കിളിമാനൂർ: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിൽ കഴിയുകയാണ്.
ഭർത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പ്രതി ബിജു പലതവണ വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മാതാവിന്റെ അറിവോടെയും സാന്നിധ്യത്തിലുമായിരുന്നു ക്രൂരകൃത്യങ്ങൾ അരങ്ങേറിയിരുന്നത്. വീടിന് പുറമെ വർക്കല ബീച്ചിൽ കൊണ്ടുപോയും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.
പീഡനം സഹിക്കവയ്യാതെ പെൺകുട്ടി മാതാവുമായി പിണങ്ങി പിതാവിന്റെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നീട് മാതാവിനടുത്തേക്ക് തിരികെ പോകാൻ കുട്ടി വിസമ്മതിച്ചതോടെയാണ് പിതാവ് മകളെ പുനരധിവാസ കേന്ദ്രമായ ‘സ്നേഹിത’യിൽ എത്തിച്ചത്. അവിടെ നടത്തിയ കൗൺസിലിംഗിലാണ് മാസങ്ങൾ നീണ്ട കൊടുംക്രൂരതയുടെ വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.
സ്നേഹിത അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് പ്രതി ബിജുവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ അമ്മയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

