സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ (2024) മാർത്തോമാ ശ്ലീഹായുടെ ജീവചരിത്രത്തിലേയ്ക്ക് ഒരു അനുസ്മരണം. ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരുവനും, പരിശുദ്ധാത്മ നിയോഗത്താൽ ഇന്ത്യയിൽ വന്ന ക്രിസ്തുവിൻ്റെ സുവിശേഷങ്ങൾ പഠിപ്പിക്കുകയും ചെയ്ത വിശുദ്ധനായ തോമാശ്ലീഹായെ അറിയാത്ത ക്രിസ്ത്യാനികൾ കുറവായിരിക്കും
സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ (2024) മാർത്തോമാ ശ്ലീഹായുടെ ജീവചരിത്രത്തിലേയ്ക്ക് ഒരു അനുസ്മരണം. ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരുവനും, പരിശുദ്ധാത്മ നിയോഗത്താൽ ഇന്ത്യയിൽ വന്ന ക്രിസ്തുവിൻ്റെ സുവിശേഷങ്ങൾ പഠിപ്പിക്കുകയും ചെയ്ത വിശുദ്ധനായ തോമാശ്ലീഹായെ അറിയാത്ത ക്രിസ്ത്യാനികൾ കുറവായിരിക്കും.
തോമസ് എന്ന ഗ്രീക്ക് പേരിന് "ഇരട്ട" (Twin) എന്നർത്ഥം. തോമസ് "ദിദിമോസ്" എന്ന പേരിലും അറിയപ്പെടുന്നു. വി. യോഹന്നാൻ (11:16). തോമാശ്ലീഹാ ജെറുസലേമിൽ ജനിച്ച ഗലീലക്കാരനായ മരപ്പണിക്കാരൻ ആയിരുന്നു. പിന്നീടാണ് മീൻ പിടിക്കുന്ന പണിയിലേക്ക് വന്നത്. തോമസിൻ്റെ 29-ാം വയസ്സിൽ യേശുവിൻ്റെ ശിഷ്യനായി. യേശുവിൻ്റെ കൂടെ നടന്ന് ഗുരുകുല വിദ്യാഭ്യാസത്താൽ പ്രസംഗങ്ങളും പഠിപ്പിക്കലും വഴി കണ്ടും കേട്ടും അനുഭവിച്ചും ആണ് തോമാശ്ലീഹായും മറ്റ് ശ്ലീഹന്മാരും ദൈവവചനം പഠിച്ചതും ദൈവരാജ്യത്തെ കുറിച്ച് അറിഞ്ഞതും.
വി. മത്തായിയുടെ സുവിശേഷത്തിലും (10:2-16), വി. മർക്കോസിൻ്റെ സുവിശേഷത്തിലും (3:13-19), വി. ലൂക്കോസിൻ്റെ സുവിശേഷത്തിലും (6:12-16), യേശു തൻ്റെ ശിഷ്യന്മാരിൽ നിന്നും 12 പേരെ തിരഞ്ഞെടുത്തതിൽ തോമാശ്ലീഹായും ഉൾപ്പെടുന്നു. വി. യോഹന്നാൻ്റെ സുവിശേഷം (11:16) ൽ യേശുവിൻ്റെ സ്നേഹിതനും സഹോദരതുല്യനുമായ ലാസർ മരിച്ച വിവരം യേശുവും ശിഷ്യന്മാരും അറിയുന്ന സന്ദർഭത്തിൽ യേശുവിനെ പിടിക്കാൻ കാത്തിരിക്കുന്ന യഹൂദർ, ആ ഭാഗത്തേക്ക് പോകുന്നതിൽ നിന്നും വിലക്കുന്ന ശിഷ്യന്മാർ - ഈ സന്ദർഭത്തിൽ തോമസ്, മറ്റു ശിഷ്യന്മാരെയും ധൈര്യപ്പെടുത്തുന്നു. തോമസ് പറയുന്നു "അവനോടുകൂടി മരിക്കേണ്ടതിന് നമുക്കും പോകാം" യേശുവിനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നതിനാലാണല്ലോ തോമസ് മരിക്കാൻ പോലും തയ്യാറായി അത്ര തീക്ഷ്ണതയോടെ പറയുന്നത്. വീണ്ടും വി. യോഹന്നാൻ്റെ സുവിശേഷത്തിൽ (14:4-6) യേശു പറയുന്നു. "ഞാ൯ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം" അപ്പോൾ തോമസ് പറഞ്ഞു "കർത്താവേ നീ എവിടേക്ക് പോകുന്നു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?" യേശു പറഞ്ഞു "വഴിയും, സത്യവും, ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിൻറെ അടുക്കലേക്ക് വരുന്നില്ല". വി. യോഹന്നാൻ്റെ സുവിശേഷം (20:24-29) യേശുവിൻ്റെ പുനരുത്ഥാനത്തിൽ സംശയിച്ച് തോമാശ്ലീഹാ ആണിപ്പാട് കണ്ട് വിശ്വസിച്ച്, "എൻ്റെ കർത്താവും, എൻ്റെ ദൈവവുമേ" എന്നു വിളിച്ചുപറഞ്ഞു തൻ്റെ വിശ്വാസം ഉറപ്പിക്കുന്നു. അങ്ങനെ യേശു ഉയർത്തെഴുന്നേറ്റ ശേഷം, തോമാശ്ലീഹായും യേശുവിനെ നേരിൽ കണ്ട് ബോധ്യമാക്കി പരിശുദ്ധാൽമാവ് പ്രാപിച്ചു.
