ഒരിക്കലവനെ ജാതീയക്ഷേപം നടത്തി അപമാനിച്ചപ്പോൾ രക്ഷിതാവ് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞു.
പക്ഷേ അദ്ദേഹം യാതൊരുവിധ നടപടിയുമെടുത്തില്ല. മോന്റെ ഭാവി പോകുമെന്നോർത്തു മൗനം പാലിച്ചു.
ഏതൊരു മാതാപിതാക്കളും ചെയ്യുന്ന കാര്യമാണത്. കാരണം അവിടെ വരെ എത്തിക്കാൻ അവരെത്ര കഷ്ടപ്പെട്ട് കാണുമെന്നറിയോ.. ?
ഇങ്ങനെയുള്ള അദ്ധ്യാപകരെ (അങ്ങനെ വിളിക്കാൻ അറപ്പ് തോന്നുന്നു) പൊതുസമൂഹത്തിലേക്കിട്ടു കൊടുക്കണം.
അവന്റെ വാക്കുകളിലുണ്ട്.. "അപമാനം ഒരു പരിധിവരെ ഞാൻ ക്ഷമിച്ചു. എഴുന്നേൽപ്പിച്ച് നിർത്തിയിട്ട് അമ്മയെയും കളിയാക്കി, നീ ഗേറ്റിന് പുറത്ത് ഇറങ്ങിയാൽ കൈയും കാലും വെട്ടും. നീ കയ്യില്ലാതെ പിന്നെ ജീവിക്കേണ്ടി വരും..."
തിരുവനന്തപുരം ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി, ആർ.എൽ. നിതിൻരാജ്, കോളേജിലെ ഉപദ്രവങ്ങളെ പറ്റി സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശത്തിന്റെ പ്രസക്തമായ ഭാഗങ്ങളാണിത്.
കോളജിലെ അദ്ധ്യാപകൻ മകനെ ജാതി പറഞ്ഞും 'പുഴുത്ത പട്ടി' എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജനും ആരോപിച്ചിരുന്നു.
അമ്മയുടെ സർജറിയെ കളിയാക്കി.
അതും പോരാഞ്ഞിട്ട് ആ സൈക്കോ അദ്ധ്യാപകൻ പറഞ്ഞത്രേ "നിന്റെ 3 മാർക്ക് കുറച്ചിട്ടുണ്ട്. പേരന്റ്സിന് പോയി സർപ്രൈസായി കൊടുത്തേക്കാൻ''
എത്രമാത്രം മാനസിക പ്രയാസങ്ങൾ അനുഭവിച്ചു കാണും അവൻ.
ഇതിനൊന്നും ഒരു വിശാലഐക്യവും കൂടെ ഉണ്ടാവില്ല.. കാരണം അവരൊക്കെ പട്ടിണി പാവങ്ങളാണ്. സമൂഹത്തിൽ ഇപ്പോഴും അയിത്തം കൽപ്പിക്കുന്ന കുഞ്ഞുങ്ങളാണ്.
ഉത്തരേന്ത്യൻ അഞ്ചു വയസ്സുള്ള കുഞ്ഞിനെ കെട്ടി തൂക്കിയിട്ട് അടിച്ചപ്പോൾ അവർക്ക് നൊന്തില്ല..
ഏഴാം ക്ലാസുകാരനെ ചാണകം പാത്രത്തിൽ വിളിമ്പി തീറ്റിച്ചപ്പോൾ അവർ മൗനം പാലിച്ചു.
കേരളത്തിൽ പ്രത്യക്ഷത്തിൽ തന്നെ ഒരുപാട് ജാതിവെറിയന്മാരുണ്ട്.. ഇന്നും.. നാളെയും ഉണ്ടാവും.
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ..
ആത്‍മഹത്യ ചെയ്താൽ നഷ്ടം നിങ്ങളുടെ മാതാപിതാക്കൾക്ക് മാത്രമാണ്. ബാക്കിയൊക്കെ നാളെ മറ്റൊരു ഇരകൂടി കിട്ടുംവരെ മറവിയിലേക്ക് പിന്തള്ളപ്പെടും.
നവകേരളത്തിലും ഒരുപാട് ജാതിവെറിയന്മാരുണ്ട്.. കാല് കഴുകി പാദസേവ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു. എല്ലാവരെയും പോലെ ചെയ്യുന്ന ജോലിക്ക് അവരും കാശ് വാങ്ങുന്നു. അതിലപ്പുറം ഒന്നുമില്ല.
ഒരുപാട് നല്ല അദ്ധ്യാപകർക്ക് നാണക്കേടാണ് ഇക്കൂട്ടർ.
പക്ഷേ ഈ "നല്ല" ചാർത്തിയ ഒരെണ്ണം പോലും ഇതിനെതിരെ മിണ്ടില്ല..
പഴയകാലമല്ല.. ഇന്ന് ഒരുവിധം കുട്ടികളും പക്വതയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. ഇക്കാലത്ത് നമ്മുടെ നാട്ടിൽ ഏതൊരു പോലീസ് സ്റ്റേഷനിലും നേരിട്ട് ചെന്ന് ധൈര്യപൂർവ്വം പരാതി നൽകാനുള്ള സംവിധാനമുണ്ട്. വിദ്യാഭ്യാസ മന്ത്രിയല്ല, മുഖ്യമന്ത്രിയോട് പോലും നേരിട്ട് പരാതി നൽകാനോ സംവദിക്കാനോയുള്ള സംവിധാനമുണ്ട്. ചിലപ്പോൾ അവരും പിടിച്ചു നിൽക്കാൻ കഞ്ചാവ് ആണെന്ന് പോലും ആക്ഷേപിക്കാൻ മടിക്കില്ല.
ആ പ്രിൻസിപ്പാളിനെ പോലും പ്രതി ചേർക്കാനുള്ള നിയമവ്യവസ്ഥയുണ്ട്. അതൊന്നും കഴിഞ്ഞില്ലെങ്കിൽ ചുരുങ്ങിയത് സമുദായിക നേതാക്കളെയെങ്കിലും വിവരം അറിയിക്കണം.
മരിച്ചു കഴിഞ്ഞിട്ട് കുറെ ആദരാഞ്ജലി പോസ്റ്റുകളോടെ സമൂഹത്തെ എത്ര വിഷമിപ്പിച്ചാലും ഇതിനൊരു അറുതി വരില്ല..
കേരളത്തിൽ ജാതി വിവേചനത്തിന് ഇരയായ നിധിൻ രാജിന് നീതി കിട്ടട്ടെ..?
എന്ത് നീതി?

ഷൈജ എം. എസ്സ്

