PRAVASI

ഞങ്ങള്‍ക്കുണ്ടായ കാറപകടവും തമ്പാന്‍റെ രക്ഷാ ദൗത്യവും

Blog Image

1.    ഡോ. എം. ആര്‍. തമ്പാന്‍ @അശീതി
        ബുധനാഴ്ച (2025 നവംബര്‍ 19) വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ ഒരു സുഹൃദ് സംഘം  ഒരുമിച്ചു കൂടി ഡോ. എം. ആര്‍. തമ്പാന്‍റെ അശീതി ആഘോഷിച്ചു. 80 വയസ്സിന്‍റെ നിറവില്‍ പുഷ്പ കിരീടം ചൂടി സ്റ്റേജില്‍ നിന്ന അദ്ദേഹത്തെ പൊന്നാട അണിയിച്ചും, പ്രശംസാവചനങ്ങള്‍ ചൊരിഞ്ഞും, ആശംസകള്‍ അര്‍പ്പിച്ചും  ആദരിച്ചവര്‍ അനവധി. സാഹിത്യകാരന്‍, എഡിറ്റര്‍, സംഘാടകന്‍, പ്രോത്സാഹകന്‍,, ഭരണകര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍  അറിയപ്പെടുന്ന ഡോ. തമ്പാന്‍ എന്നും ഉദാരമനസ്കനും  പരസഹായിയും ആയിരുന്നതു കൊണ്ടു കൂടിയാണ് എല്ലാ ചേരിതിരവുകള്‍ക്കും  മേലെ നില്ക്കുന്ന ഒരു വലിയ   കൂട്ടായ്മയുടെ   സ്നേഹാദരവുകള്‍ക്ക് അദ്ദേഹം അര്‍ഹനാകുന്നത്.'നീര്‍ച്ചാലിനരികെ നട്ട ഒലിവ് മരം' പോലെ  ഫലസമൃദ്ധമായിരുന്നു  തമ്പാന്‍റെ സാഹിതീ സപര്യ.
              കേരള ഭാഷാ ഇന്‍സ്ടിട്യൂട്ടിന്‍റെയും കേരള സംസ്ഥാന  സര്‍വ വിജ്ഞാന  കോശം ഇന്‍സ്റ്റിട്യൂട്ടിന്‍റെയും  ഡയറക്ടര്‍,  ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ  പത്രാധിപര്‍, നെഹ്റു സെന്‍റര്‍ പോലുള്ള  എത്രയോ  സാമൂഹ്യ, സാംസ്കാരിക പ്രസ്ഥാനങളുടെ   ഭാരവാഹി എന്നീ   നിലകളില്‍  സ്തുത്യര്‍ഹമായ  സേവനം കാഴ്ച്ചവച്ചിട്ടുള്ള തമ്പാന്‍റെ ബഹുമുഖ വ്യക്തിത്വം, څകേരളത്തിലെ മികച്ച പ്രസാധകനുچള്ള ദര്‍ശന അവാര്‍ഡും, എം. പി. വീരേന്ദ്ര കുമാര്‍  സാഹിത്യ പുരസ്കാരവും പോലുള്ള ധാരാളം അംഗീകാരങ്ങളാല്‍ ആദരിക്കപ്പെട്ടിട്ടുണ്ട്.28 കൃതികളുടെ രചയിതാവും, നാലായിരത്തോളം കൃതികളുടെ എഡിറ്ററും, അഞ്ഞൂറില്‍പ്പരം കൃതികളുടെ അവതാരികാ കാരനുമായ  അദ്ദേഹത്തിന്‍റെ അക്ഷരപൂജ, ജീവിതത്തില്‍  ഒരു   നിമിഷം പോലും പാഴാക്കാതെയുള്ള സര്‍ഗ്ഗപ്രവര്‍ത്തനത്തിലൂടെ,  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടായിത്തീര്‍ന്നു.
                എന്നാല്‍, അശീതി ആഘോഷിക്കുന്ന വേദിയില്‍ ഇരിക്കുമ്പോള്‍ ഇതൊന്നുമായിരുന്നില്ല എന്‍റെ മനസ്സില്‍ നിറഞ്ഞു തുളുമ്പിയത്. ആ നിമിഷങ്ങളില്‍ ഞാനും ജാന്‍സിയും   ഓര്‍മ്മച്ചിറകുകള്‍  വിടര്‍ത്തി, കായംകുളത്തു പറന്നിറങ്ങി. ഞങ്ങളുടെ ജീവിതത്തെ തമ്പാന്‍റെ ജീവിതവുമായി ബന്ധിപ്പിക്കുന്ന കഥയുടെ രംഗഭൂമിയാണവിടം. കഥ നടന്നത്  2001  ഏപ്രില്‍  ഇരുപത്തിയേഴാം   തീയതി.
