അങ്ങനെ ഒരു ഫൊക്കാനാ കണ്‍വന്‍ഷന്‍ കൂടി കഴിഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഇതില്‍ പങ്കെടുത്തവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്കി, കലയും സാഹിത്യവും സംഗീതവും വിഭവസമൃദ്ധമായ സദ്യയും നല്കി, ആഘോഷങ്ങള്‍ക്ക് ആഹ്ലാദപരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുവാനും പുതിയ ബന്ധങ്ങള്‍ തുടങ്ങുവാനുമുള്ള അസുലഭ നിമിഷങ്ങള്‍ക്ക് ഇതൊരു വേദിയായി.
അങ്ങനെ ഒരു ഫൊക്കാനാ കണ്‍വന്‍ഷന്‍ കൂടി കഴിഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഇതില്‍ പങ്കെടുത്തവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്കി, കലയും സാഹിത്യവും സംഗീതവും വിഭവസമൃദ്ധമായ സദ്യയും നല്കി, ആഘോഷങ്ങള്‍ക്ക് ആഹ്ലാദപരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുവാനും പുതിയ ബന്ധങ്ങള്‍ തുടങ്ങുവാനുമുള്ള അസുലഭ നിമിഷങ്ങള്‍ക്ക് ഇതൊരു വേദിയായി.
ഫൊക്കാനാ വാഷിങ്ടണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കി തീര്‍ക്കുവാന്‍ നേതൃത്വം നല്കിയ ഡോ. ബാബു സ്റ്റീഫന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വീറും വാശിയും 'വൈരാഗ്യവും' നിറഞ്ഞ ഒരു ഇലക്ഷനാണ് ഇത്തവണ നടന്നത്.
ജനറല്‍ ബോഡി യോഗം അലങ്കോലപ്പെടുത്തുവാന്‍ ഒരു കൂട്ടര്‍ കോപ്പുകൂട്ടുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ കേട്ടു തുടങ്ങിയിരുന്നു. അത് ശരിവെക്കുന്നതായിരുന്നു ചിലരുടെ തുടക്കത്തിലെ പ്രകടനം.
എന്നാല്‍, പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ ശക്തമായ നിലപാട് എടുത്തതോടെ, മൂന്നു സ്ഥാനാര്‍ത്ഥികളുടെയും സമ്മതത്തോടെ ഇലക്ഷന്‍ നടന്നു.
സജിമോന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പാനലിലെ എല്ലാവരും ഏകദേശം ഇരുനൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഭിനന്ദനങ്ങള്‍!
എന്നാല്‍, ഇലക്ഷനില്‍ പരാജയപ്പെട്ടവര്‍, അത് ഒരു sportsman sprit-ൽ അല്ല എടുത്തിരിക്കുന്നത്. പ്രസിഡണ്ട് തുടര്‍ച്ചയായി ഒരു ഏകാധിപതിയെപ്പോലെ പെരുമാറിയെന്നും കമ്മിറ്റിയുടെ അഭിപ്രയങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്കിയിരുന്നില്ലായെന്നുമാണ് പരാതി. ഇതു ശരിയാണെങ്കില്‍, ഈ പ്രശ്നം നേരത്തെ തന്നെ ഉന്നയിച്ച്, അത് പരിഹരിക്കുവാന്‍ ഫൊക്കാനായില്‍ നിരവധി സംവിധാനങ്ങളുണ്ടായിരുന്നു. അതൊന്നും ചെയ്യാതെ നിയമനടപടികളുമായി മുന്നോട്ടു പോകുവാനാണ് തീരുമാനം എന്നറിയുന്നു.
ഇപ്പോള്‍ നടന്ന ഇലക്ഷന്‍ ക്യാന്‍സല്‍ ചെയ്തിട്ട്, പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. കരയ്ക്കിരുന്ന് കളി കാണുന്നവര്‍ക്ക് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ പുച്ഛരസം കലര്‍ന്ന ഒരു ആനന്ദം തോന്നും. കോടതി വ്യവഹാരങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ചില 'സാഡിസ്റ്റ്' മനോഭാവക്കാരാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് പിന്നാമ്പുറ വാര്‍ത്ത.
അഞ്ചു ലക്ഷത്തിലധികം വരുന്ന അമേരിക്കന്‍ മലയാളികളില്‍, അയ്യായിരത്തില്‍ താഴെ വരുന്ന ജനങ്ങള്‍ക്ക് മാത്രമേ, ഫൊക്കാനാ, ഫോമാ എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുവാനുള്ള താല്പര്യമുള്ളൂ എന്നതാണ് വസ്തുത.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുക എന്ന ഒരൊറ്റ പരിപാടി മാത്രമേ അവര്‍ക്കുള്ളൂ.
