ആഗോള ന്യൂനപക്ഷാവകാശ ദിനമായ ഇന്ന്, സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എം. ജോസഫ് നടത്തിയ ഒരു സുപ്രധാന നിരീക്ഷണം ഓര്‍ത്തു പോവുകയാണ്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും വിവേചനരഹിതമായി ഉറപ്പാക്കാന്‍ കഴിയുന്നതാണ് ജനാധിപത്യം. എന്നാല്‍ വര്‍ത്തമാന കാലത്ത് നടക്കുന്നത് എന്താണ്? ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നു. അര്‍ഹതപ്പെട്ടത് പോലും ലഭിക്കാന്‍ അവര്‍ക്ക് കാതങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദുര്‍ബലമായ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ പലര്‍ക്കും വിമുഖതയാണ്. നിരന്തരമായ വേട്ടയാടപ്പെടലിന് ശേഷം അവര്‍ നിശബ്ദമായി ഭൂമിയിലേക്ക് മറയുന്നു. ഒന്ന് കണ്ണീര്‍ തോര്‍ത്താന്‍, ഒരാശ്വാസവാക്കു പറയാന്‍ ഒരു പക്ഷേ ഭൂമുഖത്ത് ആരുമുണ്ടാകണമെന്നില്ല.
അന്തസ്സോടെ ജീവിക്കുക എന്നതിന്‍റെ അര്‍ഥമെന്താണ്? ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്ക് നമ്മള്‍ എങ്ങനെ നീതി പുലര്‍ത്തും? പ്രാചീന ഗ്രീക്ക് തത്ത്വചിന്തകരില്‍ നിന്നാണ് അന്തസ്സ് എന്ന ആശയം ഉടലെടുത്തത്. മനുഷ്യന്‍റെ മാന്യത യുക്തിസഹമായി കണക്കാക്കിയ അരിസ്റ്റോട്ടില്‍, വ്യക്തിഗത സദ്ഗുണത്തിനും ധാര്‍മ്മിക സമഗ്രതയ്ക്കും ഊന്നല്‍ നല്‍കിയ സ്റ്റോയിക് തുടങ്ങിയ തത്ത്വചിന്തകരില്‍ നിന്നായിരുന്നു ആവിര്‍ഭാവം.. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1948-ലെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യാവകാശങ്ങളും അന്തസ്സും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ദേശീയത, വംശീയത അല്ലെങ്കില്‍ വിശ്വാസം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും മൗലികാവകാശങ്ങളുടെ അവകാശത്തിനുള്ള സാര്‍വത്രിക മാനദണ്ഡങ്ങള്‍ ഈ പ്രഖ്യാപനരേഖയിലുടെ സ്ഥിരീകരിക്കുന്നു.
നിയമത്തിനപ്പുറം അവകാശങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമാണുള്ളത് . വ്യക്തികളെ അവരുടെ ക്ഷേമത്തിനും മറ്റുള്ളവരുടെ ക്ഷേമത്തിനും വേണ്ടി വാദിക്കാന്‍ അത് പ്രാപ്തരാക്കുന്നതോടൊപ്പം സമൂഹിക ബോധവും ഉത്തരവാദിത്ത്വവും വളര്‍ത്തുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 12 മുതല്‍ 32 വരെ മൗലികാവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അമിതാധികാര പ്രയോഗത്തിനും വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരെ വ്യക്തമായ സംരക്ഷണം നല്‍കുന്നതാണിത്. അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ അനുവദിക്കുന്ന പ്രത്യേകാവകാശത്തിന് പദവി പരിഗണിക്കാതെ ഓരോ പൗരനും അര്‍ഹതയുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ അവകാശങ്ങള്‍ നമുക്ക് ഉറപ്പാക്കിയത് ഭരണഘടനാശില്‍പിക്കള്‍ക്ക് നിയമവാഴ്ചയോടുള്ള തെളിവിന്‍റെ ഉദാഹരണമാണ്. ഈ അവകാശങ്ങള്‍ കേവലം വാഗ്ദാനം ചെയ്താല്‍ മാത്രംപോര, മറിച്ച് അവ വിട്ടുകൊടുക്കുകയും വേണം. അതിനണ് ന്യൂനപക്ഷ കമ്മീഷന്‍ പോലുള്ള അവകാശ സംരക്ഷണാ സ്ഥാപനങ്ങള്‍ ഇവിടെ പ്രാവര്‍ത്തികമായത്.
ഐക്യരാഷ്ട്രസഭയാണ് 1992 ഡിസംബര്‍ 18 ലോക ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും തുല്യ നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ന്യൂനപക്ഷ ജന വിഭാഗം.