2. ഓര്‍മ്മയില്‍  നോവുന്നത്  മറക്കാന്‍ കഴിയാതെ
        ഞാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന കാലം. പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമുള്ള   അനുവാദം, ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം,എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനങ്ങള്‍ക്കുള്ള അംഗീകാരം, ഹൈക്കോടതിയില്‍ നൂറു കണക്കിനു കേസുകള്‍ ڊ എല്ലാം കൂടി ഒരു ഹെര്‍ക്കൂലിയന്‍  യജ്ഞമായിരുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പൊതിച്ചോറു കെട്ടി ഓഫീസിലേക്ക് കുതിച്ചിട്ടും എന്നും  കിതപ്പു  തന്നെ! ഭാര്യക്കും മക്കള്‍ക്കും വേണ്ടി വല്ലപ്പോഴും ഒരു ദിവസം മാറ്റിവയ്ക്കണമെന്ന അവരുടെ ഡിമാന്‍ഡിനു വഴങ്ങി, ഒരു മാറ്റത്തിനായി, ആ ദിവസം, ഞാന്‍ അവരെയും കൂട്ടി എറണാകുളത്തേക്ക് പുറപ്പെട്ടു. കൂടെ ഓഫീസ് ഡ്രൈവര്‍ പാടില്ല, ഗവണ്മെന്‍റ് ഗസ്റ്റ് ഹൌസില്‍ താമസം പാടില്ല ڊ ഇതു രണ്ടുമായിരുന്നു, സ്വകാര്യതക്കു വേണ്ടി  മക്കള്‍ മുന്നോട്ടു വച്ച നിബന്ധനകള്‍.
               വൈകുന്നേരം  യാത്ര തുടങ്ങുമ്പോള്‍, എന്നെക്കാള്‍ ഭംഗിയായി കാറോടിക്കാറുള്ള  ഭാര്യ  ജാന്‍സിയും  മൂത്ത മകള്‍ തുഷാരയും മാറി മാറി ആവശ്യപ്പെട്ടിട്ടും  ഡ്രൈവറുടെ സീറ്റ് വിട്ടുകൊടുക്കാന്‍ എന്‍റെ ദുരഭിമാനം അനുവദിച്ചില്ല. ഒരു പുരുഷ കേസരി കാറിലുള്ളപ്പോള്‍ 'ഫെമിനിച്ചി'കള്‍ സ്റ്റിയറിങ്  പിടിക്കുകയോ? ഹേ, വേണ്ട! ഓഫീസില്‍ നിന്ന് കൂടെ   കൂടിയിട്ടുള്ള   ക്ഷീണമൊന്നും  ഒരു പ്രശ്നമേ  അല്ല.
        എന്നാല്‍, കായംകുളത്തെത്തിയപ്പോള്‍,  ക്ഷീണം കേസരിയുടെ  കണ്‍പോളകളിലേക്കു പടര്‍ന്ന നിമിഷാര്‍ദ്ധത്തില്‍, കാര്‍ ഒരു കലുങ്കില്‍ ഇടിച്ചു നിന്നു. കാറിനുള്ളില്‍ എന്തൊക്കെയോ സംഭവിച്ചു. എന്‍റെ മുന്‍നിരയിലെ നാലു പല്ലുകള്‍ പൊട്ടിപ്പോകുകയും അഞ്ചു വാരിയെല്ലുകള്‍ ഒടിയുകയും  ചെയ്തു എന്ന് പിന്നീട് മനസ്സിലായി. ബോധരഹിതനായി  വീണ എന്‍റെ സീറ്റ്  പിന്നോട്ടൊടിഞ്ഞു  വീണ് തുഷാരയുടെ നെറ്റിയില്‍ ഏല്പിച്ച മുറിവിന്‍റെ പാട്  ഇന്നും ഒരോര്‍മ്മക്കുറിപ്പായി അവശേഷിക്കുന്നു. ജാന്‍സി കാറില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. കാരണം, വലതു കാലിന്‍റെ തുടയെല്ല് ഒടിഞ്ഞതിനാല്‍ കാലുകുത്താനാവുന്നില്ല. ഇളയ മക്കളായ തരുണും അമൃതയ്ക്കും കാര്യമായ പരിക്കുകള്‍  ഏറ്റിരുന്നില്ല. ഒന്‍പതു മണിക്കടുത്താണ് സംഭവം. നാട്ടുകാര്‍ ഓടിക്കൂടി ഞങ്ങളെ അടുത്തുള്ള സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചു.