ശിഷ്യന്മാർ സുവിശേഷപ്രഘോഷണത്തിന്നായി ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലേക്കും പോകുന്നതിനായി തീരുമാനിക്കുകയും അതിനായി തങ്ങളുടെ പേര് എഴുതി ചീട്ടിട്ട് നോക്കിയതിൽ തോമാശ്ലീഹായ്ക്ക് ഇന്ത്യയുടെ ഭാഗത്തേക്ക് ആയിരുന്നു ചീട്ട് കിട്ടിയതെന്നും പറയപ്പെടുന്നു. പക്ഷേ കരമാർഗ്ഗം ആദ്യം പോയത് പാദ്യ, മേദ്യാ, പേർഷ്യ എന്നിവിടങ്ങളിലായിരുന്നു സുവിശേഷം അറിയിച്ചത്. അവിടെ ആയിരുന്നെങ്കിലും ഇന്ത്യയിലേക്ക് വരുവാനുള്ള ആഗ്രഹത്താൽ പിന്നീട് വന്നത് വടക്കേ ഇന്ത്യയിലെ സിന്ധു നദി തീരത്ത് ബുദ്ധ സന്യാസികളുടെ കൂടെ കുറെ നാൾ താമസിച്ചും, തോമാശ്ലീഹായിൽ നിന്ന് അവരും യേശുക്രിസ്തുവിനെ കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്തതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കാബേർ, പോളൻ വഴി സിന്ധു നദീതടം മുതൽ ശുശ്രൂഷ ആരംഭിച്ചു. പേർഷ്യ ദേശത്തിലെ പുരോഹിതന്മാരും ബുദ്ധ സന്യാസിമാരും തോമാശ്ലീഹായുടെ സുവിശേഷ പ്രസംഗത്തിൽ ആകൃഷ്ടരായി യേശുവിൽ വിശ്വസിച്ചു.
