എന്റെ ആദ്യ പ്രണയമായിരുന്നു എംടി. അക്ഷരങ്ങൾ കൂട്ടി വെച്ച് ആദ്യം എഴുതിയത് എം ടി ക്ക് ഒരു പ്രണയലേഖനമായിരുന്നു....
ആറു വയസിൽ 'നാലുകെട്ട്' വായിച്ച്, 'എത്രയും സ്നേഹം നിറഞ്ഞ വാസ്വേട്ടന്' എന്ന് തുടങ്ങുന്ന ഒരു പ്രണയലേഖനം എഴുതി 'എംടി വാസുദേവൻ നായർ, തെക്കേപ്പാട്ട്, നരിവാളൻ കുന്ന്, കൂടല്ലൂർ പിഒ' എന്ന വിലാസത്തിൽ അയച്ചത് ഏത് ധൈര്യത്തിന്റെ പുറത്താണ് എന്ന് ഇന്നും എനിക്കറിയില്ല. അച്ഛൻ മരിച്ച ദിവസങ്ങളിൽ വീട് മുഴുവൻ ബന്ധുക്കൾ നിറഞ്ഞപ്പോൾ ഉണ്ടായ അനാഥത്വത്തിൽ നിന്നാണ് ആ കത്ത് ഉണ്ടായത്. അച്ഛന്റെ അടിയന്തിരത്തിനുള്ള ക്ഷണം കൂടിയായിരുന്നു അത്. കത്ത് വായിച്ച എംടി പട്ടാമ്പിയിൽ നിന്നും തീവണ്ടിയിൽ കയറി, പയ്യന്നുരിൽ ഇറങ്ങി, പുതിയങ്കാവും കടന്ന് വീട്ടിലേക്ക് മുണ്ടിന്റെ കോന്തലയും പൊക്കിപ്പിടിച്ചു നടന്നു വരുന്നതായിരുന്നു എന്റെ ഓർമകളിലെ ആദ്യത്തെ ഭാവന.. എംടി വരുമെന്ന പ്രതീക്ഷയിൽ അച്ഛന്റെ അടിയന്തിരദിവസം ഞാൻ ഉണ്ണാതെ കാത്തിരുന്നു, വൈകുന്നേരം വരെ...ആരും എന്നെ ഉണ്ണാനും വിളിച്ചില്ല..
വർഷങ്ങൾക്കു ശേഷം, 2005 ലെ ഏപ്രിൽ മാസം ഞാൻ ആ പ്രണയകഥ എഴുതി 'മലയാള മനോരമ' യുടെ സൺഡേ സപ്ലിമെൻറ്റിലേക്ക് അയച്ചു കൊടുത്തു. എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അത് പിറ്റേ ആഴ്ച്ച 'ശ്രീ'യിലെ മുഴുനീള ലേഖനമായി പ്രസിദ്ധീകരിച്ചു. ആ ലേഖനം ഒരു പാട് ശ്രദ്ധിക്കപ്പെട്ടു.തോമസ് ജേക്കബ് സാറിന്റെ ഒരു എഴുത്തും ചെക്കും എന്നെത്തേടി എത്തി. എംടി ആ പ്രണയകഥ ആസ്വദിച്ചു വായിച്ചുവെന്നും ഇനി കത്തെഴുതിയാൽ അദ്ദേഹം മറുപടി അയക്കുമെന്നും അദ്ദേഹം എഴുതിയെങ്കിലും എന്തുകൊണ്ടോ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായില്ല.
എംടിയെ ഞാൻ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. ആ സങ്കടം എന്നുമുണ്ടായിരുന്നു. 2023 ജനുവരിയിൽ ഞാൻ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കോഴിക്കോട് വന്നിരുന്നു. നെഹ്‌റുവിനെക്കുറിച്ചുള്ള സെഷനിൽ സംസാരിച്ചു കൊണ്ടിരിക്കവേ പിൻനിരയിൽ എന്റെ കോളേജ് കാലം മുതൽ അടുത്ത സുഹൃത്തും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ബിജുരാജിനെ കണ്ടു. രണ്ടു ദിവസം മുൻപ് ബിജു വിളിച്ചപ്പോൾ, കോഴിക്കോട് നിനക്ക് ഒരു സർപ്രൈസ് ഉണ്ടാകും എന്ന് പറഞ്ഞിരുന്നത് ഞാൻ ഓർത്തു.