3. തമ്പാന്‍റെ  വരവും ആംബുലന്‍സിന്‍റെ കുതിപ്പും 
     എം. എം. ഹസ്സന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്  ആ വഴി വരാനിടയായ എം. ആര്‍. തമ്പാന്‍, കാറിന്‍റെ നമ്പര്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍, അപകടത്തില്‍ പെട്ടത് തിരുവനന്തപുരത്തുള്ള കാര്‍ ആണെന്ന് മനസ്സിലാക്കി, യാത്രികര്‍ ആരെന്നറിയാന്‍ ആസ്പത്രിയിലെത്തി. എനിക്കു ബോധമില്ല, ജാന്‍സി കാലനക്കാന്‍   വയ്യാതെ വേദനിച്ചു നിലവിളിക്കുന്നു, തുഷാരയുടെ നെറ്റിയില്‍ 'സ്റ്റിച്ച് '  ഇടുന്നു. പരസ്പരം അറിയാമെങ്കിലും,  ഞങളും തമ്പാനും തമ്മില്‍  അത്ര അടുപ്പമൊന്നുമുണ്ടായിരുന്നില്ല . എങ്കിലും, ആരുടേയും അനുവാദത്തിനു കാത്തുനില്ക്കാതെ, ആംബുലന്‍സ് വരുത്തി, അദ്ദേഹം ഞങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
             ڇജിമ്മിനു ശ്വാസമുണ്ടോന്നു നോക്കണേ,ڈ എന്നു വിലപിച്ചുകൊണ്ടിരുന്ന  ജാന്‍സിയെ നല്ല വാക്ക് പറഞ്ഞ് ആ ശ്വസിപ്പിക്കുന്നതിനിടെ, അദ്ദേഹം സുഹൃത്തുക്കളെ വിളിച്ച്, ഞങ്ങള്‍ക്കു മെഡിക്കല്‍  കോളേജില്‍  അടിയന്തിര ശ്രദ്ധയും ശുശ്രൂഷയും കിട്ടാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരുന്നു. ബോധമറ്റു  കിടക്കുന്ന ഞാന്‍ ഇടയ്ക്കിടെ 'സെറ്റ്, സെറ്റ് ' എന്നു പിറുപിറുത്തുകൊണ്ടിരുന്നു   എന്നു തമ്പാന്‍ പിന്നീട് പറഞ്ഞു.
               ഹയര്‍ സെക്കണ്ടറി  അദ്ധ്യാപക നിയമനത്തിന് 'സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ' (SET) ഒരു യോഗ്യതയായി നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ കേസ് നടക്കുന്ന സമയമായിരുന്നു അത്. കോളേജ് അധ്യാപക നിയമനത്തിനു നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) ഉള്ളതുപോലെ  ഹയര്‍ സെക്കണ്ടറി അധ്യാപക നിയമനത്തിന്  SET  ഏര്‍പ്പെടുത്തണം എന്നുള്ളത് എന്‍റെ നിര്‍ദേശമായിരുന്നു. അഴിമതി കുറക്കാനും, അധ്യാപകരുടെ ക്വാളിറ്റി ഉറപ്പു വരുത്താനും ഇതു സഹായകമാകും എന്നായിരുന്നു എന്‍റെ വാദം. സ്കൂള്‍ അധ്യാപകരില്‍  നിന്നു നിയമിക്കപ്പെടുന്നവര്‍ക്ക് ഇതു ബാധകമാക്കരുതെന്നു വാശി പിടിക്കുന്ന  അധ്യാപക സംഘടനാനേതാക്കളുമായി  തര്‍ക്കം നടക്കുന്നതിനിടെ വിഷയം ഹൈക്കോടതിയിലുമെത്തിയതിനാല്‍   ആ ദിവസങ്ങളില്‍ എന്നെ ഏറെ അലട്ടുന്ന ഒരു പ്രശ്നമായി 'സെറ്റ് ' മാറിയിരുന്നു.  'പ്ലസ് റ്റു ' എന്‍റെ ശ്വാസത്തില്‍പോലും എത്ര മാത്രം അലിഞ്ഞു ചേര്‍ന്നിരുന്നു എന്ന് ആ ആംബുലന്‍സ് യാത്ര വ്യക്തമാക്കി!
