സ്വന്തം തെറ്റുകളെ സമ്മതിക്കുവാൻ മന സ്സില്ലെങ്കിലോ അങ്ങനെയുള്ളവർ മറ്റുള്ളവരുടെ മേൽ പഴിചാരി എന്നും "പരീശവേഷത്തിൽ" വിഹരിക്കുന്നതു നമുക്ക് കാണാം. അന്വേന്യമുള്ള പഴി ചാരാൽ കുടുംബത്തിലും കൂട്ടായ്മയിലും കോടതിയിലും അങ്ങനെ എല്ലായിടങ്ങളിലും നാം കാണുന്നില്ലേ?
പഴിചാരൽ എന്ന പ്രയോഗം നമുക്കേവർക്കും ഒട്ടും അപരിചതമല്ലല്ലോ. വന്നുപോയ തെറ്റ് സമ്മതിക്കുവാൻ മനസ്സുണ്ടായാൽ അങ്ങനെയുള്ളവർക്ക് മറ്റൊരുവന്റെ മേൽ കുറ്റാരോപണം നടത്തി സ്വയം നീതിമാനായി പ്രഖ്യാപനം നടത്തുവാൻ സാധിക്കുകയില്ല. സ്വന്തം തെറ്റുകളെ സമ്മതിക്കുവാൻ മന സ്സില്ലെങ്കിലോ അങ്ങനെയുള്ളവർ മറ്റുള്ളവരുടെ മേൽ പഴിചാരി എന്നും "പരീശവേഷത്തിൽ" വിഹരിക്കുന്നതു നമുക്ക് കാണാം. അന്വേന്യമുള്ള പഴി ചാരാൽ കുടുംബത്തിലും കൂട്ടായ്മയിലും കോടതിയിലും അങ്ങനെ എല്ലായിടങ്ങളിലും നാം കാണുന്നില്ലേ? പഴി പറയുവാൻ അധികം പേരൊന്നും ആവശ്യമില്ല. മിനിമം രണ്ടു പേരുമതി. ഇതിന്റേയും ആരംഭം ആദ്യ കുടുബത്തിൽ തന്നെയാണ്. വൃക്ഷങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ആദം ഹവ്വാ ദമ്പതികളോട് ദൈവത്തിന്റെ ചോദ്യം "തിന്നരുതെന്നു ഞാൻ നിന്നോട് കൽപ്പിച്ച വൃക്ഷഫലം നീ തിന്നുവോ"? ഒരുവാക്കുകൊണ്ടു മറുപടി പറയുവാ ൻ കഴിയുന്ന ചോദ്യത്തിന് ഒരു നീണ്ട വാചകം ഉപയോഗിക്കുമ്പോഴേ അറിഞ്ഞുകൊള്ളൂ പഴിപറച്ചിൽ തുടങ്ങിയെന്നു.
ആദാമിന്റെ മറുപടി, "നീ എന്നോട് കൂടെ ഇരിപ്പാൻ തന്ന സ്ത്രീ തന്നു ഞാൻ തിന്നു". ഇവിടെ കുറ്റക്കാരൻ ദൈവം!
ഹവ്വായുടെ മറുപടി, "പാമ്പ് എന്നെ വഞ്ചിച്ചു ഞാൻ ഞാൻ തിന്നു" എന്തിനാ ഈ പാമ്പിനെ ഉണ്ടാക്കിയത് എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു.
അന്ന് തുടങ്ങിയ പഴിചാരൽ ഇന്നും എങ്ങും തുടർന്നുകൊണ്ടിരിക്കുന്നതിനാൽ നിസ്സാര പ്രശ്നങ്ങൾപോലും പരിഹരിക്കപ്പെടുകയല്ല പകരം കാട്ടുതീ പോലെ പടർന്നു ആളിക്കത്തുകയാണ്. പഴിയും പരിഹാസ്സവും ചിലർക്ക് ആനന്ദകരമായ വിനോദമാണ്. മറ്റുള്ളവരുടെ വേദനയിൽപ്പോലും അവർ ആനന്ദം കണ്ടെത്തുന്നു. ആരേയും സംശയത്തോടെ വീക്ഷിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? അവർക്കു പഴിയും പരിഹാസ്സവും ചൊരിയുവാൻ ഒരു പ്രത്യേക ഊർജ്ജം തന്നെയുണ്ട്. ഭവിഷത്തുകളെ കുറിച്ച് അശേഷം ചിന്തകൾ പോലുമില്ല.