ഹബ്ബാൻ എന്ന വ്യാപാരിയാണ് തോമാശ്ലീഹായെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഗോൻഡ ഫോറസ് രാജാവിനെ വ്യാപാരി പരിചയപ്പെടുത്തി. രാജാവിന് തോമാശ്ലീഹായെ ഇഷ്ടപ്പെടുകയും യൂറോപ്പിലെ നാഗരികത അനുസരിച്ച് തനിയ്ക്കും ഒരു മനോഹരമായ കൊട്ടാരം പണിയാൻ രാജാവ് തോമാശ്ലീഹായെ ഏർപ്പാടാക്കുകയും ചെയ്തു. അതിനുള്ള പണവും സ്വർണവും കൊടുത്തു. അതെടുത്ത് തോമാശ്ലീഹാ സുവിശേഷ വേലയ്ക്കും, സാധുക്കൾക്ക് ഭവനങ്ങൾ പണിതു കൊടുക്കുന്നതിനും ഉപയോഗിച്ചു. ഇതറിഞ്ഞ രാജാവ് കോപിഷ്ഠനായി, തോമാശ്ലീഹായോട് കാര്യം അന്വേഷിച്ചു. തോമാശ്ലീഹാ അതിന് ഉത്തരമായി "ഞാൻ അങ്ങേയ്ക്ക് വേണ്ടി ഭൂമിയിലല്ല, സ്വർഗ്ഗത്തിലാണ് കൊട്ടാരം പണിയുന്നത്, സ്വർഗ്ഗത്തിൽ നിത്യമായ വാസസ്ഥലം ഉണ്ട്". ഇതുകേട്ട രാജാവ് കോപിഷ്ഠനായി തോമാശ്ലീഹായെ കാരാഗൃഹത്തിൽ അടച്ചു. ആ കാലഘട്ടത്തിൽ രാജാവിൻ്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരൻ കടുത്ത രോഗം ബാധിച്ച് കിടപ്പിലായി മരിച്ചുപോയി. രാജാവ് സ്വപ്നത്തിൽ തൻ്റെ സഹോദരനെ കാണുകയും, അദ്ദേഹം, രാജാവിനുവേണ്ടി തോമാശ്ലീഹാ സ്വർഗ്ഗത്തിൽ പണിത കൊട്ടാരം കണ്ടതിനെ പറ്റി പറയുകയും, തോമാശ്ലീഹായെ ഉപദ്രവിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. അതിനുശേഷം രാജാവ് തോമാശ്ലീഹായെ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. പിന്നീട് രാജാവും ക്രിസ്തുവിൽ വിശ്വസിക്കുകയും, സ്നാനം ഏൽക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയപ്പെടുന്നത്.
AD 52ൽ തോമാശ്ലീഹാ ഇന്ത്യയുടെ തെക്കേ ഭാഗത്തായ കേരളത്തിൽ കൊടുങ്ങല്ലൂരിൽ എത്തി എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ, കൊല്ലം, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, നിരണം, നിലയ്ക്കൽ, തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിൽ, തിരുവിതാംകോട് - എന്നിങ്ങനെ ഏഴര പള്ളികൾ തോമാശ്ലീഹാ സ്ഥാപിച്ചതായി കരുതപ്പെടുന്നു. തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളിൽ ഏറ്റവും പഴക്കം ചെന്ന ദേവാലയം കൊടുങ്ങല്ലൂരിൽ മാല്യങ്കര യിലാണ്. അവിടെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വളരെ ആദരവോടെയും സുരക്ഷിതമായും സൂക്ഷിച്ചിരിക്കുന്നു. നാനാ ജാതി മതസ്ഥർക്കും ശ്ലീഹായുടെ തിരുശേഷിപ്പ് കണ്ട് പ്രാർത്ഥിക്കുന്നതിനും സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കോക്കമംഗലം - ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും, പത്തനംതിട്ട ജില്ലയിലെ നിരണം വലിയ പള്ളിയിലും തോമാശ്ലീഹായുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പള്ളികളിൽ എല്ലാം തന്നെ പരിശുദ്ധ തോമാശ്ലീഹാ കുരിശു സ്ഥാപിക്കുകയും അവിടെ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ജനങ്ങളെ തൻറെ ഗുരുവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ വചനങ്ങൾ പഠിപ്പിക്കുകയും, അത്ഭുതങ്ങളും കൃപകളും പങ്കുവയ്ക്കുകയും, ആയിരക്കണക്കിന് ജനങ്ങളെ മാമോദിസ നൽകിയതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