                   തമ്പാന്‍റെ അവസരോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍, ആരാലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ, ഞങ്ങള്‍ കായംകുളത്തു ' സുവര്‍ണ്ണ മണിക്കൂറുകള്‍ ' പാഴാക്കി, എല്ലാം 'കുള' മാക്കിയേനെ. യാത്രയ്ക്കിടയില്‍ അദ്ദേഹം വേണ്ടപ്പെട്ടവരെയൊക്കെ ബന്ധപ്പെട്ടിരുന്നതിനാല്‍, മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ എത്തുമ്പോള്‍, വിദഗ്ധ മെഡിക്കല്‍ ടീമും ഓപ്പറേഷന്‍ തീയേറ്ററുമൊക്കെ  'റെഡി' യായിരുന്നു ڊ ഒട്ടേറെ സുഹൃത്തുക്കളും.
4. സി.എഫ്.എഫും ആനന്ദ ബോസും ആസ്പത്രിയില്‍
            എന്‍റെ സുഹൃത്തുക്കള്‍ പലരും അവിടെ എത്തിയത് ജോണി വഴിയായിരുന്നു. ശ്രീകാര്യത്ത് ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള കുടുംബങ്ങളിലൊന്നാണ് ഞാറക്കുന്നേല്‍ എന്‍.എ.ജോണിന്‍റേത്. സ്വന്തം സഹോദരങ്ങളെ എന്ന പോലെ പരസ്പരം കരുതുന്ന 30 കുടുംബങ്ങളുടെ ഒരു സംഘടനയുണ്ട്, ഞങ്ങള്‍ വസിക്കുന്ന ശ്രീകാര്യത്ത് - ക്രിസ്ത്യന്‍ ഫാമിലി ഫെലോഷിപ്പ് (CFF). അതിന്‍റെ നെടുംതൂണാണ് ജോണി. അദ്ദേഹത്തിന്‍റെ രണ്ടു മക്കളും എന്‍റെ ഇളയ മക്കളായ അമൃതയും തരുണും സമപ്രായക്കാരായതിനാല്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ നല്ല ഇഴയടുപ്പമാണ്. അപകടശേഷം ആരൊക്കെയോ കൂടി ഞങ്ങളെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള ഒരു വീട്ടിലെ ദമ്പതിമാര്‍ തരുണിനെയും അമൃതയെയും അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. മരവിച്ചു നില്ക്കുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിനിടയില്‍ ഞങ്ങളുടെ ബന്ധുക്കളെയോ മിത്രങ്ങളെയോ വിവരമറിയിക്കണമല്ലോ എന്ന ചിന്ത ആ ദമ്പതികള്‍ക്കുണ്ടായി. ആരുടെയെങ്കിലും  ഫോണ്‍ നമ്പര്‍ അറിയാമോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ അമൃത ജോണിയുടെ നമ്പര്‍ പറഞ്ഞുകൊടുത്തു. അതൊരു നല്ല څലീഡ് څ ആയി. അവര്‍ ജോണിയെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. സി.എഫ്.എഫിലെ മറ്റ് അംഗങ്ങളെ മാത്രമല്ല, എന്‍റെ ആത്മ മിത്രം ആനന്ദ ബോസിനെയും (ഇപ്പോള്‍ ബംഗാള്‍ ഗവര്‍ണര്‍) ജോണി വിളിച്ചു. അന്ന് ഐ.എ.എസ് ഓഫീസറായിരുന്ന ബോസ് ഭാഗ്യവശാല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ബോസും ഭാര്യ ലക്ഷ്മിയും, അവര്‍ വഴി വിവരമറിഞ്ഞ മറ്റ് സ്നേഹിതരും മെഡിക്കല്‍ കോളേജിലേയ്ക്കോടി. അവിടത്തെ ഒരുക്കങ്ങള്‍ ബോസ് കോ-ഓര്‍ഡിനേറ്റ് ചെയ്തു. സി.എഫ്.എഫിലെ ഞങ്ങളുടെ സഹോദരങ്ങള്‍ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിലെത്തി കാത്തിരുന്നു. ലക്ഷ്മിയും സി.എഫ്.എഫിലെ സഹോദരിമാരായ ഡെയ്സിയും ലിസയും  മറ്റും ആ സമയത്തു ജാന്‍സിക്കു നല്കിയ പത്തരമാറ്റുള്ള ശ്രുശ്രൂഷയെ കുറിച്ച് അവള്‍ പലപ്പോഴും വാചാലയാകാറുണ്ട്. ഡയറക്ടര്‍ക്കുണ്ടായ അത്യാഹിതത്തെകുറിച്ചു കേട്ട് ഞെട്ടിപ്പോയ ചില സഹപ്രവര്‍ത്തകര്‍ - മത്തായി ലൂക്കോസും രാജീവും മറ്റും - കേട്ടപാടെ മെഡിക്കല്‍ കോളേജിലേയ്ക്കു പാഞ്ഞ കഥയും പിന്നീട്, ബോധം വീണ്ടുകിട്ടിയ ശേഷം, ഞാന്‍ കേട്ടു.
