PRAVASI

ദേ മാവേലി ഹൂസ്റ്റണില്‍! സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

Blog Image

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും സംഘടനയുടെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും വര്‍ണാഭമായി നടന്നു. സംസ്‌കാരത്തിന്റെയും ബിസിനസ് കൂട്ടായ്മയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ചടങ്ങില്‍ ഹൂസ്റ്റണിലെ സാമുദായിക-വ്യാപാരി രംഗത്തെ പ്രമുഖരും ചേംബര്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

മഹാബലിയെ എഴുന്നള്ളിച്ച് ആനയിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ശശിധരന്‍ നായരാണ് മഹാബലിയുടെ വേഷത്തിലെത്തി ഓണസന്ദേശം നല്‍കിയത്. തുടര്‍ന്ന് നടന്ന ദീപം കൊളുത്തുന്ന ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് റോയ് മാത്യു, സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ചേംബര്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹം, സമത്വം, പങ്കുവെക്കല്‍, ഐക്യം തുടങ്ങിയ മൂല്യങ്ങള്‍ ദൈനംദിന ജീവിതത്തിലും ബിസിനസ് രംഗത്തും പ്രാവര്‍ത്തികമാക്കുന്നതാണ് യഥാര്‍ത്ഥ ഓണസന്ദേശമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ 15 വര്‍ഷത്തെ പ്രവര്‍ത്തന യാത്രയും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന പ്രത്യേക വാര്‍ഷിക റീല്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മഗ് പ്രസിഡന്റ് റോയ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജിജി ഓലിയ്ക്കല്‍, ജിജു കുളങ്ങര, ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍, ജോണ്‍ ഡബ്ല്യു. വര്‍ഗീസ് (Prompt Mortgage), ഫോമാ ആര്‍.വി.പി മിക്കി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ചേംബര്‍ വനിതാ ക്ലബ്ബ് അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തങ്ങളും കണ്ണപ്പന്‍, സണ്ണി കാരയ്ക്കല്‍ എന്നിവരുടെ ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ചേംബര്‍ സെക്രട്ടറി ബ്രൂസ് കൊളമ്പേലിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്. സണ്ണി കരിക്കാല്‍ അവതാരകനായി ചടങ്ങുകള്‍ നിയന്ത്രിച്ചു. അസോസിയേറ്റ് സെക്രട്ടറി സാം സുരേന്ദ്രന്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

'Advocate - Benefit - Connect' എന്ന അടിസ്ഥാന ദൗത്യവുമായി മുന്നേറുന്ന സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ്, വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്തുറ്റ കമ്മ്യൂണിറ്റി-ബിസിനസ് പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.