എന്‍ പത്ര മിത്രങ്ങളെ വീണ്ടും ഞാന്‍ എത്തിച്ചേര്‍ന്നീ
സായിപ്പിന്‍ രാജ്യത്തെന്‍ മക്കളോടൊത്തുചേരാന്‍
പിന്നിട്ട അല്പകാലം നാട്ടിലായിരുന്നു ഞാന്‍
നിങ്ങള്‍ക്ക് യാത്ര ചൊല്ലി പോയതിന്നോര്‍മ്മയുണ്ടോ?
എന്‍ പ്രേമഭാജനം 'ടീച്ചറാം' ഏലിയാമ്മ
എന്നെ പിരിഞ്ഞന്ത്യ വിശ്രമം കൊള്‍വൂ നാട്ടില്‍
ഞാനിന്നേകാന്ത പഥികനാണെങ്കിലും മിത്രങ്ങളേ
ജീവിത പങ്കാളിയെ മറക്കാന്‍ കഴിയുമോ?
ദ്വിഭാഷാ പണ്ഡിതയായിരുന്നേലിയാമ്മ
മാതൃഭാഷയില്‍ ഒപ്പം ദേശീയഭാഷയിലും
രണ്ട് ഭാഷയും നന്നായ് കൈകാര്യം ചെയ്തിരുന്നതിനാല്‍
കുട്ടികള്‍ക്കെല്ലാം ടീച്ചറമ്മയായിരുന്നവള്‍
ആയിരങ്ങള്‍ക്കവള്‍ വിദ്യാധനം പകര്‍ന്നു
ശ്രേഷ്ഠമാം ജീവിത മാതൃക കാഴ്ചവെച്ച്
ആര്‍ഭാടരഹിതമാം ജീവിതം നയിച്ച താന്‍
എത്തേണ്ടിടത്തെത്തി അന്ത്യവിശ്രമം കൊള്‍വൂ
എണ്‍പതും അഞ്ചും വര്‍ഷം പിന്നിട്ട ജീവിതത്തില്‍
ഒട്ടേറെ കുന്നുകള്‍ കുഴികളും താണ്ടിയെന്നാലും
ഒന്നിലും പതറാതിന്നോളം നടത്തിയ
സര്‍വ്വ വല്ലഭാ പ്രഭോ അങ്ങേയ്ക്കു നമോ-വാകം
മക്കള്‍, ചെറുമക്കള്‍, കുഞ്ഞുമക്കളും ചേര്‍ന്നു ഞങ്ങള്‍
പിന്നിട്ട ദിനങ്ങള്‍ എന്നോര്‍മ്മയില്‍ മായാതുണ്ട്
ജീവിത സായാഹ്നത്തില്‍ ദുഃഖങ്ങള്‍ ഉണ്ടെന്നാലും
സന്തോഷം പകരുന്നോര്‍ കൂടെയുണ്ടെപ്പോഴും.
ഞാനിന്നു ബലഹീനനെങ്കിലും എന്‍ ചാരത്ത്
ശക്തനാക്കുന്നവന്‍ സദാ നില്‍ക്കുന്നതറിയുന്നു ഞാന്‍
എന്‍ കരം പിടിച്ചവന്‍ നടത്തും അന്ത്യത്തോളം
വാക്കുമാറുന്നോനല്ല വാക്കു പാലിക്കുന്നോനവന്‍
എന്‍ പ്രിയ മിത്രങ്ങളേ പുകഴാന്‍ ഒന്നുമേയില്ല
ഈശന്‍റെ കരങ്ങളില്‍ കളിപ്പാവകള്‍ നമ്മള്‍
ഈശനെ കൂടാതൊന്നും സാദ്ധ്യമല്ലറിയേണം
തന്‍ ഹിതത്തിനായി നമ്മെ ഏല്പിച്ച് മുന്നേറിടാം.

എന്‍.റ്റി.ജെ. കല്ലിശ്ശേരി