സെഷൻ കഴിയുമ്പോൾ ആയിരുന്നു എന്റെ ആദ്യ പുസ്തകമായ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകളുടെ' ആദ്യ കോപ്പി എന്റെ കൈയിൽ കിട്ടിയത്. ആ കോപ്പിയുമായി ഞാൻ ബിജുവിന് അടുത്തെത്തി. ബിജുവിന് എന്റെ അഗാധമായ എംടി പ്രണയം അറിയാം.അവന് എംടികുടുംബവുമായി ആത്മബന്ധമുണ്ട്. വർഷങ്ങൾക്ക്‌ശേഷം ബിജുവിനെ കണ്ട സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കൂടെയുള്ള 'അശ്വതിയെ'ബിജു പരിചയപ്പെടുത്തിയത്. ബിജു കരുതി വെച്ച സർപ്രൈസ് എംടിയുടെ മകൾ അശ്വതി ആയിരുന്നു! അശ്വതിക്ക് എന്റെ എംടി പ്രണയം നന്നായി അറിയാം. അശ്വതിയെ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞുപോയി. നിമിഷങ്ങളോളം എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. വെറുതെ ഞാൻ അശ്വതിയുടെ കൈപിടിച്ചു കൊണ്ടിരുന്നു.
എന്റെ ആദ്യ പുസ്തകത്തിന്റെ ആദ്യകോപ്പിയാണ് കൈയിൽ എന്നോർക്കണം. അതേറ്റു വാങ്ങി നിമിഷങ്ങൾക്കകം ഒരു നിമിത്തം പോലെ എംടിക്ക് വേണ്ടി അത് എന്നിൽ നിന്നും സ്വീകരിക്കാൻ അശ്വതി എത്തിയത് എന്നിൽ അപാരമായ ആത്മവിശ്വാസം ഉണ്ടാക്കി.അങ്ങനെ എന്റെ ആദ്യ പുസ്തകത്തിന്റെ ആദ്യത്തെ കോപ്പി മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരന് വേണ്ടി ഞാൻ ഒപ്പിട്ട് അദ്ദേഹത്തിന്റെ മകളെ ഏൽപ്പിച്ചു. ഒപ്പിടുമ്പോൾ എന്റെ കൈ വിറച്ചു...
ഒരു പാട് വർഷങ്ങൾക്ക് മുൻപ് ജീവിതത്തിൽ ആദ്യമായി അക്ഷരങ്ങൾ ചേർത്ത് വെച്ച് പ്രിയപ്പെട്ട എഴുത്തുകാരന് പ്രണയലേഖനമെഴുതി, അയാൾ സ്വന്തം അച്ഛന്റെ അടിയന്തിരത്തിന് പ്രഥമൻ കുടിക്കാൻ എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ ഉണ്ണാതെ വീട്ടുപറമ്പിലെ കുളക്കരയിൽ കാത്തിരുന്ന ആ ആറുവയസുകാരിയുടെ ഓർമയിൽ എന്റെ കണ്ണ് നിറഞ്ഞു...എന്റെ ആദ്യപുസ്തകത്തിന്റെ ആദ്യത്തെ കോപ്പി ആ വലിയ മനുഷ്യന് തന്നെ സമ്മാനിക്കാൻ കഴിഞ്ഞത് കാലത്തിന്റെ കുസൃതിയായി തോന്നി.. ബിജുവിനോട് ഞാൻ പറഞ്ഞു, നീ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ ദിവസം. അവൻ എന്നെ ചേർത്ത് പിടിച്ചു....
എംടി എന്നും ഹൃദയത്തിലായിരുന്നു, ജവാഹർലാലിനെപ്പോലെ.... ഇനിയും അതങ്ങനെ തുടരും... എനിക്ക് സ്നേഹിച്ചുകൊണ്ടേയിരിക്കാൻ..
സുധാ മേനോൻ