AD72 ജൂലൈ 3, ചെന്നൈയിലെ മൈലാപ്പൂരിലെ ചിന്നമലയിൽ കുന്തത്താൽ കുത്തേറ്റ് മരണപ്പെട്ടു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനായ തോമാശ്ലീഹാ രക്തസാക്ഷിത്വം വഹിച്ചതിൻ്റെ ഓർമ്മയാണ് ദുക്റാനൊ തിരുനാൾ. കബറിടം മൈലാപ്പൂരിൽ ഇപ്പോഴും ഉണ്ടെങ്കിലും, ഭൗതീകാവശിഷ്ടം എടീസായിലേക്കും, കൂടാതെ ഇറ്റലിയിലും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നു. ക്രിസ്തീയ സഭ വി. തോമാശ്ലീഹായുടെ നാമത്തിൽ ലോകത്തിൻറെ നാനാഭാഗങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയും ആ പുണ്യാത്മാവിൻ്റെ ഓർമ്മയും പ്രാർത്ഥനകളും വർഷത്തിൽ മൂന്ന് പ്രാവശ്യമെങ്കിലും നടത്തുന്നു. ജൂലൈ മൂന്നാം തീയതി സെൻതോമസ് ഡേയും, ഡിസംബർ 18 -ാം തീയതി മാർത്തോമാ ശ്ലീഹാ കുന്തത്താൽ കുത്തേറ്റതിൻ്റെയും, ഡിസംബർ 21-ാം തീയതി മരണം പ്രാപിച്ചതിൻ്റെ യും ഓർമ്മ ക്രിസ്ത്യാനികൾ ആചരിച്ചു വരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ, അതായത് ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച യേശു ഉയർത്തെഴുന്നേറ്റതിനുശേഷം തോമാശ്ലീഹായ്കും മറ്റ് ശ്ലീഹന്മാർക്കും യേശുവിനെ നേരിൽകണ്ട് പരിശുദ്ധാത്മാവ് പ്രാപിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനോടനുബന്ധിച്ച് വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള ദേവാലയങ്ങളിൽ ഓർമപെരുന്നാൾ കൊണ്ടാടുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാണ് വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള മലയാറ്റൂർ പള്ളി. ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച മലയാറ്റൂർ പള്ളിയിൽ തോമാശ്ലീഹായുടെ പെരുന്നാൾ കൊണ്ടാടുന്നു. തോമാശ്ലീഹായുടെ കാൽപാദം പതിഞ്ഞ പാറയും, മലയാറ്റൂർ പള്ളിയും, മലമുകളിലെ കാറ്റും, കുരിശും കണ്ട് പ്രാർത്ഥിച്ചും വഴിപാടുകൾ അർപ്പിച്ചു പോരുമ്പോൾ ഭക്തജനങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു ആത്മീയ നിർവൃതി ഉണ്ടാക്കാറുണ്ട്.
ഇന്ത്യയുടെ പ്രഥമ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹാ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി മലമുകളിലെ വിജന വനപ്രദേശം തെരഞ്ഞെടുത്തതിന് കാരണം മറ്റൊന്നുമല്ല, പകൽ മുഴുവൻ ക്രിസ്തുവിൻറെ സുവിശേഷം പഠിപ്പിക്കുകയും, രോഗശാന്തി നൽകുകയും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ, അതിൽ നിന്നും മോചനം കൊടുക്കുകയും ചെയ്ത് ക്ഷീണിതനാകുമ്പോൾ, വിശ്രമത്തിനും ദൈവീക സായൂജ്യത്തിനുമായി ഈ മലമുകളിലേയ്ക്ക് മടങ്ങിയെത്തുക പതിവായിരുന്നു. ഈ മലമുകളിൽ വെച്ച് മാർത്തോമാ ശ്ലീഹാ തൻറെ ദിവ്യ ഗുരുവുമായി സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് പരമ്പരാഗത വിശ്വാസം.
നമ്മുക്കും പ്രാർത്ഥിക്കാം:- കർത്താവേ! മാർത്തോമാ ശ്ലീഹായുടെയും, കൂട്ടു ശ്ലീഹന്മാരുടെ യും, പ്രാർത്ഥനകളാൽ സഭയിൽ നിന്ന് ശിക്ഷ കളെയും ഭിന്നതകളെ യും ക്രോധത്തിൻ്റെ വഴികളെയും നീക്കി കളയണമേ, വേദ വിപരീതികളുടെയും ദുഷ്ടന്മാരുടെയും ഉപദ്രവത്തിൽ നിന്ന് നിൻ്റെ സഭയേ രക്ഷിക്കണമേ! നിൻ്റെ നിരപ്പും സമാധാനവും എപ്പോഴും അതിൽ വാഴു മാറാകേണമേ! "എൻറെ കർത്താവും എൻറെ ദൈവമേ" എന്ന തോമാശ്ലീഹായുടെ സാക്ഷ്യപ്പെടുത്തലുകളോട് ചേർന്ന് നമുക്കും മാർത്തോമാ ശ്ലീഹായോട് അപേക്ഷിക്കാം!!!
"മാർത്തോമാശ്ലീഹായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ"! ആമീൻ!
റേച്ചൽ ജോർജ്