ഒരുകാലത്തു സമാധാനകാംഷികൾ നമ്മുടെ സമൂഹത്തിൽ വളരെയുണ്ടായിരുന്നു. അവരിൽ പലരും എന്തും സഹിക്കുവാൻ പോലും സന്നദ്ധനായി രുന്നു. ഇന്നാകട്ടെ സ്വാർത്ഥരുടെ പെരുപ്പവും പെരുമാറ്റവും കുടുമ്പങ്ങളെപോലും യുദ്ധഭൂമിയായിട്ട് മാറ്റിക്കഴിഞ്ഞു. അധികാരം കൈയ്യിലുള്ളവർ പോലും ഇതികർത്തവ്യതാമൂഢരായി തീർന്നതിനാൽ സംയമനം നഷ്ട്ടപെട്ട സംഘങ്ങൾ, സംഘട്ടനങ്ങൾ പെരുക്കുകയും പഴിയും പരിഹാസ്സവും വാരിച്ചൊരിയുവാൻ സന്നദ്ധരും ആയിരിക്കുന്നു. ആകയാൽ ഈ ലോകം തന്നെ അപകടങ്ങളുടെ അതിരിങ്കൽ എത്തിനിൽക്കുകയാണ്. കാല്പാദ മൊന്നു ഇടറിയാൽ അഗാധഗർത്തത്തിൽ തന്നെ ! ആരും ഗണ്യമാക്കുന്നതുമില്ല. കുറ്റവാളികളുടെ അവകാശവാദം, നിരപരാധി എന്റെ അടുക്കൽ വന്നു എന്നോട് ക്ഷമ ചോദിക്കട്ടെ എന്നുംകൂടിയാകുമ്പോൾ ആർക്കും ഒന്നും ചെയ്യുവാൻ കഴിയാതെ എല്ലാവരും വേദിവിട്ടിറങ്ങുന്നു?
പരിഹാരം പഴിപറച്ചിൽ നിറുത്തുകയെന്നതാണ്. സ്വന്ത തെറ്റുകളുടെ മുൻപിൽ ഒരു അനുതാപ ഹൃദയമാണ് ഉണ്ടാകേണ്ടത്. പകരം "ഇരുട്ടുകൊണ്ടു ഓട്ട (ദാരം) അടയ്കുവാൻ" ശ്രമിച്ചാൽ വെളിച്ചത്തിനു മുന്നിൽ എല്ലാം നിഷ്ഫലമായിപ്പോകും. പ്രഭാതഭക്ഷണത്തിനു രുചികരമായ മുട്ടക്കറിയും പാലപ്പവും ക്രമപ്പെടുത്തിയനന്തരം തീൻമേശയിലെ പഴിചാരൽ അസഹനീയമായതിനാൽ മറ്റൊന്നും കിട്ടാത്തതിനാൽ മുട്ടകൾ കൊണ്ടുള്ള തമ്മിലേറ് കണ്ണുകൾക്ക് ക്ഷതമേല്പിച്ചു എന്നവാർത്തയുടെ നിജസ്ഥിതി അറിയുന്നതുകൊണ്ടും നമുക്ക് പ്രതേകിച്ചു പ്രയോജനമൊന്നുമില്ലല്ലോ. കൂടുമ്പോൾ ഇമ്പമാകേണ്ട കുടുംബത്തിലെ ഭൂകമ്പങ്ങൾ ഒന്ന് അവസ്സാനിക്കുവാൻ ഐക്യരാഷ്ട്രസഭയുടെ ആലോചനകളൊന്നും അത്യാവശ്യമില്ല പകരം പഴിപറച്ചിൽ അവസാനിപ്പിച്ചാൽ മതിയാകും. ആരാധനാ സ്ഥലങ്ങളിലെ പഴിപറച്ചിൽ ഒന്നവസാനിപ്പിച്ചനന്തരം സ്വന്തതെറ്റുകളെ ഓർത്തു നിരപ്പ് പ്രാപിക്കൂ ദൈവമുഖം അങ്ങനെയുള്ളവർക്ക് ദർശിക്കുവാൻ തന്നെ കഴിയും. ആകയാൽ പഴി അല്ല വഴി എന്നറിഞ്ഞു വഴിയേ വരിക.
പാസ്റ്റർ ജോൺസൺ സഖറിയ