1849-ല്‍ ഹംഗേറിയന്‍ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങള്‍ രൂപവത്കരിക്കുന്നത്. വംശപരവും, മതപരവും, ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യ ഘടകമാണ്.
ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും ഭരണഘടനയും പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി രൂപം നല്‍കിയിട്ടുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് 1992 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിട്ടീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓര്‍ഡിനന്‍സും 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും പ്രകാരം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചുകൊണ്ട് 2013 മേയ് 15-ാം തീയതി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
നാലാമത് കമ്മീഷനാണ് സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഒരു പരാതി പരിഹാര ഫോറം എന്നതില്‍ നിന്ന് ന്യൂനപക്ഷ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ പ്രായോഗിക തലത്തിലേക്ക് പറിച്ചുനട്ട് നിസ്സഹായരും ദുര്‍ബലരുമായ ജനവിഭാഗത്തിന്‍റെ ജീവിതോന്നതിക്ക് വേണ്ടി ഫലപ്രദമായ നടപടികള്‍ നടപ്പാക്കുക എന്നതാണ് നാലാമത് ന്യൂനപക്ഷ കമ്മീഷന്‍റെ സുപ്രധാന ലക്ഷ്യം.
ന്യൂനപക്ഷ വിഭാഗങ്ങള്‍
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്സി എന്നിങ്ങനെ 6 വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായും പരിഗണിച്ചുവരുന്നു.
2011 ലെ കാനേഷുമാരി കണക്കനുസരിച്ച് സംസ്ഥാനത്തെ 35 മില്ല്യണ്‍ വരുന്ന ജനസംഖ്യയില്‍ 15 മില്ല്യണ്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് ഭൂരിപക്ഷമുള്ളത് (മുസ്ലീം - 59%, ക്രിസ്ത്യന്‍ - 40%,). സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ - 0.03%, ജൈന - 0.03%, സിഖ് - 0.03%, പാഴ്സി - 0.01% വിഭാഗങ്ങള്‍ ജനസംഖ്യയില്‍ 1 ശതമാനം മാത്രമാണുള്ളത്.
നിലവില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ജനസംഖ്യയുടെ 46 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് അവരില്‍ അവബോധം സൃഷ്ടിക്കുക, കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത ജനവിഭാഗങ്ങള്‍ക്കിടയിലെത്തിക്കുക എന്ന ഉദ്യമത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിച്ചു വരുന്നു. കൂടാതെ സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാനത്താദ്യമായി എറണാകുളത്ത് വെച്ച് സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്ഥാനതല സെമിനാറും സംഘടിപ്പിച്ചു.
ന്യൂനപക്ഷ ക്ഷേമം
കേരളത്തില്‍ ന്യൂനപക്ഷ സമൂദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേമത്തിനുമായി സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ന്യൂനപക്ഷ ഡയറക്ടറേറ്റ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍, വഖഫ് ബോര്‍ഡ്, ഹര്‍ജ്ജ് തീര്‍ത്ഥാടനം, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങള്‍, മദ്രസകളുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
കമ്മീഷന്‍ പരിഗണിക്കുന്ന പരാതിയുടെ സ്വഭാവം
വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് കമ്മീഷനില്‍ നിക്ഷിപ്തമായിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ വികസനത്തിലുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുക, ന്യൂനപക്ഷങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായുള്ള അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് സംബന്ധിച്ചുള്ള പ്രത്യേക പരാതികളിേډല്‍ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക തുടങ്ങി ന്യൂനപക്ഷങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും കമ്മീഷന് നേരിട്ടിടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കാവുന്നതാണ്. ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് അതിന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോള്‍ വിനിയോഗിക്കാവുന്നതാണ്. സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തുനിന്നും ഏതൊരാളെയും വിളിച്ചുവരുത്തുവാനും അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുവാനും കമ്മീഷന് അധികാരമുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സ്കോളര്‍ഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മീഷന്‍ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
ന്യൂനപക്ഷങ്ങളെ/ന്യൂനപക്ഷ സ്ഥാപനങ്ങളെ/ന്യൂനപക്ഷ സമുദായാംഗങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആര്‍ക്കും കമ്മീഷനില്‍ പരാതിപ്പെടാവുന്നതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ പരാതി തപാല്‍ മാര്‍ഗ്ഗമോ, തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ടോ, കമ്മീഷന്‍ സിറ്റിംഗ് നടത്തുന്ന സ്ഥലങ്ങളില്‍ മെമ്പര്‍മാര്‍ക്ക് നേരിട്ടോ, സരൊശിീൃശശേലെ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ, 9746515133 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശമായോ പരാതി സമര്‍പ്പിക്കാവുന്നതാണ്. പരാതിയോടൊപ്പം യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല.