പിന്നീട് ഈ സംഘടനകള്‍ എന്തു ചെയ്തു, എന്തു ചെയ്യുന്നു എന്നുള്ളതൊന്നും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പ്രശ്നമേയല്ല. അവരുടെ ദൈനംദിന ജീവിതത്തില്‍ മറ്റ് എന്തെല്ലാം ഉത്തരവാദിത്വപ്പെട്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനുണ്ട്. അതിനിടയിലാണ് ഒരു ഫൊക്കാനയും ഫോമയും എന്നു പറഞ്ഞ് കുറേ കൂട്ടര്‍ ഉറഞ്ഞുതുള്ളി നടക്കുന്നത്.
ഇനി കോടതി വ്യവഹാരം. 'ഒരു വാശിക്ക് എടുത്തു ചാടിയാല്‍ പത്തു വാശിക്ക് തിര്യെ കയറുവാന്‍ പറ്റുകയില്ല.' കോടതിമുറിയില്‍ കയറി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് അത്ര സുഖമുള്ള ഒരു ഏര്‍പ്പാടല്ല എന്ന് അനുഭവവെളിച്ചത്തില്‍ നിന്നുമറിയാം. നിനച്ചിരിക്കാത്ത നേരത്തായിരിക്കും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഇണ്ടാസ് എതിര്‍കക്ഷിയുടെ ഭാഗത്തു നിന്നും വരുന്നത്. അഭിഭാഷകര്‍ക്ക് upfront ആയിത്തന്നെ നല്ലൊരു തുക കൊടുക്കണം. പിന്നെ ഓരോ appearance പ്രത്യേകം.
വിജയപരാജയങ്ങള്‍ ആര്‍ക്കായാലും ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം ധനനഷ്ടവും മാനഹാനിയും കുടുംബകലഹവും ഫലം.
ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി, പുതിയൊരെണ്ണം നടത്തിയാല്‍ തന്നെ, തോറ്റവര്‍ ജയിക്കുമെന്നുള്ളതിന് എന്താണ് ഉറപ്പ്? ജയിച്ചാല്‍ തന്നെ, ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ടീമിനേക്കാള്‍ എന്തു കോപ്പാണ് അമേരിക്കന്‍ മലയാളികള്‍ക്ക് നിങ്ങള്‍ നല്കുവാന്‍ ഉദ്ദേശിക്കുന്നതി?
പിന്നെ, നിങ്ങള്‍ ഉദ്ദേശിക്കുന്നതു പോലെ ഈ പ്രസിഡണ്ട് പദവിയൊന്നും അത്ര വലിയ ആനക്കാര്യമൊന്നുമല്ല. പ്രസിഡണ്ടാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചുകൊണ്ട്, കൈയിലെ കാശും മുടക്കി തേരാപാരാ നടക്കാം. വല്ല ഓണത്തിനോ ചക്രാന്തിക്കോ പത്തു പേരുടെ കൂട്ടത്തില്‍ നിന്ന്, ഒരു തിരി കൊളുത്തി പത്രത്തില്‍ പടമടിച്ചു വരുത്താം അത്രതന്നെ! പകല്‍ രാജാവായി വാണരുളുന്ന സൂര്യന്‍റെ പ്രതാപം സന്ധ്യവരെ മാത്രം!
ഒന്നാലോചിച്ചു നോക്കൂ. എത്രയോ പേര്‍ ഈ പ്രസിഡണ്ട് പദവി അലങ്കരിച്ചിരിക്കുന്നു. അതില്‍ എത്ര പേരെ ഇന്നു നിങ്ങള്‍ക്ക് അറിയാം? ഏതെങ്കിലും സെക്രട്ടറിയെയോ ട്രഷററയെയോ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?
ഇത്രയേ ഉള്ളൂ ഈ പദവിയുടെ മാഹാത്മ്യം. അതുകൊണ്ട് കേസിനും വഴക്കിനുമൊന്നും പോകാതെ 'കത്തി താഴെ ഇടെടാ, നിന്‍റെ അച്ഛനാണ് പറയുന്നത്.'
കണ്ണുള്ളവര്‍ കാണട്ടെ!
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!
വിജയപ്രദമായ ഒരു കണ്‍വന്‍ഷന്‍ നടത്തിയ ഡോ. ബാബു സ്റ്റീഫനും ടീമിനും അഭിനന്ദനങ്ങള്‍! പുതുതായി തെരഞ്ഞെടുക്കപ്പെട്ട സജിമോന്‍ ആന്‍റണിക്കും ടീമിനും ആശംസകള്‍!
രാജു മൈലപ്ര