                 എനിക്കു ബോധം വീണ്ടുകിട്ടിയത് പിറ്റേന്നാണ്. ജാന്‍സിയുടെ ഒടിഞ്ഞ തുടയെല്ല് കൂട്ടി യോജിപ്പിച്ച്  ' സ്ക്രൂ'  ചെയ്യാന്‍ നിക്ഷേപിച്ച ലോഹ പ്ലേറ്റുകള്‍ ഇപ്പോഴും അവിടെയുണ്ട്. ( അങ്ങനെ അന്ന് ഒരു '  ഉരുക്കു വനിത' ആയിത്തീര്‍ന്നതിനാലാണ് , പിന്നീട്, അതുവരെ പുരുഷന്മാര്‍ മാത്രം നിയമിക്കപ്പെട്ടിട്ടുള്ള  വൈസ് ചാന്‍സലര്‍  പദവിയിലേക്ക് പരിഗണിക്കപ്പെടുകയും,  കേരളത്തിലെ  ആദ്യ വനിതാ വൈസ് ചാന്‍ സലറായി തീരുകയും ചെയ്തത്  എന്ന്  ഞങ്ങള്‍ തമാശ പറയാറുണ്ട്.) എന്‍റെ പൊട്ടിപ്പോയ പല്ലുകള്‍ക്കു   പകരം   കൃത്രിമ പല്ലുകള്‍ വയ്ക്കുകയും,   ഒടിഞ്ഞ വാരിയെല്ലുകള്‍ രണ്ടാഴ്ചത്തെ വിശ്രമം കൊണ്ടു  കൂടിച്ചേരുകയും ചെയ്തെങ്കിലും, ജാന്‍സിക്ക്  ആറു മാസത്തെ പീഡാനുഭവമായിരുന്നു വിധി. കാലിന്‍റെ സ്ഥിതി ഒരിക്കലും പഴയതുപോലെ ആകില്ലെന്നു ഭയപ്പെട്ട  അവള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നേരെ നിന്നു ക്ലാസ്സ് എടുക്കാനോ, സെമിനാറുകളിലും  മറ്റും പങ്കെടുക്കുന്നതിനു യാത്ര ചെയ്യാനോ  ഇനി ഒരിക്കലും സാധിക്കില്ലല്ലോ എന്ന്  സങ്കടപ്പെട്ടിരുന്നു 

5. സമാശ്വാസത്തിന്‍റെ സരണി
        ഓഫീസില്‍ നിന്ന് വളരെ വൈകി വീട്ടിലെത്തിയിരുന്ന ഞാന്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ചു സമയം ഭാര്യയുടെ അടുത്തിരുന്ന്  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുപോന്നു. ആ ദിവസങ്ങളിലാണ് ഞാന്‍ എന്നെ കുറിച്ച് ഒരു കാര്യം മനസ്സിലാക്കിയത് ڊ വിഷമിക്കുന്നവരെ   ആശ്വസിപ്പിക്കേണ്ടത്  എങ്ങനെ  എന്ന് എനിക്കറിയില്ല! സ്റ്റേജില്‍ മൈക്കിനു പിന്നില്‍ നിന്നു പ്രസംഗിക്കുന്നതു പോലെയല്ല, വേദന അനുഭവിക്കുന്ന ആളിനോട് സംസാരിക്കേണ്ടത് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ദിവസം മറക്കാനാവില്ല.  ആ ദിവസം,If  winter comes, can spring be far behind?"," എന്ന  വരി  പി. ബി. ഷെല്ലിയുടെ Ode to the West Wind   എന്ന കവിതയില്‍  നിന്ന് ഉദ്ധരിച്ച്  ജാന്‍സിക്കു പ്രത്യാശ പകരാന്‍ ശ്രമിച്ചപ്പോള്‍  അവള്‍ പറഞ്ഞു: "എനിക്ക് ഇതിനേക്കാള്‍ നല്ല  ഉദ്ധരിണികള്‍ അറിയാം. ദയവായി പ്രസംഗം നിര്‍ത്തണേ."അതിനു ശേഷമുള്ള ദിവസങ്ങളില്‍, ഒരു  മൗനി ബാബയായി  അടുത്തിരുന്ന്,  മൃദുലസ്പര്‍ശം  കൊണ്ട്  അവളെ സമാശ്വസിപ്പിക്കാന്‍ കൂടുതല്‍ സമയം നീക്കിവച്ചു, മധുരഭാഷണത്തിന്‍റെ മേമ്പൊടിയോടെ.
