കേരളത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളിൽ രണ്ടുപേരും ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിൽ നേരിട്ടെത്തി കീഴടങ്ങി. ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് രണ്ടാം പ്രതി ജോസുകുട്ടി അഗസ്റ്റിനും മൂന്നാം പ്രതി ആന്റോ അഗസ്റ്റിനും കോടതിയിൽ ഹാജരായത്. ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ഹർജി കോടതി നാളെ പരിഗണിക്കും. തിങ്കളാഴ്ച നേരിട്ടു ഹാജരാകാനുള്ള കോടതി നിർദ്ദേശം പ്രതികൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് മൂന്നുപേർക്കുമെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. കീഴടങ്ങിയ പ്രതികൾക്കെതിരായ വാറന്റ് പിൻവലിച്ച കോടതി, ഇക്കാര്യം പൊലീസിനെ അറിയിക്കാൻ നിർദ്ദേശിക്കുകയും ഇവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
വയനാട്ടിലെ മുട്ടിലിൽ നിന്ന് മുറിച്ചു കടത്തിയ കള്ളത്തടി, പെർമിറ്റും രേഖകളുമുള്ള തടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാർ നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് ഈ കേസ് രജിസ്റ്റർ ചെയ്തത്. വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ അഗസ്റ്റിൻ സഹോദരങ്ങൾ പരാതിക്കാരന് വിൽപന നടത്തിയത് കള്ളത്തടിയാണെന്ന് വ്യക്തമാകുകയായിരുന്നു. 2021 ഫെബ്രുവരി രണ്ടിനാണ് 54 തടികൾ മലബാർ ടിംബേഴ്സിന് വിറ്റത്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി 8-ന് തടികൾ പിടിച്ചെടുക്കുകയും ചെയ്തു.
കേസിന്റെ ആദ്യഘട്ടത്തിൽ വിശ്വാസവഞ്ചന, വഞ്ചനക്കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും പിന്നീട് ഹൈക്കോടതി വിശ്വാസവഞ്ചനക്കുറ്റം ഒഴിവാക്കുകയായിരുന്നു. എങ്കിലും വഞ്ചനക്കുറ്റത്തിനാണ് പ്രതികൾ ഇപ്പോൾ വിചാരണ നേരിടേണ്ടത്. ഏകദേശം എട്ട് കോടി രൂപ വിലമതിക്കുന്ന മരങ്ങളാണ് ഇത്തരത്തിൽ അനധികൃതമായി മുറിച്ചു കടത്തിയത് എന്നാണ് ഔദ്യോഗിക അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.

