ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനത്തും ജില്ലകളിലും ചെറുപ്പക്കാരുടെ ടീമിനെ രംഗത്തിറക്കാൻ ബി.ജെ.പി. ഒരുങ്ങുന്നു. നാൽപ്പതിനോടടുത്ത പ്രായമുള്ളവരെയും അതിൽ താഴെയുള്ളവരെയും ഉൾപ്പെടുത്തി പുതിയ സംഘത്തിനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നൽകുക. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തുന്ന ടാലന്റ് ഹണ്ടിലൂടെയും അതിന് പുറത്തുനിന്നും കണ്ടെത്തുന്നവരെയും ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിക്കുന്നത്. അതേസമയം, അനുഭവസമ്പത്തുള്ള നേതാക്കൾ മേൽനോട്ടം വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, മഹിളാമോർച്ച അധ്യക്ഷ നവ്യ ഹരിദാസ്, അനൂപ് ആന്റണി തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്ന ‘സേവാസങ്കല്പ് അഭിയാന്റെ’ മുൻനിരയിലെത്തും. ജെൻസി ടീമിനെ പാർട്ടിയുടെ ഭാഗമാക്കുന്നതിനായി തെക്കേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയും രാജീവ് ചന്ദ്രശേഖറിനാണ്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം അധ്യക്ഷനായ കേരളത്തിലും മാറ്റം വരുന്നത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നാലു ജനറൽ സെക്രട്ടറിമാർക്കും കഴിഞ്ഞദിവസം കൂടുതൽ ചുമതല നൽകി. എം.ടി. രമേശിന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന മേഖലാക്ലസ്റ്ററിന്റെ ചുമതല നൽകി. എസ്. സുരേഷിന് എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മേഖലാക്ലസ്റ്ററിന്റെ ഇൻചാർജ് ചുമതലയാണ് നൽകിയിരിക്കുന്നത്. ദേശീയ ഘടകം നിശ്ചയിക്കുന്ന പ്രചാരണ പരിപാടികളുടെ കേരളത്തിലെ പ്രോഗ്രാം ഇൻചാർജായി ശോഭാ സുരേന്ദ്രനെയും നിയോഗിച്ചു. അനൂപ് ആന്റണിക്ക് പാർട്ടിയുടെ അമ്പതോളം സെല്ലുകളുടെ സംസ്ഥാന പ്രഭാരിയുടെയും ‘മിഷൻ 2029’ന്റെ നറേറ്റീവ് ഇൻചാർജിന്റെയും ചുമതലയും നൽകി.
പാർട്ടിയുടെ വിവിധ മോർച്ചകൾക്കും സെല്ലുകൾക്കും പുതിയ ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്. ഒ.ബി.സി മോർച്ചയുടെ പ്രഭാരിയായി കെ.കെ. അനീഷ്‌കുമാറിനെയും സഹപ്രഭാരിയായി പൂന്തുറ ശ്രീകുമാറിനെയും നിയോഗിച്ചു. എസ്.സി മോർച്ചയിൽ കെ. സോമൻ, കെ. അജിത് എന്നിവർക്കാണ് ചുമതല. എസ്.ടി മോർച്ചയുടെ ചുമതല പി. ശ്യാംരാജിനാണ്. ന്യൂനപക്ഷമോർച്ച, സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ എന്നിവയുടെ ചുമതല ഷോൺ ജോർജിനാണ്. കിസാൻ മോർച്ചയിൽ സി. കൃഷ്ണകുമാറിനും കെ. രഞ്ജിത്തിനുമാണ് പ്രഭാരി, സഹപ്രഭാരി ചുമതല. യുവമോർച്ചയിൽ പി. സുധീറും ഒ. നിധീഷും, മഹിളാമോർച്ചയിൽ ബി. ഗോപാലകൃഷ്ണനും ടി.പി. സിന്ധുമോളും ചുമതല വഹിക്കും.
ഗവേഷണം, പരിശീലനം, വികസിതകേരളം ഹെൽപ് ഡെസ്‌ക് എന്നിവയുടെ ചുമതല എസ്. ജയസൂര്യനും ബിപിൻ സി. ബാബുവിനുമാണ്. സംസ്ഥാന സെല്ലിന്റെ ചുമതല അനൂപ് ആന്റണിക്കും കിഷോർ ബാബുവിനുമാണ് നൽകിയിരിക്കുന്നത്. യുവാക്കളെ കൂടുതൽ സജീവമായി പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും, അതേസമയം പരിചയസമ്പന്നരായ നേതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും പ്രചാരണ പ്രവർത്തനങ്ങൾക്ക് പുതിയ തലമുറയെ മുന്നിൽ നിർത്താനുമുള്ള ബി.ജെ.പിയുടെ നീക്കമായാണ് ഈ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്.

