വർഷങ്ങളായി തുടരുന്ന ആനക്കൊമ്പ് വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ആനക്കൊമ്പുകൾ വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ താരം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക് ഐ.എഫ്.എസിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു. വനംവകുപ്പ് തുടർനടപടികൾക്കായി ഈ അപേക്ഷ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിക്കഴിഞ്ഞു. ഹൈക്കോടതിയുടെ മുൻകാല നിരീക്ഷണങ്ങളെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹൻലാൽ ഈ നീക്കം നടത്തുന്നത്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ കൊച്ചിയിലെ താരത്തിന്റെ വസതിയിലെത്തി ആവശ്യമായ അന്വേഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
നേരത്തെ, മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കൾക്കും സർക്കാർ നൽകിയിരുന്ന ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ ഈ നടപടി. എന്നാൽ, വ്യക്തികൾക്കോ ഒരു വിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉത്പന്നങ്ങളുടെ ശേഖരം സ്വമേധയാ വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് വന്യജീവി സംരക്ഷണ നിയമത്തിലെ 40 വകുപ്പ് പ്രകാരം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഈ നിയമപരമായ ഇളവാണ് ഇപ്പോൾ താരം വിനിയോഗിക്കുന്നത്.
2011 ഓഗസ്റ്റിൽ മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ആനക്കൊമ്പുകൾ ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. ഇതിനിടയിൽ 2016-ൽ സർക്കാർ ഇടപെട്ട് ഈ വസ്തുക്കളുടെ ഉടമസ്ഥാവകാശം മോഹൻലാലിന് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിയമപോരാട്ടങ്ങൾ അവസാനിച്ചിരുന്നില്ല. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതിയില്ലാതെ ആനക്കൊമ്പ് പോലുള്ള വസ്തുക്കൾ കൈവശം വെക്കുന്നത് കടുത്ത കുറ്റമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ നിയമവിവാദങ്ങൾക്കും പരിഹാരമെന്നോണം അവ വനംവകുപ്പിന് തന്നെ തിരികെ നൽകാൻ താരം തീരുമാനിച്ചിരിക്കുന്നത്.

