രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി സമർപ്പിച്ചു. മന്ത്രിയുടെ സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജി.
അതേസമയം, ബെന്നി തോമസിന്റെ നിയമനത്തെ മന്ത്രി ഇന്നലെ ന്യായീകരിച്ചിരുന്നു. ബന്ധുത്വം നോക്കിയല്ല, മറിച്ച് അദ്ദേഹത്തിന്റെ ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയം കണക്കിലെടുത്താണ് നിയമനം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്ന ബെന്നി തോമസിനെ, കണ്ണൂർ ഡി.സി.സി പ്രസിഡന്റിന്റെ ഔദ്യോഗിക ശുപാർശ പ്രകാരമാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

