PRAVASI

സാഹിത്യവേദി ഡിസംബർ 5-ന്, "പ്രകൃതിദർശനം സിനിമാഗാനങ്ങളിൽ" ചർച്ചാവിഷയം

Blog Image

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

 (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990 

Meeting ID: 814 7525 9178)

 

സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 'പാട്ടും നൃത്തവും' എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 'എതിരൻ കതിരവൻ' എന്ന പേരിലുള്ള ബ്ലോഗെഴുത്തുകൾ കൂടാതെ സമകാലിക മലയാള പ്രസിദ്ധീകരണങ്ങളിൽ നിരവധി ശാസ്ത്ര സാഹിത്യ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ-അകവും പൊരുളും, 'പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ', സിനിമയുടെ സാമൂഹിക വെളിപാടുകൾ, 'ബിഗ് ഫിഷ്, സ്മാൾ ഫിഷ്', എതിരൻ ചിന്തകൾ, മലയാളസിനിമ-ആശയവും ആഖ്യാനവും, 'മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം', 'മനുഷ്യൻ-പരിണാമം, രോഗം, ഇന്നും നാളെയും', കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്, സിനിമ ബോദ്ധ്യപ്പെടുത്തുന്നത്, 'ശരീരപരത, വംശീയത, ദേശീയത' എന്നിവയാണ് മുഖ്യ കൃതികൾ. 

 

പ്രേമനാടകത്തിനു  ഉചിതാനുഭൂതിയണയ്ക്കാൻ  പ്രകൃതിയെക്കൊണ്ട് പശ്ചാത്തലം നിർമ്മിച്ചെടുക്കൽ  മാത്രമാണ്  സിനിമാഗാനങ്ങൾ സാധിച്ചെടുക്കുന്നത് എന്നൊരു പൊതു ധാരണയുണ്ട്. പ്രേമം, പരാജയം ഇവയൊക്കെ തിരനാടകങ്ങളുടെ പ്രധാന കാമ്പ് ആണെന്നത് സത്യമാണ്. പ്രകൃതിയിൽ ഇവയുടെ താദാത്മ്യങ്ങൾ ദർശിക്കുക എന്നത് കേവലവിനോദോപാധിയായ സിനിമയിൽ അനിവാര്യമായി വന്നുകൂടുകയും  പ്രേമഭാവങ്ങൾ പ്രകൃതിയിൽ നിന്നും നിർദ്ധാരണം ചെയ്‌തെടുക്കുന്ന ഗാനങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുകയും ചെയ്തത് ഇക്കാരണം കൊണ്ടാണ്. “ഒരു പൂവിരിയുന്ന സുഖമറിഞ്ഞു” എന്നതിന്റെ ഭാവാർത്ഥത്തിൽ ഒതുക്കാം ഈ പ്രവണതാസാരങ്ങൾ. ഉത്ക്കടസംഘർഷങ്ങൾക്ക് മറുമരുന്ന് പ്രകൃതിയിൽ തേടുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ‘സാഗരമേ ശാന്തമാക നീ’ എന്ന് നായകൻ പാടിപ്പോയാൽ കുറ്റം പറയാനാവില്ല.  എന്നാൽ പ്രപഞ്ചവും ജീവനും തമ്മിലുള്ള ബന്ധം ഉദാത്തീകരിക്കുകയും സ്പഷ്ടമാക്കുകയും സിനിമാഗാനങ്ങളുടെ ധർമ്മമാണെന്ന് കരുതാനാവില്ലെങ്കിലും അങ്ങനെ വന്നുഭവിക്കുന്നത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.   സഹസ്രദളസംശോഭിതനളിനം പോലെ മഹാഗഗനം, ആ തിരുനളിനപരാഗം ചാർത്തേണ്ടത്  അകമിഴിയാമരവിന്ദത്തിലാണ്, അതിന്റെ ദിവ്യസുഗന്ധം ആവാഹിക്കേണ്ടത് ആത്മദളങ്ങളിലും.  ഗാഢവും ദൃഢവുമാണ് പാടാൻ വേണ്ടി മാത്രം വിളക്കിയെടുത്ത ഗാനങ്ങളുടെ അകപ്പൊരുൾ.

 

നവംബർ മാസ സാഹിത്യവേദിയിൽ ഡോക്ടർ അദിതി എൻ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജീവിതവീക്ഷണത്തെക്കുറിച്ചു നടത്തിയ പ്രഭാഷണം വളരെയധികം ആസ്വാദ്യകരമായിരുന്നു. 

 

എല്ലാ സാഹിത്യ സ്നേഹികളേയും ഡിസംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

         

കൂടുതൽ വിവരങ്ങൾക്ക്:

 

എതിരൻ കതിരവൻ  ethiran@gmail.com

പ്രസന്നൻ പിള്ള  630 935 2990

ജോൺ ഇലക്കാട്  773 282 4955

 

എതിരൻ കതിരവൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.