എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്.
കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എഡിഎമ്മിന്‍റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്ന് വിശദമായ അന്വേഷണം വേണം. കലക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എഡിഎമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സിസിടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു.
മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് അടക്കമുളള തുടർനടപടികളിലെ വീഴ്ചയും മനപൂർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ അടുത്ത മാസം മൂന്നിന് വിധി പറയും.
ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നുമാണ് കുടുംബത്തിൻ്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി. കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു.