PRAVASI

എംടിക്ക് യാത്രാമൊഴി ചൊല്ലി മലയാളം

Blog Image

മലയാളത്തിന്റെ കഥാകാരൻ  എംടിക്ക് സ്നേഹനിർഭരമായ യാത്രാമൊഴി ചൊല്ലി മലയാളം. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങൾ എംടിക്ക് അന്ത്യയാത്രാമൊഴിയേകി.

മാവൂർ റോഡിലെ സ്മൃതിപഥത്തിൽ തലമുറകളെ പ്രചോദിപ്പിക്കുന്നൊരോർമ ദീപമായി എംടി. കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദർശനം അവസാനിച്ചത് വൈകിട്ട് മൂന്നരയോടെ. പൊതുദർശന തിരക്കും വിലാപയാത്രയിലെ ആൾക്കൂട്ടവും അന്ത്യയാത്രയിൽ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മർദ്ദങ്ങൾക്ക് കുടുംബം വഴങ്ങിയതോടെയാണ് എംടിക്ക് അന്ത്യോപചാരമർപ്പിക്കാൻ
ആരാധകർക്കും നാട്ടുകാർക്കും വഴിയൊരുങ്ങിയത്. സഹോദര പുത്രൻ സതീശൻ്റെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതശരീരം വീട്ടിൽ നിന്ന് ഇറക്കുമ്പോഴും പ്രിയ കഥാകാരനെ ഒരു നോക്കു കാണാൻ ആയിരങ്ങൾ വരിയിൽ ബാക്കിയായിരുന്നു. 

കാത്തു നിന്ന ആരാധക കൂട്ടം എംടിക്കൊപ്പം നടന്നപ്പോൾ അന്ത്യയാത്ര ആരുടെയും ആസൂത്രണമില്ലാതെ തന്നെ ഒരു വിലാപയാത്രയായി മാറി. കൊട്ടാരം റോഡിലെ സിതാരയ്ക്കും മാവൂർ റോഡിലെ സ്മൃതി പഥത്തിനുമിടയിലെ രണ്ട് കിലോമീറ്റർ ദൂരത്തിൽ നഗരവീഥികളിലുടനീളം പ്രിയ കഥാകാരന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനം നിറഞ്ഞു. നാലേമുക്കാലോടെ മൃതശരീരം എത്തിക്കുമ്പോഴേക്കും സ്മൃതിപഥവും പരിസരവും ആൾക്കൂട്ടത്താൽ മൂടിയിരുന്നു.

അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹമറിയിച്ചവർക്കായി ഹ്രസ്വ നേരം കൂടി പൊതുദർനം. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ അന്ത്യാഞ്ജലി. തുടർന്ന് സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ച് പൊലീസ് സേന. പിന്നെ അന്ത്യകർമങ്ങൾക്കു ശേഷം വാതകചിതയിലെ അഗ്നിനാളമായി മലയാളത്തിൻ്റെ പ്രിയ കഥാകാരൻ. എഴുതിയതൊക്കെയും ബാക്കിയാക്കി എംടി മടങ്ങി. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.