കമ്മീഷന്‍ പരിഗണിച്ചതും തീര്‍പ്പാക്കിയതുമായ ഹര്‍ജികള്‍
2023 ആഗസ്റ്റ് 8 ന് ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്‍റെ നേതൃത്വത്തില്‍ ചുമതലയേറ്റ നാലാമത് കമ്മീഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 110 സിറ്റിംഗുകളില്‍ പരിഗണിച്ച 910 ഹര്‍ജികളില്‍ 350 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു.
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം
സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ (ബുദ്ധ, ജൈന, സിഖ്,പാഴ്സി) വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍ക്കും നാലാമത് കമ്മീഷന്‍ രൂപം നല്‍കി. അതിന്‍റെ ഭാഗമായി സംസ്ഥാന ചരിത്രത്തിലാദ്യമായി സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിപ്പിച്ചുകൊണ്ട് എറണാകുളത്ത് 2024 ജനുവരിയില്‍ സംഘടനാ നേതാക്കളുടെ വിപുലമായ യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയും 2024 ഫെബ്രുവരിയില്‍ സെമിനാര്‍ സംഘടിപ്പിക്കുകയുമുണ്ടായി.
സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണമെന്ന പ്രാഥമിക ചുവടുവെയ്പ്പിലേയ്ക്ക് കമ്മീഷന്‍ കടക്കുകയുണ്ടായി. ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കേരള മീഡിയ അക്കാദമിയുമായി കമ്മീഷന്‍ ധാരണാപത്രം ഒപ്പിടുകയും അതുപ്രകാരം മീഡിയ അക്കാദമി സമയബന്ധിതമായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് നിലവിലില്ലാതിരുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ മുന്‍കൈയെടുത്ത് വിപുലമായ സര്‍വ്വേ നടത്തിയത്. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പഠന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 6 പാഴ്സി കുടുംബങ്ങളും (കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ 2 വീതം), 350 സിഖുവിഭാഗക്കാരും, 3000 ജൈന സമുദായാംഗങ്ങളും, 4000 ബുദ്ധമതാനുയായികളുമാണ് അധിവസിക്കുന്നത്.
സമന്വയം - ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍
ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജി ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സംരഭമാണ് 'സമന്വയം'
പ്ലസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള (ഐ.ടി.ഐ, പോളിടെക്നിക് ഉള്‍പ്പെടെ) 18 നും 59 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരുലക്ഷം പേര്‍ക്ക് ഒരു വര്‍ഷം കൊണ്ട് സ്വകാര്യ തൊഴിലോ, വിദേശ തൊഴിലോ ലഭ്യമാക്കുകയോ, ലഭ്യമാക്കുന്നതിനുള്ള തൊഴില്‍ പരിശീലനമോ, ഭാഷാ പരിജ്ഞാനമോ നല്‍കുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ പരിചയവും നൈപുണ്യ പരിശീലനവും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയും തൊഴില്‍മേളകളും സംഘടിപ്പിച്ചുവരികയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ഇനി വാട്ട്സ് ആപ്പിലൂടെയും പരാതി നല്‍കാം
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ നിന്നും കമ്മീഷന്‍ വാട്ട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കും. കേരള പിറവിദിനത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് വാട്ട്സ് ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. ഇനി മുതല്‍ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കമ്മീഷനില്‍ ഞൊടിയിടയില്‍ പരാതി സമര്‍പ്പിക്കാനാകും.
കമ്മീഷനില്‍ നേരിട്ടും ഇ- മെയില്‍, തപാല്‍ മുഖേനയാണ് പരാതികള്‍ സ്വീകരിച്ചിരുന്നത്. ഇതിന് പുറമെയാണ് വാട്ട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. നമ്പര്‍: 9746515133
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനില്‍ വാട്ട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. വാട്ട്സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാല്‍പ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഞൊടിയിടയില്‍ കമ്മീഷനെ സമീപിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും അവരുടെ ആകുലതകള്‍ക്കും ആവലാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുന്നതിനും കഴിയും.
സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നേതൃത്വം നല്‍കുന്നത്. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തുകയെന്ന നിക്ഷിപ്തമായ കടമയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രസ്തുത ജനവിഭാഗങ്ങളുടെയാകെ കാവലാളാവുകയെന്നതും കമ്മീഷന്‍ ലക്ഷ്യം വയ്ക്കുന്നു.

അഡ്വ: എ.എ. റഷീദ് ചെയര്‍മാന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

