PRAVASI

ആറന്മുളയിൽ അബിൻ വർക്കി 17,000 വോട്ടുകൾക്ക് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തു

Blog Image

പത്തനംതിട്ട ജില്ലയിലെ ഏക മന്ത്രിയായ വീണാ ജോർജിനെ നിഷ്പ്രഭമാക്കി ആറന്മുളയിൽ അബിൻ വർക്കിക്ക് ചരിത്ര വിജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് നൽകാൻ അനുവദിക്കാതെയാണ് അബിൻ വർക്കി മന്ത്രിയെ പരാജയപ്പെടുത്തിയത്. 17,000 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് ആറന്മുള വീണ്ടും കൈപ്പിടിയിലൊതുങ്ങിയത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെ തുണച്ച ഓർത്തഡോക്സ് സഭയുൾപ്പെടെയുള്ള വിഭാഗങ്ങളിലെ പരമ്പരാഗത വോട്ടുകൾ അബിൻ വർക്കിയിലൂടെ തിരിച്ചുപിടിക്കാൻ യുഡിഎഫിനായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യവകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങളും ഏറ്റവും ഒടുവിൽ കണ്ണൂരിലുണ്ടായ കരിങ്കൊടി സമരം ഉൾപ്പെടെയുള്ള വിവാദങ്ങളും വീണാ ജോർജിന് തിരിച്ചടിയായി. മണ്ഡലത്തിലെ യുവാക്കൾക്കിടയിൽ അബിൻ വർക്കി നടത്തിയ ചിട്ടയായ പ്രവർത്തനവും മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹവും വിജയത്തിൽ നിർണ്ണായകമായി. 2021-ൽ 19,003 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച വീണാ ജോർജിന് ഇത്തവണ വലിയ വോട്ട് ചോർച്ചയാണ് സംഭവിച്ചത്.

കഴിഞ്ഞ തവണ 74,950 വോട്ടുകൾ നേടിയ മന്ത്രിക്ക് ഇത്തവണ ഏകദേശം മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഇടിവുണ്ടായി. 2016 മുതൽ മാധ്യമപ്രവർത്തക എന്ന ലേബലിൽ വീണ നിലനിർത്തിയിരുന്ന വ്യക്തിപ്രഭാവം ഭരണവിരുദ്ധ തരംഗത്തിൽ ഒലിച്ചുപോയി. 1957 മുതൽ യുഡിഎഫിനെ കൂടുതൽ തുണച്ചിട്ടുള്ള ആറന്മുളയുടെ ചരിത്രം ഇത്തവണ അബിൻ വർക്കിയിലൂടെ വീണ്ടും ആവർത്തിച്ചു. 2016-ൽ മാധ്യമപ്രവർത്തന രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി ജില്ലയിലെ പ്രമുഖ മന്ത്രിയായി മാറിയ വീണാ ജോർജിന്റെ പരാജയം സിപിഎം സംസ്ഥാന നേതൃത്വത്തെയും ജില്ലാനേതൃത്വത്തെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.