ആര്‍പ്പൂക്കര: നവജീവന്‍ ട്രസ്റ്റിന്‍റെ പ്രഥമ രക്ഷാധികാരിയായിരുന്ന മോണ്‍. പീറ്റര്‍ ഊരാളിലിന് നവജീവന്‍റെ സ്മരണാഞ്ജലി. ഊരാളിലച്ചന്‍റെ 25-ാം ചരമ വാര്‍ഷികം ആര്‍പ്പൂക്കര നവജീവനില്‍ സമുചിതമായി ആചരിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നവജീവന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ പ്രാര്‍ത്ഥനയും നടത്തി.
തുടര്‍ന്നു നടന്ന അനുസ്മരണസമ്മേളനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇടപെട്ട മേഖലകളോടെല്ലാം പ്രതിബദ്ധത പുലര്‍ത്തിയ മോണ്‍. പീറ്റര്‍ ഊരാളില്‍ വിദ്യാഭ്യാസ വിചക്ഷണനും വിദ്യാഭ്യാസ മേഖലയിലെ കര്‍മ്മയോഗിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ കഴിവിന്‍റെ പരമാവധിയും അതിലുപരിയുമായി നിര്‍വഹിച്ച ഊരാളിലച്ചന്‍ സ്നേഹവും കരുതലും എല്ലാവര്‍ക്കും നിര്‍ലോഭമായി നല്കിയെന്ന് അദ്ദേഹം പറഞ്ഞു. എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കോട്ടയം സന്ദര്‍ശന വേളയില്‍ മോണ്‍. പീറ്റര്‍ ഊരാളിലച്ചനോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ അസാമാന്യ നേതൃപാടവം തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് ഡോ. സിറിയക് തോമസ് അനുസ്മരിച്ചു.
മുന്‍ എംഎല്‍എ കെ. സുരേഷ് കുറുപ്പ്, നവജീവന്‍ മാനേജിങ് ട്രസ്റ്റി പി.യു. തോമസ്, സിസ്റ്റര്‍ ഫ്രാന്‍സി എസ്ജെസി, ബേബി ഊരാളില്‍, പീറ്റര്‍ ഊരാളില്‍, മോന്‍സി എന്നിവര്‍ പ്രസംഗിച്ചു.


