനൊന്നാം അദ്ധ്യായം പതിമൂന്നാം വാക്യം!
%20(2).jpeg)
പാസ്റ്റർ ജോൺസൺ സഖറിയ