                 എന്നാല്‍, ജാന്‍സിക്ക് മെച്ചപ്പെട്ട ഒരു സമാശ്വാസം മനോരമയിലെ ജോണി ലൂക്കോസില്‍  നിന്നു ലഭിച്ചു. ചികിത്സയും ഫിസിയോതെറാപ്പിയും  വിശ്രമവുമൊക്കെ നടക്കുന്നതിനിടയില്‍   ചെയ്യാന്‍ പറ്റിയ ഒരു ജോലി ജോണി നിര്‍ദേശിച്ചു. അങ്ങനെ   അടുത്ത ആഴ്ച മുതല്‍ Word Power    എന്ന കോളം  മനോരമക്കു വേണ്ടി ജാന്‍സി എഴുതി തുടങ്ങി. വേദന മറക്കാനും, ഭാവിയെ  കുറിച്ചുള്ള  ഭയാശങ്കകളെ മാറ്റി നിര്‍ത്താനും  ഈ  ദൗത്യം എത്രമാത്രം സഹായിച്ചു എന്ന് ജാന്‍സി എന്നും നന്ദിയോടെ ഓര്‍ക്കുന്നു. രണ്ടര വര്‍ഷത്തിലേറെക്കാലം  മനോരമയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ആ ലേഖനങ്ങള്‍ സമാഹരിച്ച്, മനോരമ ബുക്സ്, 2022 ല്‍  Word Power    എന്ന പുസ്തകം പ്രസിദ്ധീകരിച്ചു എന്നതും സന്തോഷപ്രദമായ ഒരു ഓര്‍മ്മ!
6. നല്ല സമരിയാക്കാരന്‍
          വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തില്‍  യേശു ക്രിസ്തു നല്ല സമരിയാക്കാരന്‍റെ ഉപമ പറയുന്നുണ്ട്. കവര്‍ച്ചക്കാരാല്‍  ആക്രമിക്കപ്പെട്ട്, വഴിവക്കില്‍ അര്‍ദ്ധപ്രാണനായി കിടന്ന യാത്രക്കാരനോട്  'കരുണ കാട്ടിയ ' 'നല്ല സമരിയാക്കാരനെ'  പോലെ, ഡോ. തമ്പാന്‍ അന്ന് അര്‍ദ്ധപ്രാണരായി ആസ്പത്രിയില്‍  കിടന്ന ഞങ്ങളോട് കരുണ കാട്ടിയില്ലായിരുന്നെങ്കില്‍, ഞങ്ങളുടെ ജീവിതകഥ, ഒരു പക്ഷേ, വേറൊരു വഴിയ്ക്കാകുമായിരുന്നു. അര്‍ദ്ധപ്രാണനായി  കിടക്കുന്ന  യാത്രക്കാരനെ കണ്ടിട്ടും മറുവശത്തുകൂടെ കടന്നു പോയ പുരോഹിതനെയും  ലേവായനെയും  പോലുള്ളവരാണ് ഏറെയും. അവര്‍ പരത്തുന്ന അന്ധകാരത്തെ നീക്കുന്നത് ഡോ.തമ്പാനെ പ്പോലെയുള്ള പ്രകാശഗോപുരങ്ങളാണ്. പ്രകാശമാനമായ പാതയിലൂടെ, ഇനിയും ദീര്‍ഘനാള്‍, സര്‍ഗ്ഗചൈതന്യം നിലനിര്‍ത്തി, കരുതലും കരുണയും നിറഞ്ഞ ഹൃദയത്തോടെ ചരിക്കുവാന്‍  തമ്പാനെ ദൈവം അനുഗ്രഹിക്കട്ടെ.

ജയിംസ് ജോസഫ് കാരക്കാട്ട് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.